Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിദഗ്ധനും വിജ്ഞാനകോശവും’ തകർത്ത സാമ്പത്തികവ്യവസ്ഥ കരകയറ്റിയെന്ന് മോദി

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയും ‘വിജ്ഞാന കോശ’മായ ധനമന്ത്രിയും ചേർന്നു നശിപ്പിച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റിയതു തന്റെ സർക്കാരെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നോട്ടുള്ള വളർച്ചയ്ക്കാവശ്യമായ അടിത്തറയുള്ള ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണു ഇന്ത്യയുടേതെന്നും സ്വരാജ്യ മാസികയ്ക്കു സൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.

2014ൽ തന്നെ ബാങ്കുകളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു വായ്പ സംബന്ധമായ കാര്യങ്ങളിൽ രാഷ്ട്രീയമായ ഇടപെടലുകളിൽ അവസാനിപ്പിച്ച് ബാങ്കുകൾക്കു സ്വാതന്ത്ര്യം നൽകിയെന്നു പറഞ്ഞ മോദി, ബിജെപി സർക്കാർ അധികാരത്തില്‍ വരുമ്പോൾ കാര്യങ്ങൾ പ്രതീക്ഷിച്ചതിലും മോശമായിരുന്നെന്നും ബജറ്റ് തുകയുടെ കാര്യം പോലും സംശയത്തിലായിരുന്നെന്നും വ്യക്തമാക്കി.

രാ‍ജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാൻ രാജനീതിക്കു പകരം രാഷ്ട്ര നീതി തിരഞ്ഞെടുക്കുകയായിരുന്നു. പ്രശ്നങ്ങളെ മറച്ചു വയ്ക്കുന്നതിനു പകരം അഭിമുഖീകരിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചത്. സാമ്പത്തിക വിദഗ്ദ്ധനായ പ്രധാന മന്ത്രിയും വിഞ്ജാന കോശമായ ധനമന്ത്രിയും ഭരിച്ചിരുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ അവിശ്വസനീയമായിരുന്നു. ലോകത്തെ ദുർബലമായ അഞ്ചു സാമ്പത്തിക ശക്തികളിൽ ഒന്നായിരുന്നു അന്നത്തെ ഇന്ത്യയെന്നും കാര്യങ്ങൾ വിശദീകരിച്ചു മോദി പറഞ്ഞു. ‘ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. വിദേശ നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ എളുപ്പത്തില്‍ വ്യവസായ സൗഹാർദ രാജ്യമായി ഇന്ത്യ മാറി’ അദ്ദേഹം പറ‍ഞ്ഞു.

മൂന്നു ലക്ഷം ഗ്രാമ കേന്ദ്രീകൃതമായ സേവാ കേന്ദ്രങ്ങൾ, 15,000 പുതു സംരംഭങ്ങൾ, 48 ലക്ഷം വ്യവസായങ്ങളുെട രജിസ്ട്രേഷൻ, വീടുകൾ, പാലങ്ങൾ,റോഡുകൾ എന്നിവയുടെ നിർമാണം നടന്നതായും മോദി പറഞ്ഞു. 2017 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 41 ലക്ഷം ഒൗദ്യോഗിക തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിചേർത്തു. 53 ലക്ഷം ത‌ൊഴിലവസരം സൃഷ്ടിച്ചുവെന്നു മുന്‍ കർണാടക സർക്കാരും 68 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നു ബംഗാൾ സർക്കാരും അവകാശപ്പെടുന്നു. സംസ്ഥാനങ്ങൾ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ എങ്ങനെയാണു രാജ്യത്തു തൊഴിലവസരങ്ങളില്ലാവുന്നതെന്നു വിമർശനങ്ങൾക്കു മറുപടിയായി മോദി പറഞ്ഞു.

രാജ്യത്തു നടപ്പിലാക്കിയ വിപ്ലവകരമായ തീരുമാനങ്ങളുടെ പേരിൽ രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ഉണ്ടായെങ്കിലും രാജ്യത്തിന്റെ മുന്നേറ്റത്തിനു വേണ്ടി അതു കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഇതുവരെ 2.12 ലക്ഷം കോടി രൂപ കാർഷിക മേഖലയിൽ വിനിയോഗിച്ചതായും മോദി വ്യക്തമാക്കി.

related stories