Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിപൊളിയാകും ഇനി ചെന്നൈ എയർപോർട്ട്

Chennai-Airport

ചെന്നൈ ∙ സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായ െചന്നൈ എയർപോർട്ടിൽ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം.  എഎഐയുടെ നിയന്ത്രണത്തിലുള്ള 1,301.28 ഏക്കർ സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടത്തുക. പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ സ്ഥലം വിമാനത്താവളത്തിൽ ഉണ്ടെന്നും, അധിക സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ അടിമുടി പരിഷ്കരിക്കുന്ന പദ്ധതികളാണ് നടപ്പാക്കുക. 

കൂടുതൽ ചെന്നൈ വാർത്തകൾക്ക് www.chuttuvattom.com

രണ്ട്, മൂന്ന് ടെർമിനലുകളും, എയർ സൈഡ് ഇടനാഴികളും പുനർനിർമിക്കും. വികസനത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ഉപഗ്രഹ ടെർമിനലിൽനിന്നു പ്രധാന ടെർമിനലുകളിലേക്കു പ്രത്യേക തുരങ്കപാത, ബഹുനില കാർ പാർക്കിങ് സൗകര്യം, പുതിയ കാർഗോ കോംപ്ലക്സ്, ചരക്കു വിമാനങ്ങൾക്കായി പ്രത്യേക കോൺടാക്ട് ബേ എന്നിവയാണ് പുതുതായി ഒരുക്കുന്ന സൗകര്യങ്ങൾ. ഇതിനു പുറമെ ലാൻഡ് ചെയ്ത വിമാനങ്ങൾ എഴുപതു സെക്കൻഡിനുള്ളിൽ ടെർമിനലുകളിലേക്കു മാറ്റാൻ സഹായിക്കുന്ന റാപിഡ് എക്സിറ്റ് ടാക്സി പാതകളും നിർമിക്കും. ഇതിന്റെ പ്രാരംഭ ജോലികൾ ജൂലൈ ഒന്നിന് തുടങ്ങും.

സഹായത്തിനായി റോബട്ടുകളും 

∙ യാത്രക്കാരുടെ സഹായത്തിനായി വൈകാതെ റോബട്ടുകളും എത്തും. ഇതു സംബന്ധിച്ച് രാജ്യത്തെ ഏതാനും കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചതായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അഭ്യന്തര ടെർമിനലുകളിലും, രാജ്യാന്തര ടെർമിനലുകളിലുമായി മൂന്നു റോബട്ടുകളെയാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുക. ഫ്ലൈറ്റുകളുടെ വിവരങ്ങൾ, ടെർമിനൽ ഗേറ്റുകളുടെ വിവരങ്ങൾ, എന്നിങ്ങനെ എയർപോട്ടുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും റോബട്ടുകൾ പറഞ്ഞുതരും.

എന്നാൽ ചലിക്കുന്ന റോബട്ടുകളായിരിക്കുമോ ഇവയെന്ന കാര്യത്തിൽ തീരുമാനമായില്ല. എയർപോർട്ടിലെ സുരക്ഷാ കാര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. ചെന്നൈയ്ക്കു പുറമെ ഡൽഹി, ബെംഗളൂരു എയർപോർട്ടുകളിലും റോബട്ടുകളെ അണിനിരത്താൻ എഎഐ പദ്ധതിയിടുന്നുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മനുഷ്യ രൂപത്തോടു സാമ്യമുള്ള ഹ്യൂമനോയിഡ് റോബട്ടുകളാണ് എയർപോർട്ടുകളിൽ വരുന്നത്.

കൂടുതൽ ചെന്നൈ വാർത്തകൾക്ക് www.chuttuvattom.com