Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദികർക്കെതിരായ പീഡന ആരോപണം: അന്വേഷണത്തോട് സഹകരിക്കുമെന്ന് കാതോലിക്കാ ബാവ

Baselius Marthoma Paulose II

കൊച്ചി∙ ഓർത്തഡോക്സ് സഭയിലെ വൈദികനെതിരായ പീഡനക്കേസിലെ അന്വേഷണത്തോടു സഹകരിക്കുമെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാബാവ. എല്ലാ സഹായങ്ങളും പരിശുദ്ധ കാതോലിക്കാ ബാവ വാഗ്ദാനം ചെയ്തെന്ന് ഐജി: ശ്രീജിത്ത് പറഞ്ഞു. നിയമനടപടികൾക്കു തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നും ഐജി വ്യക്തമാക്കി.

അതിനിടെ, യുവതിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയരായ ഓർത്തഡോക്സ് സഭാ വൈദികരിൽ ഒരാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ ഫാ. എബ്രഹാം വർഗീസാണ് (സോണി) കോടതിയെ സമീപിച്ചിരിക്കുന്നത്. ഇദ്ദേഹമടക്കം നാലു വൈദികർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. ഫാ. ജെയ്സ് കെ.ജോർജ്, ഫാ.ജോൺസൺ വി. മാത്യു, ഫാ. ജോബ് മാത്യു എന്നിവരാണു മറ്റു വൈദികർ. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡനം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അതേസമയം, കേസിൽനിന്ന് ഒഴിവാക്കപ്പെട്ട വൈദികനെതിരെയും തെളിവുകളുണ്ടെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പീഡിപ്പിക്കപ്പെട്ടത് 16–ാം വയസ്സിലെന്നു യുവതിയുടെ മൊഴിയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനു യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിലാണു പ്രഥമവിവര റിപ്പോർട്ട് തയാറാക്കി കേസ് റജിസ്റ്റർ ചെയ്തത്. വിവിധ സ്ഥലങ്ങളിൽ പീഡനം നടന്നതിനാൽ ലോക്കൽ പൊലീസ് സ്റ്റേഷനുകളെ ഒഴിവാക്കി ക്രൈംബ്രാഞ്ച് െഹഡ്ക്വാർട്ടേഴ്സിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴി ക്രിമിനൽ നടപടിക്രമം 164–ാം വകുപ്പുപ്രകാരം മജിസ്ട്രേട്ടിനു മുൻപിൽ രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.