Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിന്‍ വധം: മുഖ്യസൂത്രധാര രഹ്നയെന്ന് പ്രധാന സാക്ഷി; സംഭവത്തിന്റെ തലേന്ന് മാന്നാനത്തെത്തി

Kevin P Joseph

കോട്ടയം∙ കെവിന്‍ വധക്കേസില്‍ മുഖ്യസൂത്രധാര നീനുവിന്‍റെ മാതാവ് രഹ്നയെന്നു കേസിലെ പ്രധാന സാക്ഷി അനീഷ് മനോരമ ന്യൂസിനോട്. കെവിനെയും നീനുവിനെയും വകവരുത്തുമെന്നു കേസിലെ പ്രതി നിയാസിനോടൊപ്പമെത്തി രഹ്ന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തെളിവുകളുണ്ടായിട്ടും രഹ്നയെ പ്രതിയാക്കാത്തതു കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അനീഷ് ആരോപിക്കുന്നു. പൊലീസുകാരുടെ പങ്കും വ്യക്തമായ കേസില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അനീഷ് ആവശ്യപ്പെടുന്നു.

കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും നീനുവിന്‍റെ മാതാവ് രഹ്നയെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ആദ്യഘട്ടം മുതല്‍ സംശയത്തിന്‍റെ നിഴലിലാണ് രഹ്ന. ഗൂഢാലോചനയില്‍ രഹ്നയ്ക്കു പങ്കുണ്ടെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സൂചന ലഭിച്ചു. പക്ഷേ പിന്നീട് അന്വേഷണപരിധിയില്‍നിന്നു രഹ്നയെ പൂര്‍ണമായും ഒഴിവാക്കി. മേയ് 27നാണു കെവിനെയും സുഹൃത്ത് അനീഷിനെയും മാന്നാനത്തെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോകുന്നത്. ഇതിനു തലേദിവസം രഹ്ന മാന്നാനത്തെത്തിയിരുന്നു. കെവിനെ താമസിപ്പിച്ചിരുന്ന വീട്ടിലെത്തി പരസ്യമായി ഭീഷണിമുഴക്കി.

അനീഷും പ്രദേശവാസികള്‍ ചിലരും ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു മൊഴി നല്‍കി. എന്നാല്‍ രഹ്നയെ പൂര്‍ണമായും ഒഴിവാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസുകാര്‍ കൂടി ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.

പ്രതിഭാഗം ആവശ്യപ്പെട്ടതുപോലെ നുണപരിശോധനയ്ക്കു തയാറാണെന്നും അനീഷ് വ്യക്തമാക്കി. അനീഷിനെയും കെവിന്‍റെ മറ്റു സുഹൃത്തുക്കളെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.