Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട് നടുങ്ങിയ ഒരു വിഗ്രഹക്കവർച്ച; കേസ് തെളിയിച്ച പെൺകുട്ടി ഇന്നെവിടെ?

Ettumanoor-Temple-Theft-1 കവർച്ച നടത്തിയ സ്റ്റീഫൻ (ഇടത്), ഏറ്റുമാനൂരപ്പന്റെ മൂലവിഗ്രഹം (നടുക്ക്), രമണി (വലത്)

കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ വിഗ്രഹം മോഷണം പോകുന്നത് 1981 മേയ് 24നാണ്. മോഷ്ടാക്കളെ തേടി പൊലീസ് കേരളത്തിനകത്തും പുറത്തും പാഞ്ഞു. മോഷ്ടാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഭക്തര്‍ ഇളകി. രാഷ്ട്രീയ പാര്‍ട്ടികള്‍ മോഷണം പ്രചാരണ ആയുധമാക്കിയതോടെ അന്നത്തെ ഇടതു സര്‍ക്കാരിനും അതു തലവേദനയായി. ഏറ്റുമാനൂരില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ കേരളത്തിന്റെ തെക്കേ അതിർത്തിയായ പാറശാല സ്വദേശിയായ സ്റ്റീഫനായിരുന്നു മോഷ്ടാവ്. സ്റ്റീഫനിലേക്ക് പൊലീസ് എത്തിയത് രമണിയെന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുസ്തകത്തിലെ മേല്‍വിലാസത്തിലൂടെയാണ്. ജയില്‍വാസത്തിനുശേഷം സ്റ്റീഫന്‍ ഭക്തിമാര്‍ഗം സ്വീകരിച്ചപ്പോള്‍ ഭക്തരുടെ പ്രിയ താരമായി മാറിയ രമണി ഇന്നും കാണാമറയത്താണ്. ഏറ്റുമാനൂർ വിഗ്രഹമോഷണത്തിന്റെ നാൾവഴിയിലൂടെ...

കൂടുതൽ ക്രൈം വാർത്തകൾക്ക്

1981 മേയ് 24

വെളുപ്പിന് മൂന്നു മണിയാകുന്നതേയുള്ളൂ. ഏറ്റുമാനൂർ ക്ഷേത്രപരിസരം വിജനമാണ്. ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ കൃഷ്ണൻകുട്ടി നാലമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന് അങ്കണത്തിലെത്തിയശേഷം വിളക്കുകൾ കെടുത്തി ശ്രീകോവിലിന് മുന്നിലെത്തി. ശ്രീകോവിലിന്റെ വാതിൽ തുറന്നു കിടക്കുന്നു. പരിഭ്രാന്തനായ അയാൾ ഓടിപ്പോയി ദേവസ്വം മാനേജർ വി.നാരായണപിള്ളയെ വിവരമറിയിച്ചു. അപ്പോഴേക്കും മോൽശാന്തിയെത്തി. അദ്ദേഹം ശ്രീകോവിലിനുള്ളിൽ കയറി നോക്കി. മൂലവിഗ്രഹം കാണാനില്ല. അകത്തെ അഴിവാതിൽ തുറന്നു കിടക്കുന്നു. പ്രഭയിലെ ലക്ഷ്മീരൂപവും കാണാനില്ല. ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർ ശശിധരനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരം പതുക്കെ പുറം ലോകമറിഞ്ഞു – ഏറ്റുമാനൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള വിഗ്രഹം മോഷണം പോയിരിക്കുന്നു. ജനം അമ്പലത്തിലേക്ക് ഓടിയെത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിൽനിന്ന് ദേവചൈതന്യം ആവാഹിച്ചു സൂക്ഷിക്കുന്നതായി വിശ്വസിക്കുന്ന ഈ തങ്കവിഗ്രഹം ഉൽസവ ബലി സമയത്തും ആറാട്ടെഴുന്നെള്ളിപ്പിനും ശ്രീഭൂതബലിക്കും മാത്രമേ പുറത്തിറക്കാറുള്ളൂ. ശ്രീകോവിലിനുള്ളിൽ ശിവലിംഗപ്രതിഷ്ഠയ്ക്കു സമീപം വെള്ളിപീഠത്തിൽ, സ്വർണത്തിൽ നിർമിച്ച ആണി കൊണ്ടുള്ള വിഗ്രഹത്തിന് നാല് കിലോ 640 ഗ്രാം തൂക്കമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന വെള്ളി പീഠത്തോടൊപ്പമാണ് വിഗ്രഹം മോഷണം പോയത്. ശിവലിംഗം ആവരണം ചെയ്യുന്ന സ്വർണ അങ്കിക്ക് ചുറ്റുമുള്ള പ്രഭയുടെ അടിവശത്തായി ഒരറ്റത്തുള്ള ലക്ഷ്മീരൂപത്തിന്റെ ഒരു കയ്യിലുള്ള താമരമൊട്ടും ഒടിച്ചെടുത്തിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടേയും വില കണക്കിലെടുത്താൽതന്നെ ഉണ്ടായത് പത്തു ലക്ഷത്തിൽപ്പരം രൂപയുടെ മോഷണം.

