Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്ത സ്കൂട്ടറിന്റെ വെളുത്ത വീൽ: വൻ ജ്വല്ലറിക്കവർച്ചയുടെ തുമ്പ് !

Rafeeq, Noushad പിടിയിലായ റഫീഖ്, നൗഷാദ്

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന അല്‍ ഫത്തീബി ജ്വല്ലറിയില്‍ ജൂണ്‍ എട്ടാംതീയതി വലിയൊരു മോഷണം നടന്നു. മൂന്നുകിലോ സ്വര്‍ണവും രണ്ടു ലക്ഷം രൂപയുമാണ് മോഷണം പോയത്. ജ്വല്ലറി ഉടമ എ.പി. ഇബ്രാഹിമും ജീവനക്കാരും ജുമുഅ നമസ്കാരത്തിനായി സമീപത്തെ പള്ളിയിലേക്കു പോയ സമയത്താണ് കവര്‍ച്ച നടന്നത്. കടയ്ക്കു പുറത്ത് കര്‍ട്ടന്‍ കെട്ടി മറച്ച്, സിസിടിവി ക്യാമറ സ്പ്രേ പെയിന്റടിച്ച് തകരാറിലാക്കിയശേഷമായിരുന്നു കവര്‍ച്ച. മോഷണത്തിനു ദൃക്സാക്ഷികളില്ല, സിസിടിവി ദൃശ്യങ്ങളില്ല. ആദ്യഘട്ടത്തില്‍ പൊലീസ് കുഴങ്ങി. എന്നാല്‍ ഒരു സ്കൂട്ടറിന്റെ അലോയ് വീലില്‍നിന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ബുദ്ധിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കള്ളന്‍മാര്‍ക്കായില്ല. 16 ാം ദിവസം പ്രതികള്‍ വലയിലാകുമ്പോള്‍, അതി ബുദ്ധിമാന്‍മാരായ കള്ളന്‍മാരെയാണ് കണ്ണൂരിലെ പൊലീസിനു നേരിടേണ്ടി വന്നത്. 

നഗരമധ്യത്തിലുള്ള ജ്വല്ലറി പട്ടാപ്പകല്‍ കുത്തിത്തുറക്കണമെങ്കില്‍ പരിസരം അറിയുന്ന ആരോ പിന്നിലുണ്ടെന്നു പൊലീസിന് ഉറപ്പായിരുന്നു. അടുത്തിടെ ജയിലില്‍നിന്നിറങ്ങിയവരെയും ക്രിമിനല്‍ കേസുകളിലെ പ്രതികളെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. റോഡുകളിലെ സിസിടിവി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തളിപ്പറമ്പ് ഡിവൈഎസ്പി: കെ.വി.വേണുഗോപാലിന്റെയും പഴയങ്ങാടി എസ്ഐ: പി.എ.ബിനു മോഹന്റെയും നേതൃത്വത്തിൽ 15 അംഗ പൊലീസ് ടീമാണ് കേസ് അന്വേഷിച്ചത്. 

Pazhayangadi jewellery robbery പ്രതികളുമായി അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസുകാർ.

