Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വയസ്സുള്ള ജിഎസ്ടി: മാറ്റങ്ങൾ വന്നു, ഒഴിയാതെ ആശങ്കകളും

GST

ന്യൂഡൽഹി ∙ സ്വാതന്ത്ര്യ പ്രഖ്യാപനം പോലെ പ്രതീക്ഷകളുടെ പൂത്തിരി കത്തിച്ച് ചരക്ക് സേവന നികുതി എന്ന ജിഎസ്ടി അർധരാത്രി കടന്നുവന്ന് ഒരു വർഷം പിന്നിടുമ്പോൾ പ്രതികരണം സമ്മിശ്രമാണ്. ഒരൊറ്റ നികുതി എന്ന ആശയം മാറ്റങ്ങൾക്കു തിരി കൊളുത്തിയെന്ന് വാദിക്കുമ്പോൾത്തന്നെ, ആശങ്കയുടെ വാതിലും തുറന്നിടുന്നുണ്ട് പിന്നിട്ട ഒരു വർഷം. പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ജിഎസ്ടിയിൽ ഇനിയും തിരുത്തലുകൾ ബാക്കിയുണ്ട്.

ഉലയാത്ത നാണ്യപ്പെരുപ്പം

ജിഎസ്ടി നടപ്പിലാകുന്നതോടെ നാണ്യപ്പെരുപ്പം വർധിക്കുമെന്നായിരുന്നു അനുമാനം. ഒറ്റനികുതി സമ്പ്രദായം നടപ്പിലാക്കിയ മറ്റു രാജ്യങ്ങളുടെ അനുഭവവും ഇതിലേക്കു വിരൽചൂണ്ടി. എന്നാൽ ഇന്ത്യയിലതു സംഭവിച്ചില്ല. എണ്ണയുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും വില വർധനയുടെ ഫലമായി നാണ്യപ്പെരുപ്പം വർധിച്ചെങ്കിലും ജിഎസ്ടിയുമായി ഇതിനു ബന്ധമില്ലായിരുന്നു. ഏറെ വിമർശനത്തിനു കാരണമായ ബഹു സ്ലാബ് സമ്പ്രദായമാണ് ഇവിടെ സഹായകരമായത്. നിലവിലുള്ള നിരക്കിനു തൊട്ടടുത്തു നിൽക്കുന്ന ലെവി ഉറപ്പാക്കാൻ ഇതുവഴി സാധിച്ചു.

കേരളത്തിന്റെ വരുമാനം കണക്കിലെ കളിയോ?

ഒരൊറ്റ ദേശീയ വിപണി

സംസ്ഥാനങ്ങളുടെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പതിവു കാഴ്ചയായ ലോറികളുടെ നീണ്ട നിര ജിഎസ്ടി നടപ്പിലായതോടെ അപ്രത്യക്ഷമായി. കടത്തുകൂലിയുൾപ്പെടെ ഉപയോക്താക്കളുടെ മേൽ വന്നുപതിച്ചിരുന്ന അമിതഭാരം ഇതോടെ ഒഴിവായി. ഇതൊക്കെയാണെങ്കിലും ഉപയോക്താക്കളിലേക്കു ഗുണങ്ങൾ പൂർണമായി എത്തിത്തുടങ്ങിയിട്ടില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ പ്രതിമാസ പലവ്യഞ്ജന ബില്ലിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നാണ് ഒരു സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടു പേരും അഭിപ്രായപ്പെട്ടത്. മൊബൈൽ സേവനങ്ങൾ, സിനിമ ടിക്കറ്റുകൾ തുടങ്ങി സേവനങ്ങൾക്കുള്ള ചാർജ് വർധിച്ചതായി 54 ശതമാനം പേരും പുറമെ നിന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ചെലവിൽ കുറവുണ്ടായിട്ടില്ലെന്ന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഏകീകൃത നികുതി, നികുതി വരുമാനത്തിലെ വർധന

