Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ച മാറ്റിവച്ചതിൽ ഖേദം, ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് യുഎസ്

India-US-flags

വാഷിങ്ടൻ ∙ ഇന്ത്യയുമായി നടത്താനിരുന്ന നിർണായക ഉഭയകക്ഷി (2+2) ചര്‍ച്ച അധികം വൈകാതെ തന്നെ ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ സ്ഥലത്തും സമയത്തും നടക്കുമെന്ന് യുഎസ്. ഇന്ത്യയുമായുള്ള ബന്ധം ട്രംപ് ഭരണകൂടം പ്രാധാന്യത്തോടെയാണു കാണുന്നതെന്നും ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളാൽ ചർച്ച മാറ്റിവയ്ക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഇന്നലെ ടെലിഫോണിൽ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതും സംഭാഷണത്തിൽ വിഷയമായി. 

കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണത്തെക്കുറിച്ചു വിശദമാക്കാൻ വിസമ്മതിച്ച യുഎസ് വക്താവ്, ഇന്ത്യയുമായുള്ള ശക്തമായ ബന്ധമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ‘യുഎസിന്‍റെ ദേശീയ സുരക്ഷയിൽ ഇന്ത്യക്കുള്ള മർമ പ്രധാനമായ സ്ഥാനം പ്രസിഡന്‍റിന്‍റെ ദേശീയ സുരക്ഷാ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ആഗോളശക്തിയായി വളരുന്ന ഇന്ത്യയെ നയതന്ത്ര തലത്തിലും പ്രതിരോധ തലത്തിലും കരുത്തുറ്റ ഒരു പങ്കാളിയായാണ് ഞങ്ങൾ കാണുന്നത്’ – വാർത്താ ഏജൻസിയായ പിടിഐയോട് യുഎസ് വക്താവ് പറഞ്ഞു.

ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിനെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിൽ ഭിന്നതകൾ ശക്തമാകുന്നതിനിടെയാണ് ഉഭയകക്ഷി ചർച്ച മാറ്റിവയ്ക്കാനുള്ള തീരുമാനം വന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപന്നങ്ങളിൽ നൂറു ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുകയാണെന്ന ആരോപണം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. അത്തരം തീരുവകൾ ഒഴിവാക്കി നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നവംബറോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്നും അമേരിക്ക നിർദേശിച്ചിരുന്നു. 

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക–വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെ പരിഹരിക്കാനുള്ള നിർണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്.