റോഡരികിലെ ക്യാമറകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഒരു കറുത്ത സ്കൂട്ടര്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നിസ്കാരം നടക്കുന്ന സമയത്താണ് മോഷണം നടക്കുന്നത്. ആ സമയം റോഡില്‍ വാഹനങ്ങള്‍ കുറവായതിനാലാണ് സ്കൂട്ടറിനെ പൊലീസ് ശ്രദ്ധിച്ചത്. സ്കൂട്ടറില്‍ രണ്ടു പേരാണുള്ളത്. ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. പുറകിലിരിക്കുന്നയാള്‍ കുട പിടിച്ചിട്ടുണ്ട്. പൊലീസിനെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല. സ്കൂട്ടര്‍ കറുത്തതാണ്. വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ ലൈറ്റ് കത്തുന്ന തരത്തിലുള്ള പുതിയ മോഡല്‍ വണ്ടി. സീറ്റ് കവര്‍ ബ്രൗണ്‍. കറുത്ത വണ്ടിക്ക് അലോയ് വീലിന്റെ നിറവും കറുപ്പായിരിക്കും. പക്ഷേ ഈ വണ്ടിയുടെ അലോയ് വീല്‍ വെളുത്തതാണ്. ബൈക്ക് ഷോറൂമുകളില്‍ പൊലീസ് അന്വേഷിച്ചു. അവര്‍ ഉറപ്പിച്ചു പറഞ്ഞു, വെളുത്ത നിറത്തിലുള്ള വണ്ടിക്ക് വെളുത്ത അലോയ് വീല്‍. കറുത്തതിന് കറുപ്പും. പിന്നെങ്ങനെ ഈ വണ്ടിയുടെ വീല്‍ വെളുത്തതായി? പൊലീസ് ആശയക്കുഴപ്പത്തിലായി. ഇതേസമയം, സമാനമായി മുന്‍പ് നടന്ന മോഷണക്കേസുകളുടെ പുറകേയായിരുന്നു മറ്റൊരു സംഘം. 

മൊട്ടാമ്പ്രത്തെ ജ്വല്ലറിയില്‍ കഴിഞ്ഞവര്‍ഷം ഇതുപോലൊരു വെള്ളിയാഴ്ച കട തുരന്നു മോഷണശ്രമം നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. കട തുരന്നെങ്കിലും പരിസരവാസിയായ ഒരു സ്ത്രീ കണ്ടതിനാല്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആ മോഷണ ശ്രമത്തിന്റെ ചില ഭാഗങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചു. വ്യക്തതയുള്ള ദൃശ്യങ്ങളല്ല. എങ്കിലും സ്കൂട്ടറില്‍ പോകുന്നവരുടെ ദൃശ്യങ്ങളും മോഷണത്തിന്റെ ദൃശ്യങ്ങളും പൊലീസ് വിശകലനം ചെയ്തു. രണ്ടു ദൃശ്യങ്ങളിലും രണ്ടു പേരാണുള്ളത്. ശരീരഭാഷയിലും സാമ്യമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടതോടെ പലരും സൂചനകള്‍ നല്‍കി. അന്വേഷണം രണ്ടു പേരിലേക്കെത്തി. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും പരസ്പരം വിളിച്ചതിന്റെ രേഖകളില്ല. ‌‌

ജൂണ്‍ 8 വെള്ളിയാഴ്ച എവിടെയായിരുന്നു? - കസ്റ്റഡിയിലെടുത്ത രണ്ടുപേരോടും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. പള്ളിയില്‍ പോയി എന്നായിരുന്നു മറുപടി. പള്ളിയുടെ പേരും പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച കാര്യം സൂചിപ്പിച്ചപ്പോള്‍ ഒരു സ്ത്രീയെ കാണാന്‍ പോയതാണെന്നായിരുന്നു മറുപടി. ഇരുവരെയും പ്രത്യേകം ചോദ്യം ചെയ്തെങ്കിലും മുന്‍നിലപാടുകളില്‍ ഉറച്ചു നിന്നു. സംശയം തോന്നിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ പൊലീസ് ഇവരെ വിട്ടയച്ചു. പോകുന്നതിന് മുന്‍പ് പൊലീസ് ഒരു കാര്യം കൂടി പറഞ്ഞു - ‘നിങ്ങള്‍ കുറ്റക്കാരല്ലെന്നറിയാം. സംശയം തോന്നിയതുകൊണ്ട് വിളിപ്പിച്ചതാണ്. എന്തെങ്കിലും വിവരം കിട്ടുന്നെങ്കില്‍ അറിയിക്കണം’. 

