Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യാവിഭജനത്തിനു കാരണം കോൺഗ്രസ് വന്ദേമാതരം സെൻസർ ചെയ്തത്: അമിത് ഷാ

Amit Shah

കൊൽക്കത്ത ∙ പ്രീണന നയത്തിന്‍റെ ഭാഗമായി വന്ദേമാതരം സെൻസർ ചെയ്യാനുള്ള തീരുമാനം കോൺഗ്രസ് കൈക്കൊണ്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യാ വിഭജനം ഒഴിവാക്കാമായിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഡോ. ശ്യാമപ്രസാദ് മുഖർജി ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ ബങ്കിം ചന്ദ്ര ചതോപാധ്യായ അനുസ്മരണ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ. 

‘ദേശീയ ഗീതമായ വന്ദേമാതരം ഏതാനം ഖണ്ഡികകളായി സെൻസർ ചെയ്യാനുള്ള തീരുമാനം കോൺഗ്രസ് എടുത്തില്ലായിരുന്നെങ്കിൽ വിഭജനം ഒഴിവാക്കാമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെയോ രണ്ടു രാഷ്ട്രങ്ങള്‍ വേണമെന്ന മുസ്‌ലിം ലീഗ് വാദത്തെയോ ആണ് ഇന്ത്യാ വിഭജനത്തിനു കാരണമായി ചരിത്രകാരൻമാർ കുറ്റപ്പെടുത്തുന്നത്. എന്നാൽ വന്ദേമാതരം സെൻസർ ചെയ്യുക വഴി കോൺഗ്രസ് കൊണ്ടുവന്ന പ്രീണന രാഷ്ട്രീയ നയമാണ് ആത്യന്തികമായി രാജ്യത്തിന്‍റെ വിഭജനത്തിനു കാരണമായതെന്ന് എനിക്ക് ഉറപ്പാണ്. ഒരു മതവുമായോ വിശ്വാസവുമായോ വന്ദേമാതരത്തിനു ബന്ധമില്ല. അത് ഒരു സമൂഹത്തെയും പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നുമില്ല. രാഷ്ട്രവുമായി ജനതയെ ബന്ധിപ്പിക്കാനും ഉത്ഭവിച്ച പ്രദേശത്തെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കാനുമാണ് അതു ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വന്ദേമാതരത്തിലേക്കു മതത്തെ ഇടകലർത്തിയത് വലിയൊരു അപരാധമായിരുന്നു’ – അമിത്ഷാ പറ‍ഞ്ഞു. 

സ്വതന്ത്ര ഇന്ത്യയുടെ നയങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിക്കാതെ കേവലം പാശ്ചാത്യ അനുകരണങ്ങളാണെന്ന് മനസ്സിലാക്കിയതോടെയാണ് ഭാരതീയ ജനസംഘം രൂപീകരിക്കാൻ ഡോ. ശ്യാമ പ്രസാദ് മുഖർജി തീരുമാനിച്ചതെന്ന് അവകാശപ്പെട്ട അമിത് ഷാ, എത്ര വളർന്നാലും നമ്മുടെ വേരുകൾ നാം മറക്കരുതെന്നും ഇത്തരത്തിൽ അടിത്തറ വിസ്മരിക്കുന്ന സമൂഹങ്ങൾ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും അഭിപ്രായപ്പെട്ടു.