കന്യാകുമാരിയിലും ജമ്മു കശ്മീരിലും ഒരു ഉൽപന്നത്തിന് ഒരു നികുതി എന്ന നിലയായി. സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതി എന്ന കടമ്പ മറികടന്നതോടെ വിതരണ ശൃംഖല കാര്യക്ഷമമാക്കാൻ വ്യവസായികൾക്കു കഴിഞ്ഞു. തുടക്കം ആശങ്കകളോടെയായിരുന്നെങ്കിലും സമ്പദ്ഘടന ഒരു ചട്ടക്കൂടിലാക്കുക എന്ന ലക്ഷ്യത്തിലേക്കു നീങ്ങാൻ കഴിഞ്ഞു. 10 ദശലക്ഷം അപേക്ഷകള്‍ ഇതിനോടകം വന്നതു തന്നെ ജിഎസ്ടിയിലേക്കു കൂടുതൽ വ്യാപാരികള്‍ ചുവടു മാറുന്നതിന്‍റെ സൂചനയാണ്. ഏതാണ്ട് 17 തരം നികുതികളും നിരവധി സെസുകളും ഒന്നിച്ചു ചേർത്താണ് ചരക്ക് സേവന നികുതി നടപ്പിലായിരിക്കുന്നത്.

മനംമടുപ്പിക്കുന്ന സാങ്കേതിക തകരാറുകൾ

സമ്പൂർണ സുതാര്യ ഡിജിറ്റൽ സംവിധാനമാണ് ലക്ഷ്യമിട്ടതെങ്കിലും തുടക്കത്തിൽത്തന്നെ സാങ്കേതിക പ്രശ്നങ്ങൾ തലയുയർത്തിത്തുടങ്ങി. പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയമെടുത്തത് പ്രശ്നങ്ങൾ സങ്കീർണമാക്കി. തുടക്കത്തിലുണ്ടായിരുന്ന ഫയലിങ് സംവിധാനം വ്യവസായികളെ കൂടുതൽ ആശങ്കാകുലരാക്കിയതോടെ ഇത് പിൻവലിച്ചു.

ലളിതവത്ക്കരണമാണ് ലക്ഷ്യമിട്ടതെങ്കിലും ഒന്നിലേറെ റജിസ്ട്രേഷൻ വേണ്ടിവന്നത് വ്യാപാരികളെ അലട്ടുന്നുണ്ട്. മിക്ക കേസുകളിലും എല്ലാ സംസ്ഥാനങ്ങളിലും റജിസ്ട്രേഷൻ വേണമെന്ന നിലയിലാണ്. ഒന്നിലേറെയുള്ള റജിസ്ട്രേഷന്‍റെ ഭാഗമായുള്ള ഓഡിറ്റുകളും വിലയിരുത്തലുകളും ഭാവിയിൽ തലവേദനയായേക്കുമെന്ന ആശങ്ക വ്യാപാര സമൂഹത്തിനുണ്ട്.

കയറ്റുമതിക്കാരുടെ റീഫണ്ടിങ്

ഇറക്കുമതിക്കാരുടെ റീഫണ്ടിങ് ആണ് ജിഎസ്ടിയിലെ നിലവിലുള്ള പ്രധാന കല്ലുകടികളിലൊന്ന്. ഇതിനുള്ള നടപടിക്രമങ്ങൾ തന്നെ മിക്കവരെയും അലട്ടുന്നുണ്ട്. ചെറുകിട ഇറക്കുമതിക്കാരെയാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. പ്രവര്‍ത്തനച്ചെലവു വർധനയാണ് ഇവർ ഉയർത്തുന്ന വലിയ സങ്കടം.

ജിഎസ്ടിക്ക് പുറത്തുള്ള ഉൽപന്നങ്ങൾ

എല്ലാതരം ഉൽപന്നങ്ങളും ജിഎസ്ടിയുടെ പരിധിയിൽ വരുന്നില്ലെന്നത് വലിയൊരു ന്യൂനതയാണ്. കേരളത്തിൽതന്നെ വ്യാപാരികൾ ഉയർത്തുന്ന ഒരു പ്രധാന വിഷയമാണിത്. കേരളത്തിനു മാത്രമായുള്ള പല ഉൽപന്നങ്ങൾക്കും ഇതുവരെ ‘എച്ച്എസ്എൻ കോഡ്’ നൽകിയിട്ടില്ലെന്നത് തുടക്കം മുതൽ നിലനിൽക്കുന്ന പരാതിയാണ്. റബർ ഉൽപന്നങ്ങളും റബർ കർഷകര്‍ ഉപയോഗിക്കുന്ന ഉൽപന്നങ്ങളും ഈ പട്ടികയിലുണ്ട്.