വിഗ്രഹത്തോടൊപ്പമുണ്ടായിരുന്ന സ്വർണ അങ്കിയോ സ്വർണപ്രഭയുടെ മറ്റു ഭാഗങ്ങളോ മൂലബിംബത്തിന്റെ പ്രതിഛായ ആയ പഞ്ചലോഹ വിഗ്രഹമോ മോഷണം പോയില്ല. ലക്ഷക്കണക്കിന് രൂപ വിലമതിപ്പുള്ള മറ്റ് ഒട്ടേറെ സാധനങ്ങൾ ഉണ്ടായിരുന്നിട്ടും അവയൊന്നും തന്നെ മോഷണം പോയില്ലെന്നതും ശ്രദ്ധേയമായി. ഏറ്റുമാനൂർ ശ്രീകോവിന് ചില പ്രത്യേകതകളുണ്ടായിരുന്നു. സാധാരണ ക്ഷേത്രങ്ങളിൽനിന്ന് വളരെ വലുപ്പമുള്ളതായിരുന്നു ശ്രീകോവിൽ. ഭക്തജനങ്ങൾ തൊഴുന്ന സ്ഥലത്തുനിന്ന് വളരെ അകലെ ഉയരത്തിലായിരുന്നു പ്രതിഷ്ഠ. വെളിയിൽ വലിയ താഴിട്ടു പൂട്ടുന്ന കരുത്തുള്ള വാതിൽ. അതിനുള്ളിൽ വീണ്ടും വാതിൽ. അതിനുള്ളിലാണ് പ്രതിഷ്ഠ. പുറത്തേക്കുള്ള വാതിലിന്റെ പൂട്ട് മോഷ്ടാവ് തുറന്നിട്ടില്ല, തകർത്തിട്ടുമില്ല. പാരകൊണ്ട് ഓടാമ്പൽ വളച്ചു വാതിൽ തള്ളിത്തുറന്ന് അകത്തെ കമ്പിയഴി വാതിലിലെ പൂട്ട് പാരകൊണ്ട് പൊളിച്ചെടുത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നിരിക്കുന്നതെന്ന് പൊലീസിന് മനസിലായി.

അത്താഴപൂജ കഴിഞ്ഞാൽ രാത്രി എട്ടു മണിയോടെ നട അടയ്ക്കും. അകത്തെ അഴിവാതിൽ മേൽശാന്തിപൂട്ടും. പുറത്തെ വാതിൽ ആ ദിവസത്തെ ചുമതലക്കാരനും പൂട്ടും. അന്നും ഇതെല്ലാം ചെയ്തിരുന്നു. പക്ഷേ, വിഗ്രഹം മോഷണം പോയി. വിവരമറിഞ്ഞ ഭക്തജനങ്ങളും നാട്ടുകാരും ക്ഷേത്രപരിസരത്തേക്ക് പ്രവഹിച്ചു.

