Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയുമായി അഭിപ്രായവ്യത്യാസം: മന്ത്രിമാർ രാജിവച്ചു; ബ്രിട്ടിഷ് സർക്കാർ പ്രതിസന്ധിയിൽ

Theresa May

ലണ്ടൻ∙ തെരേസ മേ സർക്കാരിലെ ഏറ്റവും ശക്തരായ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും െബ്രക്സിറ്റ് മന്ത്രി ഡേവിഡ് ഡേവീസും രാജിവച്ചു. ബ്രെക്സിറ്റ് ഉടമ്പടിക്കായി യൂറോപ്യൻ യൂണിയനുമായി നടക്കുന്ന വിടുതൽ ചർച്ചകളിലും വ്യാപാര - വാണിജ്യ ഉടമ്പടിയിലും അമിതമായ വിട്ടുവീഴ്ചകൾ ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണു രാജി. കടുത്ത ബ്രെക്സിറ്റ് വാദികളായ ബോറിസും ഡേവിഡും ഏതാനും മണിക്കൂറുകളുടെ ഇടവേളയിലാണു രാജിവച്ചു സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഇവർക്കു പിന്തുണയുമായി ബ്രെക്സിറ്റ് സഹമന്ത്രി സ്റ്റീവ് ബേക്കറും മന്ത്രിമാരുടെ രണ്ടു സഹായികളും രാജിവച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ബ്രെക്സിറ്റ് അനുകൂലികൾ ഇവർക്കു പിന്തുണയുമായി രംഗത്തുവരുമെന്നാണു വിലയിരുത്തൽ മുതിർന്ന മന്ത്രിമാർ രാജിവച്ചതോടെ തെരേസ മേ സർക്കാരിന്റെ നിലനിൽപുതന്നെ അപകടത്തിലാകുമെന്നാണു വിലയിരുത്തൽ. മാസങ്ങൾക്കുള്ളിൽ ബ്രിട്ടനിൽ നേതൃമാറ്റമോ പൊതു തിരഞ്ഞെടുപ്പോ ഉണ്ടാകാനുള്ള സാധ്യതയാണ് എല്ലാ രാഷ്ട്രീയ നിരീക്ഷകരും കൽപിക്കുന്നത്.

ജെറമി ഹണ്ട് പുതിയ വിദേശകാര്യ സെക്രട്ടറി

രാജിവച്ച മന്ത്രിമാർക്ക് ഉടൻതന്നെ പകരക്കാരെ നിയമിച്ച് അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി തെരേസ മേയും. ഹെൽത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടാണ് പുതിയ വിദേശ കാര്യ സെക്രട്ടറി. സാംസ്കാരിക വകുപ്പു മന്ത്രിയായ മാറ്റ് ഹാൻകോക്കിനെ പുതിയ ആരോഗ്യമന്ത്രിയായും നിയമിച്ചു. അറ്റോർണി ജനറൽ ജെറമി റൈറ്റാണു പുതിയ സാംസ്കാരിക മന്ത്രി. പാർലമെന്റിലെ പുതുമുഖമായ ജെഫ്രി കോക്സിനെ അറ്റോർണി ജനറലായും നിയമിച്ചു.

നിലവിൽ ഭവനകാര്യ മന്ത്രിയായിരുന്ന ഡൊമിനിക് റാബാണു പുതിയ ബ്രെക്സിറ്റ് മന്ത്രി. ബ്രെക്സിറ്റ് ഹിതപരിശോധനാ ക്യാംപെയ്നിൽ ലീവ് പക്ഷത്തെ പ്രമുഖനായിരുന്നു ഡൊമിനിക്. എന്നാൽ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതനായ ജെറമി ഹണ്ട് ഹിതപരിശോധനയിൽ റിമെയ്ൻ പക്ഷത്തായിരുന്നു.

രാജിവച്ച മന്ത്രിമാരുടെ ഇതുവരെയുള്ള സേവനങ്ങൾക്കു നന്ദി പറഞ്ഞാണു പ്രധാനമന്ത്രി മൂന്നുപേരുടെയും രാജി സ്വീകരിച്ചത്. സർക്കാരിന് ഒരു പ്രതിസന്ധിയും ഇല്ലെന്ന മട്ടിലാണു പ്രധാനമന്ത്രി ഉടൻതന്നെ വകുപ്പുകൾ മാറ്റി നൽകിയും പുതിയ മന്ത്രിമാരെ നിയമിച്ചും രാജി സമ്മർദത്തെ അതിജീവിക്കാൻ ശ്രമിക്കുന്നത്.

ആദ്യം രാജിവച്ചത് ഡേവിഡ് ഡേവീസ്

ഇതുവരെയുള്ള ബ്രെക്സിറ്റ് ചർച്ചകൾക്കു ചുക്കാൻ പിടിച്ചിരുന്ന ഡേവിഡ് ഡേവീസാണ് ഞായറാഴ്ച രാത്രി അപ്രതീക്ഷിതമായി രാജിവച്ച് ഏവരെയും ആദ്യം ഞെട്ടിച്ചത്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞു തിങ്കളാഴ്ച രാവിലെയായിരുന്നു ബോറിസ് ജോൺസന്റെ രാജി പ്രഖ്യാപനം. രാത്രി തന്നെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.

പ്രധാനമന്ത്രിക്ക് കടുത്ത വിമർശനം

രാജിവച്ച മന്ത്രിമാർ രണ്ടുപേരും ബ്രെക്സിറ്റ് ചർച്ചകളിലെ വിട്ടുവീഴ്ചകളുടെ പേരിൽ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വളരെ എളുപ്പത്തിൽ പ്രധാനമന്ത്രി ഒട്ടേറെ വിട്ടുവീഴ്ചകൾക്കു തയാറായി എന്നായിരുന്നു ഡേവിഡ് ഡേവീസിന്റെ വിമർശനം. യഥാർഥത്തിൽ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ പ്രധാനമന്ത്രിക്കു പദ്ധതിയില്ലെന്നു പോലും അദ്ദേഹം പിന്നീടു ടെലിവിഷൻ അഭിമുഖത്തിൽ തുറന്നടിച്ചു.