ഒരു വലിയ കുരുക്ക് മുറുക്കിയാണ് പൊലീസ് അവരെ വിട്ടയച്ചത്. രണ്ടു പേരുടേയും മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നു. അന്വേഷണ സംഘം കാത്തിരുന്നു. രണ്ടു ദിവസം പ്രതികള്‍ അനങ്ങിയില്ല. മൂന്നാം ദിവസം പ്രതികളിലൊരാള്‍ ഒരു അബദ്ധം കാട്ടി. ഫോണിലൂടെ ഒരു രഹസ്യവിവരം മറ്റൊരാളുമായി പങ്കുവച്ചു. കോള്‍ റെക്കോർഡ് ചെയ്ത പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുറ്റം സമ്മതിക്കാന്‍ അപ്പോഴും അവര്‍ തയാറായില്ല. സംഭവദിവസം പള്ളിയില്‍ പോയിരുന്നോ? പൊലീസ് വീണ്ടും ചോദിച്ചു. പോയി എന്നായിരുന്നു ഉത്തരം. പള്ളിയിലെ ഉസ്താദിന്റെ പേരെന്താണെന്ന ചോദ്യത്തിനു െതറ്റായ ഉത്തരമായിരുന്നു. ഇരുവരും അന്നു പള്ളിയില്‍ പോയിട്ടില്ലെന്നതിന്റെ െതളിവുകള്‍ പൊലീസ് നിരത്തി. പക്ഷേ കുറ്റം സമ്മതിക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല. റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയെ കാണാന്‍ പോയത് കള്ളമാണെന്നും അങ്ങനെ ഒരു സ്ത്രീ ഇല്ലെന്നും ശാസ്ത്രീയ തെളിവുകള്‍ നിരത്തി പൊലീസ് സമര്‍ഥിച്ചു. ഒപ്പം ഫോണ്‍ സംഭാഷണം കൂടി കേള്‍പ്പിച്ചതോടെ രണ്ടുപേരും കുറ്റം സമ്മതിച്ചു.

മാടായി പോസ്റ്റ് ഓഫിസിനു സമീപം പന്തല്‍ അലങ്കാരപ്പണി നടത്തുന്ന നൗഷാദ് (36), ചെറുകിട കച്ചവടം നടത്തുന്ന പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി റഫീഖ് (43) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

എന്നും കണ്ടു മുട്ടുന്നതിനാല്‍ ഇരുവരും മൊബൈല്‍ ഫോണില്‍ പരസ്പരം സംസാരിച്ചിരുന്നില്ല. മോഷണത്തിനായി തിരഞ്ഞെടുത്ത കടയും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ചു. പഴയങ്ങാടിയിലും പുതിയങ്ങാടിയിലും എവിടെയെല്ലാം ക്യാമറകള്‍ ഉണ്ടെന്നു പരിശോധിച്ചു. മോഷണത്തിനു രണ്ടു ദിവസം മുന്‍പ് റെയില്‍വേ സ്റ്റേഷനടുത്ത് കാര്‍ പാര്‍ക്കു ചെയ്തു. സംഭവ ദിവസം സ്കൂട്ടറിലെത്തി മോഷണം നടത്തിയശേഷം സ്കൂട്ടറില്‍ മടങ്ങി. വഴി മധ്യേ, നേരത്തെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് സ്വര്‍ണവും പണവും മാറ്റി. ഒരാള്‍ കാറില്‍ പോയി. ഒരാള്‍ സ്കൂട്ടറില്‍ തന്നെ മടങ്ങി. കവര്‍ച്ചയ്ക്കായി റമസാന്‍ മാസത്തിലെ അവസാനത്തെ  വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാര സമയം തിരഞ്ഞെടുത്തതും വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു. ജ്വല്ലറിക്കു മുന്നില്‍ കര്‍ട്ടന്‍ കെട്ടി, ക്യാമറയില്‍ പെയിന്റടിച്ച് മറച്ചശേഷം കട കുത്തിത്തുറന്നു. സ്വര്‍ണാഭരണങ്ങള്‍ സഞ്ചിയിലും ബക്കറ്റിലും വാരിക്കൂട്ടി മടങ്ങുകയായിരുന്നു. പെയിന്റ് ഉപയോഗിച്ച് സ്കൂട്ടറിന്റെ നമ്പരും മാറ്റിയിരുന്നു. കുട പിടിച്ചതും സിസിടിവിയില്‍നിന്ന് രക്ഷപ്പെടാനായിരുന്നു. സ്വര്‍ണവും പണവും ഇരുവരുടെയും വീടുകളില്‍നിന്നു കണ്ടെടുത്തു. റഫീഖിന്റെ പുതിയവളപ്പിലെ വാടക ക്വാര്‍ട്ടേഴ്സിലെ അലമാരയിലും നൗഷാദിന്റെ മാട്ടൂലിലെ ഭാര്യവീട്ടിലെ പറമ്പില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുഴിച്ചിട്ട നിലയിലുമായിരുന്നു സ്വര്‍ണം. അപ്പോള്‍ മോഷ്ടാക്കള്‍ വന്ന സ്കൂട്ടര്‍? 