മോഷണം ഉണ്ടായത് ശനിയാഴ്ചയാണ്. അന്ന് രാത്രി എട്ടുമണിക്കു ശേഷം ചുറ്റമ്പലത്തിന്റെ വടക്ക്, തെക്ക്, കിഴക്കുവശമുള്ള വാതിൽ പുറത്തുനിന്ന് പൂട്ടി വാച്ചർ കൃഷ്ണൻകുട്ടി താക്കോൽ കയ്യിൽ സൂക്ഷിച്ചിരുന്നു. മൂന്നു ദേവസ്വം ബോർഡ് ഗാർഡുകളും നാലു വാച്ചർമാരും രാത്രി കാവലുള്ള അമ്പലത്തിൽ മോഷ്ടാക്കൾ എങ്ങനെ കയറിയെന്നതായിരുന്നു എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.

ശ്രീകോവിലിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്തുകയറാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ഇരുമ്പുപാര അമ്പലകിണറിൽനിന്ന് കണ്ടെത്തി. ശ്രീകോവിലിനുള്ളിൽ മോഷ്ടാക്കൾ തുറന്നുവച്ചിരുന്ന ഒരു പെട്ടി മണത്തശേഷം പൊലീസ് നായ പൂജാരികൾ കുളിക്കുന്ന വാലാങ്കുളത്തിലേക്കാണ് പോയത്. കിഴക്കുവശത്തുള്ള വാലാങ്കുളത്തിൽ ചാടിയ പൊലീസ് നായ പിന്നീടു തെക്കേഗോപുര വാതിലിലൂടെ കിഴക്കേ നടയിലെത്തി. വീണ്ടും പുറത്തിറങ്ങിയ നായ പോയത് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലേക്ക്. ബസ് സ്റ്റാൻഡിൽനിന്ന് തിരികെ ക്ഷേത്രത്തിലേക്ക് വന്ന നായ ക്ഷേത്രത്തിനടുത്തുള്ള ചായക്കടയിലും കയറി.

വളരെ ആസൂത്രിതമായി ചെയ്ത മോഷണമാണിതെന്നു പൊലീസിന് മനസിലായി. മോഷ്ടാക്കൾ നട അടയ്ക്കുന്നതിന് മുൻപുതന്നെ ഉള്ളിൽ കടന്നിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. മോഷണത്തിനുശേഷം ഇവർ എങ്ങനെ രക്ഷപ്പെട്ടു എന്നത് ദുരൂഹമായി തുടർന്നു. അമ്പലത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. അമ്പലക്കുളം വറ്റിച്ചു. സഹായകരമായ ഒരു വിവരവും ലഭിച്ചില്ല.

ജനം അമർഷം പ്രകടിപ്പിച്ച് ജാഥ നടത്തി. നിരവധി പ്രതിഷേധ യോഗങ്ങൾ നടന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അമ്പലനടയിൽ സത്യഗ്രഹയജ്ഞം ആരംഭിച്ചു. സംഭവദിവസം ഒരു കാർ ക്ഷേത്രപരിസരത്തുനിന്ന് എറണാകുളത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. കാറിനു പിന്നാലെ അന്വേഷണം നടന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല

∙ രമണിയെന്ന പെൺകുട്ടി

തിരുവനന്തപുരം പാറശാലയിലെ ഒരു ചെറിയ ഗ്രാമമായിരുന്നു ചിന്നങ്കോട്. അവിടെ പാറശാല പൊലീസ് സ്റ്റേഷന് അൽപം മാറി കുളത്തിൻകരയിലുള്ള കൊച്ചുകൂരയിൽ ഭക്ഷണം പാകംചെയ്യാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഒരമ്മയും മക്കളും. പൊതുമരാമത്ത് ഓഫിസിലെ താൽക്കാലിക തൊഴിലാളിയാണ് കുടുംബനാഥനായ ചെല്ലക്കണ്ണ്.

