Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ കേരളത്തിലേക്കു വരുന്നു; പിന്നാലെ സംസ്ഥാന പ്രസിഡന്റുമെത്തും

Amit Shah

ന്യൂഡൽഹി ∙ ബിജെപി സംസ്ഥാന അധ്യക്ഷ നിയമനത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ, ‌പാർട്ടി അഖിലേ‌ന്ത്യാ അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമാണിത്. വിശദാംശങ്ങൾ രണ്ടു ദിവസത്തിനകം തയാറാകുമെന്നു ജനറൽ സെക്രട്ടറി മുരളീധർ റാവു പറഞ്ഞു. തിരുവനന്തപുരത്തു നടത്തുന്ന മുഴുദിന ചർച്ചകളിൽ എ‌ല്ലാ തലത്തിലുമുള്ള നേതാക്കളുമായി അമിത് ഷാ സംവദിക്കും.

തെക്കൻ കേരളത്തിലെ ആറു ലോക്സഭാ മണ്ഡലങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് അന്നു ചർച്ച ചെയ്യുക – തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ. അടുത്ത സന്ദർശനത്തിൽ മറ്റു മണ്ഡലങ്ങളെപ്പറ്റി ചർച്ചയുണ്ടാവും.

സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളുടെ ഭാഗമല്ല ഷായുടെ സന്ദർശനമെന്നാണു കേന്ദ്ര നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ, സന്ദർശനത്തിനു പിന്നാലെ അധ്യക്ഷ നിയമനം പ്രതീക്ഷിക്കാമെന്നു റാവു വെളിപ്പെടുത്തി. സംസ്ഥാനത്ത് ആർഎസ്എസും ബിജെപിയും തമ്മിലും ബിജെപിക്കുള്ളിലും നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിച്ചു തീരുമാനത്തിലെത്താനും അമിത് ഷാ ഉദ്ദേശിക്കുന്നുവെന്നാണ് ഇതു നൽകുന്ന സൂചന.

ഇന്നലെ ചെങ്ങന്നൂരിൽ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന നേതാക്കൾ യോഗം ചേർന്നു.

സഖ്യം വിപുലീകരിക്കാൻ നീക്കം

കേരളത്തിൽ പാർട്ടിയെയും എൻഡിഎ സഖ്യത്തെയും ശക്തിപ്പെടുത്തുന്നതിന് അടിത്തറ പാകുകയാണ് അമിത് ഷായുടെ മു‌ഖ്യലക്ഷ്യം. സംസ്ഥാനത്തു 16% വോട്ടുള്ള പാർട്ടി നിർ‌ണായക ശക്തിയായി രൂപപ്പെട്ടിരിക്കുന്നു. വിജയത്തിലേക്കുള്ള കുതിപ്പാണ് ഇനി ആർജിക്കേണ്ടത് - മുരളീധർ റാവു പറഞ്ഞു.