Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിന് ഉയരണം, ആദ്യം കൊച്ചിക്കു മീതേ പറക്കണം

airport-2 കൊച്ചി വിമാനത്താവളത്തിലെ പുതിയ ടി3 ടെർമിനൽ.

കൊച്ചി രാജ്യാന്തര വിമാനത്താവളം 1284 ഏക്കർ സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. ഇതിൽ എയ്റോ ഓപ്പറേഷന് ഉപയോഗിക്കുന്നത് 500 ഏക്കർ മാത്രം. കണ്ണൂർ വിമാനത്താവളത്തിന്റെ സ്ഥല വിസ്തൃതി ഇപ്പോൾ 2050 ഏക്കർ. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ  2500 ഏക്കർ. കണ്ണൂർ വിമാനത്താവളം കൊച്ചിയുടെ ഇരട്ടിയുണ്ടെന്നു ചുരുക്കം. കൊച്ചിയിൽ റൺവേയുടെ നീളം 3400 മീറ്റർ. കണ്ണൂർ ലക്ഷ്യമിടുന്നത് 4000 മീറ്റർ റൺവേ. 

എന്നാൽ, പരിമിതികളെ സാധ്യതകളാക്കി വളർത്തിയെടുത്തുവെന്നതാണു കൊച്ചിയുടെ മാനേജ്മെന്റ് വൈഭവം. 2017-18ൽ കേരളത്തിലെ ആകെ വിമാന സഞ്ചാരികൾ 1.73 കോടിയാണ്. അതിൽ 1.02 കോടിയും കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തവരാണ്. തിരുവനന്തപുരത്തിനും കരിപ്പൂരിനും കൂടി 73 ലക്ഷത്തിൽ താഴെയേയുള്ളൂ.

കേരളത്തിലെ വിമാനത്താവളങ്ങളിൽ രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്നതാണു പുതിയ പ്രവണത. എന്നാൽ, ആഭ്യന്തര സ‍ഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. കൊച്ചിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനമാണു വർധന. 

airport-1 കൊച്ചി വിമാനത്താവളത്തിൽ പാർക്കിങ് കേന്ദ്രത്തിനു മുകളിൽ തയാറാക്കിയിരിക്കുന്ന സൗരോർജ പാനലുകൾ.

കേരളത്തിന്റെ വടക്കൻ ജില്ലയെന്നതും സംസ്ഥാനത്തിന്റെ അതിർത്തിയോടു തൊട്ടുകിടക്കുന്നു എന്നതും ആഭ്യന്തര സഞ്ചാരികൾക്കു കണ്ണൂരിനെ പ്രിയപ്പെട്ടതാക്കും. അയൽക്കാരായ കരിപ്പൂരിനോടും മംഗളൂരുവിനോടുമായിരിക്കരുത്, കൊച്ചിയോടായിരിക്കണം കണ്ണൂരിന്റെ മൽസരം. സാധ്യതകളുടെ കണക്കെടുത്താൽ കൊച്ചിയെ വെല്ലാൻ കണ്ണൂരിന്റെ കയ്യിൽ ഒരുപാടുണ്ട്. ഒത്തുപിടിച്ചാൽ കടത്തിവെട്ടാം.

വരുമാനം വരും വഴികൾ

വിമാനത്താവളത്തിനു വരുമാനം വരുന്നത് രണ്ടു വഴിക്കാണ്. വ്യോമയാന വരുമാനവും വ്യോമയാന ഇതര വരുമാനവും. പാർക്കിങ് ഫീ, ലാൻഡിങ് ഫീ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് റോയൽറ്റി എന്നിവയാണ് വ്യോമയാന വരുമാനം. വിമാനത്താവളം പ്രവർത്തനം തുടങ്ങുമ്പോൾ 90 ശതമാനവും വ്യോമയാന വരുമാനം മാത്രമായിരിക്കുമുണ്ടാവുക. എന്നാൽ, ഇതുകൊണ്ട്, ഒരു വിമാനത്താവളത്തിനും ലാഭകരമായി പ്രവർത്തിക്കാൻ കഴിയില്ല. അതിനു വ്യോമയാന ഇതര വരുമാനങ്ങൾ കൂടിയേ തീരൂ.

ഓരോ ഇഞ്ചും പണമാക്കണം

വാണിജ്യ ഇടത്തിന്റെ ഉപയോഗമാണ് പ്രധാനപ്പെട്ട വരുമാനമാർഗം. വിമാനത്താവളത്തിലെ ജനശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ പരസ്യബോർഡുകൾ വയ്ക്കാൻ അനുവദിച്ചതിലൂടെ കൊച്ചി വിമാനത്താവളത്തിനു പ്രതിവർഷം ലഭിക്കുന്നത് 20 കോടി രൂപയാണ്. ഇതിന്റെ ഇരട്ടി സ്ഥലമുള്ള കണ്ണൂരിന് പരസ്യവരുമാനവും ഇരട്ടിയാക്കാം. ഡ്യൂട്ടി ഫ്രീ ഷോപ് വഴിയുള്ള വരുമാനമാണു മറ്റൊന്ന്. സിയാൽ മാതൃകയിൽ കിയാലിനു നേരിട്ട് ഡ്യൂട്ടി ഫ്രീ ഷോപ് നടത്താനാകും. കൊച്ചിയിൽ  പ്രതിവർഷം 250 കോടി രൂപയാണു വരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിൽ 1000 ചതുരശ്രമീറ്റർ മാത്രം ഡ്യൂട്ടി ഫ്രീ ഷോപ്പിനായി നീക്കിവച്ചിരിക്കുമ്പോൾ കൊച്ചിയിൽ ഇത് 35,000 ചതുരശ്ര മീറ്ററാണ്.