ഭക്ഷണം പാകം ചെയ്യാനോ വിളക്കു കത്തിക്കാനോ മണ്ണെണ്ണയുണ്ടായിരുന്നില്ല. കുട്ടികളൊക്കെ വിശന്നിരിക്കുകയാണ്. എന്തു ചെയ്യാനാണ്? ആ അമ്മ തല പുകച്ചു. രണ്ടാമത്തെ മകൾ രമണി എട്ടാം ക്ലാസിലാണ്. അവളുടെ പഴയ നോട്ടുപുസ്തകങ്ങൾ തൂക്കിവിൽക്കാമെന്ന് അമ്മ പറഞ്ഞപ്പോൾ അവൾ എതിർത്തില്ല. അനിയത്തി ഗിരിജ അത് അടുത്തുള്ള കൊച്ചുകുഞ്ഞൻ നാടാരുടെ കടയിൽ കൊണ്ടുപോയി വിറ്റു. പുസ്തകം വിറ്റപ്പോൾ കിട്ടിയത് 60 പൈസ. 40 പൈസയ്ക്ക് മണ്ണെണ്ണ വാങ്ങി. ബാക്കി 20 പൈസയ്ക്ക് ഗിരിജ മിഠായി വാങ്ങി. അമ്മ അറിയാതെ അവൾ അതു സഹോദരങ്ങളുമായി പങ്കിട്ടു.

ദിവസങ്ങൾക്കുശേഷം പാറശാല പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർ അവരുടെ വീട്ടിലേക്കെത്തി. ആരാണ് രമണി? – അവർ ചോദിച്ചു. ആ വീട്ടിൽ പൊലീസ് വരുന്നത് ആദ്യമായാണ്. ‘രമണി സ്റ്റേഷനിലേക്ക് വരണം’ – പൊലീസ് നിർദേശിച്ചു. അമ്മ സരസ്വതിയും രമണിയും അനുജത്തിമാരും കൂട്ടക്കരച്ചിലായി. സ്റ്റേഷനിലെത്തിയപ്പോൾ അച്ഛനും പൊലീസ് സ്റ്റേഷനിലുണ്ട്. ഒരു കടലാസ് രമണിയെ കാണിച്ച് പൊലീസ് ചോദിച്ചു – ഇതു നിന്റെയാണോ? പേരും പഠിക്കുന്ന ക്ലാസുമെല്ലാം എഴുതിയ ആ കടലാസ് രമണിയുടെ പുസ്തകത്തിലേതായിരുന്നു. മണ്ണെണ്ണ വാങ്ങാൻ വിറ്റതാണെന്നു പറഞ്ഞപ്പോൾ പൊലീസ് അവരെ വിട്ടയച്ചു.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം എവിടെ പോയെന്നറിയാതെ പരക്കം പായുകയായിരുന്ന പൊലീസിന് ക്ഷേത്രക്കുളത്തിൽനിന്നാണ് ഒരു കടലാസ് ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ വാതിൽ തകർക്കാൻ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറായിരുന്നു അത്. പാറശാലയിലെ ഒരു കുട്ടിയുടെ വിലാസം പേപ്പറിലുണ്ടായിരുന്നു – രമണിയെന്ന് ചെറിയ അക്ഷരങ്ങളിൽ അതിൽ എഴുതിയിരുന്നു. അങ്ങനെയാണ് പൊലീസ് രമണിയുടെ വീട്ടിലേക്കെത്തിയത്. പേപ്പർ വിറ്റ ഇരമ്പുകട ഉടമസ്ഥനായ കൊച്ചുകുഞ്ഞൻ നാടാരെ ചോദ്യം ചെയ്തപ്പോൾ രണ്ടു ദിവസം മുൻപ് രണ്ടുപേർ അവിടെനിന്ന് ഒരു പാര വാങ്ങിയതായി വ്യക്തമായി. പൊലീസ് മോഷ്ടാക്കളിലേക്ക് കൂടുതൽ അടുത്തു.

അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് പാറശാലയ്ക്കടുത്ത് ഓലത്താന്നിയിൽ അടുത്തിടെ നടന്ന കൊലപാതകക്കേസിലെ പ്രതികൾ അറസ്റ്റിലായത്. സമ്പന്ന കുടുംബാംഗവും ധനുവച്ചപുരം കോളജിലെ മാഗസിൻ എഡിറ്ററുമായ ദിലീപ് കുമാർ, സുരേഷ്കുമാർ, സ്റ്റീഫൻ എന്നിവരായിരുന്നു പ്രതികൾ. ഓലത്താന്നിയിലെ ഒരു വീട്ടിൽനിന്ന് ആഭരണങ്ങളും മറ്റും മോഷ്ടിച്ചശേഷം തെളിവുകൾ നശിപ്പിക്കുന്നതിനുവേണ്ടി വേലക്കാരൻ രവീന്ദ്രനെ വധിക്കുകയായിരുന്നു. രവീന്ദ്രനും മോഷണ സംഘത്തിലുണ്ടായിരുന്നു. ഇതിലെ സ്റ്റീഫന് ചില പ്രത്യേകതകളുള്ളതായി പൊലീസിന് മനസിലായി. നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ്. അടുത്തിടെ ഒരു മോഷണത്തിന് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതേയുള്ളൂ. പൊലീസ് നിരന്തരം ചോദ്യം ചെയ്തപ്പോൾ സ്റ്റീഫൻ വെളിപ്പെടുത്തി – ഏറ്റുമാനൂരിലെ വിഗ്രഹം മോഷ്ടിച്ചു. അത് വീട്ടിനോടു ചേർന്ന കൃഷിയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട്. പാറശാല പൊലീസ് ഏറ്റുമാനൂർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിവരമറിയിച്ചു. പിന്നാലെ, ഹരിപ്പാട്, മാന്നാർ, പരശുവയ്ക്കൽ ക്ഷേത്രങ്ങളിലെ മോഷണ വിവരവും പുറത്തു വന്നു. ഏറ്റുമാനൂരിലെ വിഗ്രഹം പൊലീസ് സ്റ്റീഫന്റെ വീട്ടിനടുത്തുനിന്ന് പിന്നീട് കണ്ടെടുത്തു. തങ്കവിഗ്രഹത്തിന്റെ 90 പവൻ വരുന്ന പ്രഭ കൊട്ടാരക്കരയിലെ ഒരു ജ്വല്ലറിയിൽനിന്നു കണ്ടെടുത്തു.

സ്റ്റീഫൻ – ഇരുപത്തിമൂന്നു വയസ്, കായിക അഭ്യാസി. കളരിപ്പയറ്ററിയാം. ഇരുപത്തിമൂന്നുകാരനായ സ്റ്റീഫന്റെ ഇരുപത്തി രണ്ടാമത്തെ മോഷണമായിരുന്നു ഏറ്റുമാനൂരിലേത്. ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാളുടെ പ്രധാന തൊഴിൽ വിഗ്രഹമോഷണമായിരുന്നു. റേഡിയോയും മോഷ്ടിച്ചിരുന്നു. സ്ത്രീകളുടെ മാല മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. സ്റ്റീഫൻ എന്തിനു തലസ്ഥാനത്തുനിന്നു കോട്ടയത്തെത്തി വിഗ്രഹം മോഷ്ടിച്ചു?

