Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിസ് ബാങ്കിലെ ഇന്ത്യൻ കള്ളപ്പണക്കാരുടെ വിവരം ഉടൻ: മന്ത്രി പീയൂഷ് ഗോയൽ

Switzerland Central Bank

ന്യൂഡൽഹി ∙ സ്വിസ് ബാങ്കിൽ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ പൂർണ വിവരങ്ങൾ 2019 സാമ്പത്തിക വർഷാവസാനത്തോടെ ലഭിക്കുമെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ.  സ്വിസ് ബാങ്കിൽ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 50% വർധനയുണ്ടായി എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ‘ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും’ - ഇടക്കാല ധനമന്ത്രി സ്ഥാനം വഹിക്കുന്ന പീയൂഷ് ഗോയൽ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. രാ‍ജ്യത്തിനു പുറത്തു പണം നിക്ഷേപിക്കാൻ ഇപ്പോൾ ആർക്കും ധൈര്യമില്ലെന്നും അതു സർക്കാരിന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

2018 ജനുവരി ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള വിദേശ നിക്ഷേപകരുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതു കള്ളപ്പണമോ നിയമവിരുദ്ധമായ പണമോ ആണെന്ന മുൻവിധി ആവശ്യമില്ലെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.

സാമ്പത്തിക രേഖകൾ കൈമാറുന്നതിനു പുതിയ ചട്ടക്കൂടു തയാറാക്കാൻ ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിൽ പല തവണ ചർച്ച നടത്തിയിട്ടുള്ളതാണ്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം കൈമാറുന്നതിനുള്ള മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.

സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപകരുടെ പൂർണ വിവരങ്ങൾ വെളിപ്പെടുത്തുമെന്നതു നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഭരണത്തിലേറി ഇത്രയും വർഷമായിട്ടും അതിനു സാധിക്കാത്തതിനു സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം വർധിച്ചുവെന്ന വാർത്ത വന്നത്.