പാഴ്സ്ഥലത്ത് പണം കൊയ്യാം

ഒരു രാജ്യാന്തര വിമാനത്താവളത്തെ സംബന്ധിച്ച് വെറുതെ കിടക്കുന്ന സ്ഥലവും വരുമാനമാർഗമാണ്. അതിനും കൊച്ചിയെ മാതൃകയാക്കാം. കൊച്ചി വിമാനത്താവളത്തിൽ റൺവേയുടെ മറുവശത്ത് അതിർത്തിക്കു ചേർന്ന് 130 ഏക്കർ സ്ഥലം വെറുതെ കിടന്നപ്പോഴാണ് ഗോൾഫ് ക്ലബ് എന്ന ആശയമുദിച്ചത്. 

തന്ത്രപ്രധാന സ്ഥലമായതിനാൽ ഇവിടെ കെട്ടിട നിർമാണം സാധ്യമല്ല. ഗോൾഫ് കളിക്കാനാകുമ്പോൾ ഒരു കെട്ടിടവും ആവശ്യമില്ലല്ലോ. ഇന്ന് 1500 അംഗങ്ങളുണ്ട് സിയാലിന്റെ ഗോൾഫ് ക്ലബ്ബിൽ. അംഗത്വ ഫീസ് അഞ്ചു ലക്ഷം രൂപ. ഇതുവഴി വരുമാനം 75 കോടി രൂപ. 

കൺവൻഷൻ സെന്ററാണു മറ്റൊരു മാർഗം. വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഹാംഗർ കൊച്ചിയിലുണ്ട്. ഒരേ സമയം രണ്ടു വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്താനാകും. ഹാംഗർ വാടകയും വരുമാന മാർഗമാണ്. കാർ പാർക്കിങ് വഴി വർഷം 12 കോടി രൂപ വരുമാനം.

സൂര്യൻ ഒരു സാമ്പത്തിക സ്രോതസ്സ്

പൂർണമായും സൗരോർജത്തിലേക്കു മാറുകയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വൈദ്യുതി ഉപഭോഗം ചെലവു കുറഞ്ഞതാക്കാനുള്ള ഏക മാർഗം. കണ്ണൂരിൽ തുടക്കത്തിൽ ഏഴു മെഗാവാട്ട് സോളർ പവർ പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതി. പിന്നീട് 10 മെഗാവാട്ടാക്കും. വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെട്ടിടങ്ങളുണ്ട്. ഇവയ്‌ക്കു മുകളിലാണു സോളർ ഫോട്ടോവോൾട്ടിക് പ്ലാന്റ് സ്ഥാപിക്കുക. തുടക്കത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ 30,000 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഇതിലൂടെ ഉൽപാദിപ്പിക്കാനാവും. സ്വന്തം ഉൽപാദനത്തിനപ്പുറത്തും സോളറിനു സാധ്യതയുണ്ട്. 2013ൽ 100 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സോളർ പ്ലാന്റാണു കൊച്ചിയിൽ തുടങ്ങിയത്. നിലവിൽ 26 മെഗാവാട്ടാണ് ഉൽപാദനം. ഇതുവഴി വൈദ്യുതി നിരക്ക് ഇനത്തിൽ വർഷം 24 കോടി രൂപ ലാഭം. ഈ ജൂലൈ അവസാനത്തോടെ ഉൽപാദനം 40 മെഗാവാട്ടിലെത്തും.

അവിടംകൊണ്ടു നിൽക്കുന്നില്ല. സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് സർക്കാരിനു വേണ്ടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ ഏറ്റെടുത്തിരിക്കുകയാണു സിയാൽ. 

നിലവിൽ എട്ട് പദ്ധതികൾ തുടങ്ങിവച്ചു. കോഴിക്കോട് അരിപ്പാറയിലാണ് ആദ്യത്തേത്. ബിഒടി അടിസ്ഥാനത്തിലാണു പദ്ധതികൾ എന്നതിനാൽ ഇതു വലിയ വരുമാനം നൽകും. ഉൾനാടൻ ജലഗതാഗത വികസനവും സിയാലാണ് ഏറ്റെടുത്തിരിക്കുന്നത്. 3000 കോടി രൂപ വരുമാനമുണ്ടാക്കുന്ന കമ്പനിയായി മാറുകയാണു ലക്ഷ്യം. ഇച്ഛാശക്തിയുള്ള മാനേജ്മെന്റ് ഉണ്ടെങ്കിൽ കണ്ണൂരിനും അനുകരിക്കാവുന്ന മാതൃക. 

(തുടരും)