‘എനിക്കൊരു വണ്ടി വാങ്ങണം. വേറൊരാളുടെ വണ്ടി ഓടിക്കാൻ വയ്യ’ – മോഷണം നടക്കുന്നതിനുമുൻപ് സ്റ്റീഫൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. ആഢംബരപ്രിയനായിരുന്നു സ്റ്റീഫൻ. നല്ല വസ്ത്രങ്ങൾ ധരിക്കണം, നല്ല ആഹാരം കഴിക്കണം. – സ്റ്റീഫൻ കൂട്ടുകാരോട് പറഞ്ഞു. മോഹങ്ങൾ യാഥാർഥ്യമാക്കാൻ കണ്ട എളുപ്പവഴിയായിരുന്നു മോഷണം. ചെറിയ പ്രായത്തിൽതന്നെ മോഷണം തുടങ്ങി. സ്വന്തം വീട്ടിലെയും അയൽവീടുകളിലേയും പാത്രങ്ങൾ ആദ്യം മോഷ്ടിച്ചു. അതു വിറ്റ് കറങ്ങി നടന്നു. പിന്നെ സൈക്കിളുകൾ മോഷ്ടിക്കാൻ തുടങ്ങി. പൊഴിയൂരിലെ കൊടയാലിൽനിന്ന് 22 വർഷം മുൻപാണ് സ്റ്റീഫന്റെ പിതാവ് ചെല്ലയ്യൻ നാടാരും കുടുംബവും ധനുവച്ചപുരത്തെത്തിയത്. കയ്യിലുള്ള പണം നൽകി ഒരേക്കർ ഭൂമി വാങ്ങി കൃഷി ആരംഭിച്ചു. ചെല്ലയ്യൻ നാടാരുടെ ഇളയ മകനായിരുന്നു സ്റ്റീഫൻ. രണ്ടു പെൺമക്കൾക്കുശേഷമുണ്ടായ സ്റ്റീഫനെ വളരെയധികം ലാളിച്ചാണ് വളർത്തിയത്. ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്ന സ്റ്റീഫൻ പാറശാല ജിംനേഷ്യത്തിലെ അംഗമായിരുന്നു. കളരിപ്പയറ്റും അഭ്യസിച്ചിരുന്നു. മോഷണം നടക്കുന്നതിന് മൂന്നു വർഷം മുൻപ് സ്റ്റീഫൻ ഡ്രൈവിങ് ലൈസൻസ് നേടി. അന്നു മുതൽ കാർ വാങ്ങണമെന്ന മോഹം മനസിലുണ്ടായിരുന്നു. അതിനു പണം കണ്ടെത്താനാണ് ഏറ്റുമാനൂരിലേക്കെത്തിയത്.

സുരക്ഷയുള്ള ക്ഷേത്രത്തിനകത്ത് സ്റ്റീഫൻ എങ്ങനെയെത്തി? ചോദ്യം ചെയ്യലിൽ സ്റ്റീഫൻ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു. ഒറ്റയ്ക്കാണ് സ്റ്റീഫൻ ഏറ്റുമാനൂരിലെത്തുന്നത്. ലക്ഷ്യം സ്വർണവിഗ്രഹമല്ലായിരുന്നു. സ്വർണത്തിൽ നിർമ്മിച്ച ഏഴരപൊന്നാനയായിരുന്നു. ക്ഷേത്രത്തിൽ കോടിയർച്ചന നടക്കുന്നതും ഏഴരപൊന്നാന പ്രദർശനം സംബന്ധിച്ച പത്രവാർത്തയുമാണ് സ്റ്റീഫനെ ഏറ്റുമാനൂരിലേക്ക് ആകർഷിച്ചത്. ഒരു തവണ ഏറ്റുമാനൂരിലെത്തി പരിസരം നിരീക്ഷിച്ച സ്റ്റീഫൻ രണ്ടുദിവസത്തിനുശേഷം വീണ്ടുമെത്തി. സെക്കൻഡ് ഷോ കണ്ടശേഷം കിഴക്കുവശത്തെ ക്ഷേത്രമതിൽ കടന്നു തെക്കുവശത്തെ വിളക്കുമാടത്തിനു സമീപമുള്ള പോസ്റ്റുവഴി നാലമ്പലത്തിന്റെ ചെമ്പുമേൽക്കൂരയ്ക്ക് മുകളിൽ കയറി. ശേഷം നാലമ്പലത്തിനകത്തു ശ്രീകോവിലിന്റെ കിഴക്ക് വശത്ത് ചാടിയിറങ്ങി.

