Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാണിജ്യയുദ്ധം തുടര്‍ന്ന് ട്രംപ്; ഇന്ത്യ 100% ഇറക്കുമതിച്ചുങ്കം ഒഴിവാക്കണം

Donald-trump

വാഷിങ്ടണ്‍∙ ഇന്ത്യക്കെതിരെ വാണിജ്യയുദ്ധം തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100% ഇറക്കുമതിച്ചുങ്കം ഈടാക്കുകയാണെന്നും ഇതു പൂര്‍ണമായി ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വിദേശ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് ട്രംപ് ഇന്ത്യക്കെതിരെ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചത്. നൂറു ശതമാനം വരെ ഇറക്കുമതിച്ചുങ്കം ചുമത്തുന്ന രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യ. അവര്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 100% തീരുവയാണു ചുമത്തുന്നത്. അത് ഒഴിവാക്കണം-ട്രംപ് പറഞ്ഞു. 

എല്ലാ തരത്തിലുള്ള തീരുവകളും നിയന്ത്രണങ്ങളും ഒഴിവാക്കാമെന്നു താന്‍ ജി-7 രാജ്യങ്ങള്‍ക്കു മുന്നില്‍ നിര്‍ദേശം വച്ചതാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഒരാളും അനുകൂലമായി പ്രതികരിച്ചില്ല. അതു കൊണ്ടു ചുങ്കം വര്‍ധിപ്പിക്കാന്‍ ഞങ്ങളും തീരുമാനിച്ചു. എല്ലാവര്‍ക്കും കൊള്ളയടിച്ചു കൊഴുക്കാനുള്ള ബാങ്കാണ് അമേരിക്ക. ഇനിയതു നടപ്പില്ല. കഴിഞ്ഞ വര്‍ഷം ചൈനയുമായുള്ള വ്യാപാരത്തില്‍ 500 ബില്യണ്‍ ഡോളറും യൂറോപ്യന്‍ യൂണിയനില്‍ 151 ബില്യണ്‍ ഡോളറുമാണ് അമേരിക്കയ്ക്കു നഷ്ടമുണ്ടായത്. അമേരിക്കയിലെ കര്‍ഷകര്‍ക്കു വ്യാപാരം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി മന്ത്രിതല ചര്‍ച്ചകള്‍ അടുത്താഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും ചര്‍ച്ചകള്‍ക്കായി അടുത്താഴ്ച അമേരിക്കയിലെത്തും. 

സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ ട്രംപ് തീരുമാനിച്ചതോടെയാണ് വാണിജ്യയുദ്ധത്തിനു തുടക്കമായത്. തുടര്‍ന്നു ചൈനയും യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും തുര്‍ക്കിയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചു തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അമേരിക്കയില്‍നിന്നു കൂടുതലായി ഇറക്കുമതി ചെയ്യുന്ന വിവിധ തരം ആപ്പിള്‍, ആല്‍മണ്ട്, വാള്‍നട്ട്്, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ തീരുവ വര്‍ധിപ്പിച്ചത്. അതേസമയം ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയതെന്ന് അമേരിക്ക പ്രതികരിച്ചു. മറ്റു രാജ്യങ്ങളുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. 

ജൂണ്‍ ഒന്നുമുതല്‍ സ്റ്റീലിന് 25%, അലൂമിനിയത്തിന് 15% എന്നിങ്ങനെയാണ് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇതോടെ അമേരിക്കന്‍ ഉല്‍പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് മുതല്‍ ബോര്‍ബോണ്‍ വിസ്‌കി വരെ തങ്ങളും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ വാണിജ്യമന്ത്രിമാര്‍ വ്യക്തമാക്കി.

കാനഡയാകട്ടെ നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ബദലായി ഏര്‍പ്പെടുത്തി. അമേരിക്കയില്‍നിന്നു വരുന്ന ബീഫ്, കോഫി, പ്ലൈവുഡ്, മിഠായി തുടങ്ങിയവയ്ക്കും സ്റ്റീലിനും അലൂമിനിയത്തിനുമാണ് ഇറക്കുമതിച്ചുങ്കം. അമേരിക്കന്‍ പന്നിയിറച്ചി, സോസേജ്, ആപ്പിള്‍, മുന്തിരി, ചീസ്, പോര്‍ക്ക്, സ്റ്റീല്‍ ഷീറ്റ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് മെക്‌സിക്കോയും അറിയിച്ചു. ലോകവാണിജ്യ സംഘടനയില്‍ (ഡബ്ല്യുടിഒ) അമേരിക്കന്‍ നടപടിക്കെതിരെ കേസ് കൊടുക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. രാജ്യാന്തര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് യുഎസ് നടത്തിയതെന്നാണു വാദം.