Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഫ്. ഗവർണർ സ്വതന്ത്ര തീരുമാനമെടുക്കേണ്ട; എഎപി നിലപാടിന് കോടതിയിൽ ജയം

PTI1_12_2018_000153A

ന്യൂഡൽഹി∙ ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീം കോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർ‌ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. മാത്രമല്ല, ഡൽഹിക്ക് പൂർണ സംസ്ഥാന പദവി വേണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവർണറുടെ പദവി ഗവർണർക്കു തുല്യമല്ല. എല്ലാത്തിനും ഗവർണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഗവർണർക്കും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, അഞ്ചംഗ ബെഞ്ചിൽ മൂന്നു ജഡ്ജിമാർ പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്‌.

ചീഫ് ജസ്റ്റിസ് പറയുന്നത്:

∙ ഭരണഘടനാപരമായ ഫെഡറലിസം കൊണ്ടുവരുന്നതിന് സർക്കാരും ലഫ്. ഗവർണറും യോജിച്ചു പ്രവർത്തിക്കണം.

∙ പൂർണ സംസ്ഥാന പദവി ഡൽഹിക്ക് നൽകാനാകില്ല.

∙ ഭരണഘടന അനുവദിക്കുന്ന കാര്യങ്ങളിലല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാന്‍ ഡൽഹി സർക്കാരിന് അധികാരമില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാൻ. അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണം.

∙ എല്ലാ കാര്യത്തിലും ലഫ്. ഗവർണറുടെ അനുമതി ആവശ്യമില്ല. ഒരാളും മറ്റൊരാളുടെയും മുകളിലല്ല. പരസ്പര ബഹുമാനം പുലർത്തണം.

∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവർണർ അനിൽ ബൈജലും തമ്മിലുള്ള അധികാരത്തർക്കം മറ്റൊരു ബെഞ്ചിനു വിട്ടു.

∙ ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനാണ് കൂടുതൽ അധികാരം. പൊതു ഉത്തരവുകൾ, പൊലീസ്, ഭൂമി എന്നിവയിൽ മാത്രമായി സുപ്രീം കോടതി എൽജിയുടെ അധികാരം പരിമിതപ്പെടുത്തി.

15 ദിവസത്തെ വാദപ്രതിവാദങ്ങളാണു കോടതിയിൽ നടന്നത്. മുതിർന്ന അഭിഭാഷകരുടെ നിര തന്നെ ഡൽഹി സർക്കാരിനുവേണ്ടി ഹാജരായി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ഇന്ദിര ജയ്സിങ് എന്നിവർ എഎപി സർക്കാരിനു വേണ്ടി ഹാജരായപ്പോൾ കേന്ദ്രത്തിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് കോടതിയിൽ വാദമുഖങ്ങൾ നിരത്തി.

ലഫ്. ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ ഏറെ നിർണായകമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. പൂർണ സംസ്ഥാന പദവിയെന്ന വാദം തള്ളിയെങ്കിലും അതിനു വേണ്ടി വാദിക്കുന്ന അരവിന്ദ് കേജ്‍രിവാളിന് ഏറെ നിർണായകമാണ് ഇന്നത്തെ വിധി. രാജ്യതലസ്ഥാനവും സമ്പൂർണ സംസ്ഥാന പദവിയില്ലാത്തതുമായ ഡൽഹിയുടെ ഭരണത്തലവൻ ലഫ്. ഗവർണറാണെന്നു ഡൽഹി ഹൈക്കോടതി 2016 ഓഗസ്റ്റിലാണു വിധിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങൾക്കനുസരിച്ചു ലഫ്. ഗവർണർ പ്രവർത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. ഇക്കാര്യത്തിൽ ഇന്നത്തെ വിധി വ്യക്തത വരുത്തുന്നുണ്ട്.

ഇതേത്തുടർന്നാണ് അധികാരത്തർക്കം സുപ്രീം കോടതിയിലെത്തിയത്. രാഷ്ട്രപതിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നാണു കേന്ദ്രത്തിന്റെ വാദം. എന്നാൽ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നു ഡൽഹിയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് എഎപി സർക്കാർ വാദിക്കുന്നു. ഡൽഹിക്കു പ്രത്യേക പദവി ലക്ഷ്യമിട്ടു പാർലമെന്റ് പാസാക്കിയ നിയമത്തിലെ 239 എഎ വകുപ്പാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിച്ചു ലഫ്. ഗവർണർ തീരുമാനമെടുക്കണമെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്നാണു സംസ്ഥാന സർക്കാർ വാദം. തർക്കം ലഫ്. ഗവർണറുമായിട്ടാണെങ്കിലും കേജ്‍രിവാൾ ഉന്നമിടുന്നതു കേന്ദ്രത്തെ തന്നെ. അടുത്തിടെ ലഫ്. ഗവർണറുടെ ഓഫിസിൽ അരവിന്ദ് കേജ്‍രിവാൾ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി വിധി ഏറെ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കുമെന്നു തീർച്ച.