ശ്രീകോവിലിന്റെ ഓടാമ്പൽ കമ്പിപ്പാരകൊണ്ടു വളച്ചു കതകു തള്ളിത്തുറന്ന് അകത്തു കയറി ഇരുമ്പുവാതിലിന്റെ പൂട്ട് തകർത്ത് അകത്തെ വാതിൽ തുറന്ന് വിഗ്രഹത്തിനടുത്തെത്തി. പ്രഭാവലയത്തിലെ ഒരു ലക്ഷ്മീരൂപം വലിച്ചു ചീന്തിയെടുത്തു. സ്വർണത്താമരമൊട്ട് ഒടിച്ചെടുത്തു. മൂലവിഗ്രഹവും അതുറപ്പിച്ച വെള്ളിപീഠവും കയ്യിലുണ്ടായിരുന്ന ചാക്കിലാക്കി. നാലമ്പലത്തിന്റെ മേൽക്കൂരവഴിതന്നെ പുറത്തുകടന്നു. അടുത്തുള്ളൊരു കുറ്റിക്കാട്ടിൽ വിഗ്രഹം ഒളിപ്പിച്ചു.

ലക്ഷ്മീരൂപവും താമരമൊട്ടുമായി ഏറ്റുമാനൂർ ജംക്‌ഷനിലെത്തി ഒരു കടയിൽനിന്ന് ചായ കുടിച്ചു. ഒരു ബസിൽ കയറി കൊട്ടാരയ്ക്കരയെത്തി. അവിടെ ഒരു ജ്വല്ലറി ഉടമയെ ലക്ഷ്മീരൂപവും താമരമൊട്ടും ഏൽപിച്ചു. വിഗ്രഹം പീഠത്തിൽനിന്ന് അറുത്തു മാറ്റാനുള്ള ആയുധവുമായി തിരിച്ച് ഏറ്റുമാനൂരെത്തി. വിഗ്രഹം ഒളിച്ചുവച്ച കുറ്റിക്കാട്ടിൽ കടന്നു വിഗ്രഹം അറുത്തുമാറ്റി അരയിൽകെട്ടി അതുമായി സ്ഥലം വിട്ടു. ഈ സമയങ്ങളിലെല്ലാം ഏറ്റുമാനൂർ ക്ഷേത്രത്തിൽ പൊലീസിന്റെയും ഭക്തജനങ്ങളുടേയും തിരക്കായിരുന്നു. പൊലീസ് നായയും മണത്തുനടക്കുകയായിരുന്നു. ആരും സ്റ്റീഫനെ തിരിച്ചറിഞ്ഞില്ല. മോഷണ മുതലുമായി സ്റ്റീഫൻ പാറശാലയിലെ വീട്ടിലെത്തി. അച്ഛനോട് വിവരം പറഞ്ഞു. വീട്ടുകാരുടെ നിർദേശമനുസരിച്ചാണ് പുരയിടത്തിൽ കുഴിച്ചിട്ടത്. കുറ്റം ഏറ്റുപറഞ്ഞ സ്റ്റീഫന് ‌ആറുവർഷം കഠിനതടവ് ലഭിച്ചു. പിന്നീടിയാൾ മാനസാന്തരപ്പെട്ട് സുവിശേഷമാർഗത്തിലേക്ക് തിരിഞ്ഞു. വലിയ ആഘോഷമായാണ് വിഗ്രഹം തലസ്ഥാന നഗരിയിൽനിന്ന് ഏറ്റുമാനൂരിലേക്ക് കൊണ്ടുവന്നത്.

സ്റ്റീഫൻ പിടിയിലായതോടെ, മോഷ്ടാവിനെ പിടിക്കാൻ സഹായിച്ച രമണി നാട്ടിലെയും ഏറ്റുമാനൂരിലെയും താരമായി. രമണിയുടെ പഠന സഹായത്തിനായി ഭക്തർ പ്രത്യേക ഫണ്ട് രൂപീകരിച്ചു. രമണിയേയും മാതാപിതാക്കളെയും ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. രമണിയുടെ വീട്ടിലേക്ക് നിരവധി സമ്മാനങ്ങളെത്തി. പണവും മിഠായിയും വസ്ത്രങ്ങളുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. 37 വർഷങ്ങൾക്കു മുൻപ് വാർത്തകളിൽ താരമായ നേടിയ രമണി ഇന്നെവിടെയാണ്? കൃപാകടാക്ഷം ചൊരിഞ്ഞ് ഏറ്റുമാനൂരിൽ വിഗ്രഹം പരിലസിക്കുമ്പോൾ രമണി ഇന്ന് എവിടെയാകാം?