Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നാണ് തിരിച്ചു പോവുക? വിശക്കുന്നു: ഗുഹയിലെ ഇരുട്ടിൽ പതറാതെ തായ് കുട്ടികൾ

thailand-cave-soccer-team തായ്‌ലൻഡ് ഗുഹയിൽ അകപ്പെട്ട കുട്ടികൾ.

മായ് സായ് (തായ്‌ലൻഡ്)∙ ഇരുളടഞ്ഞ വെള്ളത്തിലൂടെ ഗുഹയിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തുമ്പോൾ വെള്ളം കയറാത്ത ഗുഹാമുഖത്തുനിന്ന് ഒരുപാടകലെ നിലത്ത് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. കൈയിലെ ടോർച്ച് മുഖത്തേക്കു തെളിച്ച് ഒരു കുട്ടിയോടു രക്ഷാപ്രവർത്തകനായ ബ്രിട്ടിഷ് ഡൈവർമാരിലൊരാൾ ചോദിച്ചു, നിങ്ങൾ എത്രപേരുണ്ട്? 13 എന്ന് മറുപടി. രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി അവർ എല്ലാവരും ഒരിടത്തുതന്നെയുണ്ടായിരുന്നു.

Read: തായ്‌ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം ‘മാസങ്ങൾ’ വൈകാൻ സാധ്യത

തായ്‍ലൻഡിൽ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളും കോച്ചും ഒൻപതു ദിവസം ഭയത്തോടെ മുഖാമുഖം കണ്ടിടത്തുനിന്ന് പത്താം ദിനം രക്ഷിക്കാനായി എത്തിയവരോട് അവർ ആദ്യം പറഞ്ഞത് നന്ദിയെന്നാണ്. കുട്ടികളെ രക്ഷിക്കാനെത്തിയവർ ചോദിച്ചതും മറുപടിയായി ലഭിച്ചതും ചുവടെ.

കുട്ടികൾ: ഹേയ്... നന്ദി, നന്ദി

രക്ഷാപ്രവർത്തകൻ: നിങ്ങൾ എത്രപേരുണ്ട്?

കുട്ടി: 13

രക്ഷാപ്രവർത്തകൻ: 13, ബ്രില്യന്റ്

കുട്ടി: നമ്മൾ ഇന്നു തിരിച്ചുപോകില്ലേ?

രക്ഷാപ്രവർത്തകൻ: ഇന്നല്ല, ഇന്നല്ല. ഞങ്ങൾ രണ്ടുപേരേ ഉള്ളൂ. ഞങ്ങൾ വരുന്നുണ്ടെന്ന് അവരോടു പറയണം. കുഴപ്പമില്ല. കുറേപ്പേർ വരുന്നുണ്ട്. ഞങ്ങൾ ആദ്യം എത്തിയെന്നേ ഉള്ളൂ.

കുട്ടി: ഇന്ന് ഏതു ദിവസമാണ്?

രക്ഷാപ്രവർത്തകൻ: ഇന്ന് ഏതു ദിവസമാണെന്നോ? തിങ്കളാഴ്ച, തിങ്കളാഴ്ച. നിങ്ങൾ ഇതിനകത്ത് അകപ്പെട്ടിട്ട് 10 ദിവസമായി, 10 ദിവസം. നിങ്ങൾ വളരെ ശക്തരാണ്. വളരെ ശക്തരാണ്.

കുട്ടി: (പറയുന്നത് വ്യക്തമല്ല)

രക്ഷാപ്രവർത്തകൻ: ഓകെ. ഞങ്ങൾ വരും.

കുട്ടി: ഞങ്ങൾക്കു വിശക്കുന്നു

രക്ഷാപ്രവർത്തകൻ: അറിയാം, അറിയാം, ഞാൻ മനസ്സിലാക്കുന്നു. ഞങ്ങൾ വരാം. ഓകെ. ഞങ്ങൾ വരാം.

മറ്റൊരു കുട്ടി: ഞങ്ങൾക്കു വിശക്കുന്നുവെന്നു അവരോടു പറയൂ (തായ് ഭാഷയിൽ)

കുട്ടി: അവർക്കതറിയാമെന്നു പറഞ്ഞു (തായ് ഭാഷയിൽ)

രക്ഷാപ്രവർത്തകൻ: ഞങ്ങൾ വന്നു, ഞങ്ങൾ വന്നു.

മറ്റൊരു കുട്ടി: ഞങ്ങൾ ഒന്നും കഴിച്ചിട്ടില്ല (തായ് ഭാഷയിൽ) ഞങ്ങൾക്കു ഭക്ഷണം വേണം, ഭക്ഷണം വേണം, ഭക്ഷണം വേണം.

കുട്ടി: അവരോടു പറഞ്ഞിട്ടുണ്ട് (തായ് ഭാഷയിൽ).

രക്ഷാപ്രവർത്തകൻ: നാവികസേനയുടെ സീൽ വിഭാഗം നാളെയെത്തും ഭക്ഷണവുും ഡോക്ടർമാരുമുൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമായി.

കുട്ടികൾ: ഞങ്ങൾക്കു സന്തോഷമായി.

രക്ഷാപ്രവർത്തകർ: ഞങ്ങൾക്കും

കുട്ടികൾ: നന്ദി, വളരെയധികം നന്ദിയുണ്ട്.

രക്ഷാപ്രവർത്തകർ: ഓകെ

കുട്ടികൾ: നിങ്ങൾ എവിടെനിന്നുള്ളവരാണ്?

രക്ഷാപ്രവർത്തകൻ: ഇംഗ്ലണ്ട്, യുകെ.

കുട്ടികൾ: ഓഹ്!

ബ്രിട്ടിഷ് ഡൈവർമാരായ ജോൺ വോളന്തെനും റിക് സ്റ്റാന്റനുമാണ് കുട്ടികളെയും കോച്ചിനെയും ആദ്യം കണ്ടെത്തിയത്. ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇവർ ഗുഹകളിൽ അകപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിൽ വിദഗ്ധരാണ്.