Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാട്ടിയ കുടുംബത്തിന് മതിഭ്രമമെന്നു സംശയം; വീട്ടിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ല

burari-death-house ഭാട്ടിയ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയ വീടിനുമുൻപിൽ പൊലീസ് കാവൽ.

ന്യൂ‍ഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മനോനിലയിൽ സംശയം പ്രകടിപ്പിച്ചു പൊലീസ്. കുടുംബത്തിലുള്ളവർക്കു മതിഭ്രമം ഉണ്ടായിരുന്നുവെന്ന സംശയമാണു പൊലീസ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിലുള്ളവർ അയൽക്കാരെ സഹായിക്കാൻ മുൻപന്തിയിലായിരുന്നെങ്കിലും പലരും സ്വന്തം കാര്യങ്ങൾ കുടുംബത്തിനു പുറത്തുള്ളവരോടു പങ്കുവച്ചിരുന്നില്ല. മരിച്ചവർ പങ്കാളിത്ത മതിഭ്രമത്തിന്റെ ലക്ഷണങ്ങൾ കാട്ടിയിരുന്നുവെന്നാണു പൊലീസിന്റെ പക്ഷം.

‘വഞ്ചനാപരമായ വിശ്വാസങ്ങൾ ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്നതിനെയാണു പങ്കാളിത്ത മതിഭ്രമമെന്നു പറയുന്നത്. ഈ കേസിൽ ലളിത് ഭാട്ടിയ (45) മരിച്ച പിതാവുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം മറ്റു കുടുംബാംഗങ്ങളിലേക്കും പകർന്നിരുന്നു’ – മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഭാട്ടിയ കുടുംബം ഒരിക്കൽപ്പോലും അയൽക്കാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ലെന്ന് അയൽവാസിയായ ഒരാൾ ദേശീയമാധ്യമത്തോടു പറഞ്ഞു. അവർ സൗഹാർദപരമായും ഊഷ്മളമായും പെരുമാറുവായിരുന്നെങ്കിലും എല്ലാവരും ഉള്ളിലേക്കുതന്നെ വലിഞ്ഞിരുന്നു. ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. മാത്രമല്ല, സംശയാസ്പദ സാഹചര്യത്തിൽ വീട്ടിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്ന രീതിയിൽ കണ്ടെത്തിയ 11 പൈപ്പുകൾ മൂന്നോ നാലോ മാസങ്ങൾക്കുമുൻപാണു സ്ഥാപിച്ചതെന്നും അയൽക്കാർ പറയുന്നു.

burari-death-bhatia-family-relatives

‘ആദ്യമൊക്കെ ഇതെന്താണു കാണിക്കുന്നതെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു. വെള്ളത്തിന്റെ കണക്‌ഷൻ ഒന്നും അവിടെയില്ല. എന്നാൽ വെന്റിലേഷൻ സൗകര്യത്തിനായാണു പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അവർ പറഞ്ഞത്. പ്ലൈവുഡിന്റെ വ്യാപാരം കൂടി ഉണ്ടായിരുന്നതിനാൽ അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽനിന്നുള്ള മാരകമായ പുകയും മറ്റും പുറത്തുപോകുന്നതിനു വേണ്ടിയാണ് വെന്റിലേഷൻ സ്ഥാപിക്കുന്നതെന്നാണു പറഞ്ഞത്.’

ഭാട്ടിയ കുടുംബത്തിനൊപ്പം ഗുരുദ്വാര സന്ദർശിച്ചിരുന്ന വയോധിക ഒരിക്കൽപ്പോലും അവരുടെ വീട്ടിൽ പോയിരുന്നില്ലെന്നും ഓർമിച്ചു. ഭാട്ടിയ കുടുംബത്തിന്റെ പലചരക്കു കടയിൽനിന്നാണ് ഞങ്ങൾ വീട്ടിലേക്കുള്ള പല സാധനങ്ങളും വാങ്ങിയിരുന്നത്. ഗുരുദ്വാര ഒരുമിച്ചു സന്ദർശിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അവർ ഒരിക്കലും മുകളിലെ നിലയിലേക്കു തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. വീട്ടിലെ കുട്ടികൾ മികച്ച അനുസരണം കാട്ടുന്നവരാണ്. പരസ്പരമോ കോളനിയിലെ മറ്റു കുട്ടികളുമായോ വഴക്കിടുന്നതുപോലും കണ്ടിട്ടില്ല. ഈ പ്രായത്തിലെ മറ്റു കുട്ടികളുടെ സ്വഭാവത്തേക്കാൾ വളരെ വ്യത്യസ്തമായിരുന്നു ഭാട്ടിയ കുടുംബത്തിലെ കുട്ടികളുടേതെന്നും അവർ കൂട്ടിച്ചേർത്തു.

related stories