Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമത്തിൽ കോടിയേരിയെ വിമര്‍ശിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kodiyeri Balakrishnan കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ നേതാവും പൊതുമരാമത്ത് വകുപ്പിലെ ക്ലാര്‍ക്കുമായ മധുവിനെ സസ്പെന്‍ഡ് ചെയ്തത്.

‘ഇടതു സഹയാത്രികന്‍’ എന്ന പേരില്‍ ഒരു പരാതി പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് ആയുര്‍വേദ കോളജ് സ്പെഷല്‍ ബില്‍ഡിങ്സ് സബ്ഡിവിഷനിലെ ഹെഡ് ക്ലാര്‍ക്കായ മധുവിന്റെ തീരുമാനം. സസ്പെന്‍ഷനെതിരെ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തിയുണ്ട്.

കൊല്ലപ്പെട്ട കെവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയാണ് ഷൗക്കത്തലിയെന്ന ഒരാള്‍ സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചത്. ‘നിങ്ങള്‍ കൊന്നു തള്ളുന്നവര്‍ക്ക് മാത്രം ജോലി കൊടുത്താല്‍ പിഎസ്‌സി പരീക്ഷ പാസായി ജോലിക്ക് കാത്തിരിക്കുന്ന യുവതികളുടെ കാര്യം എന്താകും’ എന്നായിരുന്നു പോസ്റ്റിലെ വിമര്‍ശനം. ഈ പോസ്റ്റാണ് മധു ഷെയര്‍ ചെയ്തത്. തുടര്‍ന്നു മന്ത്രിയുടെ ഓഫിസില്‍ പരാതി ലഭിക്കുകയും കഴിഞ്ഞ ദിവസം മധുവിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണ് സസ്പെന്‍ഷനെന്നു പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ (പൊതുഭരണം) ഇറക്കിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60 (എ)യ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് മധുവിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയെ വിമര്‍ശിച്ച് മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് എങ്ങനെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമാകുമെന്നു കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ ചോദിക്കുന്നു. ചട്ടം 60 (എ)യുടെ ലംഘനമായി ഇതിനെ കാണാനാകില്ല. ഇക്കാര്യത്തില്‍ നിയമപരമായും സംഘടനാപരമായും നടപടി സ്വീകരിക്കാനാണ് അവരുടെ തീരുമാനം.