2017 ഡിസംബര്‍ അഞ്ചിന് മാട്ടൂരിലെ എ.സി.സിദ്ദിഖിന്റെ സ്കൂട്ടര്‍ മോഷണം പോയിരുന്നു. ഈ സ്കൂട്ടറിന്റെ നിറം കറുപ്പാക്കിയാണ് മോഷണത്തിന് ഉപയോഗിച്ചത്. പക്ഷേ അലോയ് വീല്‍ കറുപ്പാക്കാത്തത് വീഴ്ചയായി. മോഷണശേഷം ഇരുവരും സ്കൂട്ടറിന്റെ നിറം വീണ്ടും വെളുപ്പാക്കി. സ്കൂട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പൊലീസിനോടു പറഞ്ഞത്. വാഹനം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. 

ചെറിയ കച്ചവടങ്ങളും റിയല്‍ എസ്റ്റേറ്റ് പരിപാടികളുമായി നാട്ടില്‍ സജീവമായിരുന്ന റഫീഖും വാടകസ്റ്റോര്‍ നടത്തുന്ന നാഷാദും കവര്‍ച്ചക്കേസില്‍ പിടിയിലായത് നാട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. പിടിയിലായതോടെ, ഇവര്‍ മുന്‍പ് നടത്തിയ ആറു മോഷണക്കേസുകളാണ് തെളിഞ്ഞത്. അഞ്ചു വര്‍ഷത്തിനിടെ 163 പവന്‍ സ്വര്‍ണമാണ് ഇരുവരും ചേര്‍ന്നു മോഷ്ടിച്ചത്. കവര്‍ച്ചാ സാധനം തുല്യമായി വീതം വച്ചെടുത്ത ഇവര്‍ ദിവസങ്ങളോളം അതു സൂക്ഷിച്ചുവച്ചു. കവര്‍ച്ചയ്ക്കു ശേഷവും നാട്ടില്‍ സജീവമായിരുന്നു. പൊലീസിന്റെ കൃത്യതയോടെയുള്ള നീക്കമാണ് കള്ളന്‍മാരെ കുടുക്കിയത്.

അന്വേഷണ സംഘത്തില്‍ ഇവര്‍: നേതൃത്വം ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, എസ്ഐ: പി.എ.ബിനുമോഹന്‍, എസ്ഐ: ദിജേഷ് എന്‍., എഎസ്ഐമാരായ ജയ്മോന്‍ ജോര്‍ജ്, ദിനേശന്‍ കെ.വി., കുഞ്ഞിരാമന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജന്‍ കെ.വി., നികേഷ് എം.പി., ഷാജന്‍, രമേശന്‍ കെ.വി., സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജാബിര്‍ പി.എ., സജീവന്‍ കെ., റോജിത്ത് വര്‍ഗീസ്. ഇവരെ കൂടാതെ എസ്പിയുടെ ക്രൈം സ്ക്വാഡും, സൈബര്‍ സെല്ലും അന്വേഷണത്തില്‍ പങ്കെടുത്തു.