ബ്രെക്സിറ്റിനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ മരിക്കുകയാണെന്നായിരുന്നു ബോറിസ് ജോൺസന്റെ പ്രതികരണം. പ്രധാനമന്ത്രി തെരേസ മേ രാജ്യത്തെ സെമി ബ്രെക്സിറ്റിലേക്കാണു നയിക്കുന്നതെന്നും ഇതു ബ്രിട്ടനെ യൂറോപ്യൻ യൂണിയന്റെ കോളനിയാക്കുമെന്നും അദ്ദേഹം രാജിക്കത്തിൽ ആരോപണം ഉന്നയിച്ചു.

ബോറിസിന്റെ തീരുമാനം അമ്പരപ്പിച്ചെന്ന് പ്രധാനമന്ത്രി

ബ്രെക്സിറ്റ് സംബന്ധിച്ചു വെള്ളിയാഴ്ച എടുത്ത ക്യാബിനറ്റ് തീരുമാനങ്ങളെ പൂർണമായും പിന്തുണച്ചശേഷം പെട്ടെന്നുണ്ടായ ബോറിസ് ജോൺസന്റെ രാജി തന്നെ തെല്ല് അമ്പരപ്പിച്ചതായി പ്രധാനമന്ത്രി. ഹിതപരിശോധനയുടെ ഫലത്തെ മാനിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ മാത്രമേ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകൂ. അതിർത്തിയുടെയും നിമയമത്തിന്റെയും കറൻസിയുടെയും എല്ലാം നിയന്ത്രണങ്ങൾ തിരിച്ചുപിടിക്കും. രാജ്യതാൽപര്യത്തിനനുസരിച്ചുള്ള വ്യാപാര - വാണിജ്യ കരാറും ബ്രെക്സിറ്റ് ഉടമ്പടിയുടെ ഭാഗമായുണ്ടാകുമെന്നു പ്രധാനമന്ത്രി ആവർത്തിച്ചു.

ഭൂരിപക്ഷം എപ്പോഴും ഭീഷണി

മന്ത്രിമാരുടെ രാജിയുണ്ടാക്കിയ പ്രതിസന്ധി തൽകാലത്തേക്കു പരിഹരിക്കാനായാലും തെരേസ മേയുടെ ന്യൂനപക്ഷ സർക്കാരിന്റെ ഭാവി ഏതു നിമിഷവും അപകടത്തിലാകാം. നോർത്തേൺ അയർലൻഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ (ഡിയുപി) 10 എംപിമാരുടെ പിന്തുണയോടെയാണു ടോറി സർക്കാർ ഭൂരിപക്ഷം ഉറപ്പിക്കുന്നത്. രാജിവച്ച മന്ത്രിമാരോടൊപ്പം ഏതാനും ബ്രെക്സിറ്റ് വാദികൾകൂടി കൂടിയാൽ ഭൂരിപക്ഷത്തിനു ഡിയുപിയുടെ പിന്തുണ പോരാതെയാകും. ഈ സാഹചര്യത്തിൽ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരികയോ സർക്കാർ അവതരിപ്പക്കുന്ന ഏതെങ്കിലും ബിൽ പാസാകാതെ വരികയോ ചെയ്താൽ മന്ത്രിസഭ വീഴും. ഇതുതന്നെയാണ് ഏതാനും മാസങ്ങളേ തെരേസ മേ സർക്കാരിന് ആയുസുണ്ടാകൂ എന്നു നിരീക്ഷകർ പറയാൻ കാരണം. ഡിയുപിയുടെ സർക്കാരിനുള്ള പിന്തുണ തന്നെ ബ്രെക്സിറ്റ് നടപ്പാക്കാനായാണ്. അപ്പോൾ ബോറിസ് ആരോപിക്കുന്നതുപോലെ സെമി ബ്രെക്സിറ്റിനായുള്ള തെരേസ മേയുടെ ശ്രമങ്ങളെ എത്രമാത്രം അവർ പിന്തുണയ്ക്കുമെന്നു കണ്ടറിയണം.

2019 മാർച്ച് 29നാണ് ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും വഴിപിരിയേണ്ടത്. ഇതിനു മുമ്പായി ഇരുകൂട്ടരും പരസ്പരമുള്ള ചർച്ചകൾ പൂർത്തിയാക്കി ഉടമ്പടി ഒപ്പുവയ്ക്കണം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കവേയാണു പ്രധാനമന്ത്രി അമിത വിട്ടുവീഴ്ച ചെയ്യുന്നുവെന്നാരോപിച്ചു മന്ത്രിമാർ രാജി വച്ചിരിക്കുന്നത്. ചർച്ച നയിച്ചിരുന്ന ബ്രെക്സിറ്റ് മന്ത്രി തന്നെ രാജിവച്ചതോടെ സർക്കാരിനുണ്ടായ വിശ്വാസതകർച്ച അതിഭയങ്കരമായി. മികച്ചൊരു ബ്രെക്സിറ്റ് ഡീലുണ്ടാക്കാൻ തെരേസ മേയ്ക്ക് സാധിക്കില്ല എന്നു വിശ്വസിക്കുന്നവരാണു രാജ്യത്തെ മഹാ ഭൂരിപക്ഷവും എന്നാണ് ഇതേക്കുറിച്ചുള്ള പുതിയ സർവേ ഫലം.