Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ബ്രിട്ടിഷ് സന്ദർശനം നാളെ മുതൽ; പ്രതിഷേധിക്കാനൊരുങ്ങി ഒരുലക്ഷം പേർ

Donald Trump

ലണ്ടൻ∙ ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി നാളെ ബ്രിട്ടനിലെത്തും. പ്രസിഡന്റായശേഷമുള്ള ട്രംപിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനമാണിത്. ഔദ്യോഗിക സന്ദർശനമാണെങ്കിലും രാജ്ഞിയുടെ ആതിഥേയത്വം സ്വീകരിച്ചുള്ള സ്റ്റേറ്റ് വിസിറ്റല്ല ഇത്. എങ്കിലും വിൻസർ കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായും പിന്നീട് പ്രധാനമന്ത്രി തെരേസ മേയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ലണ്ടനു പുറത്ത് ബക്കിങ്ങാംഷെയറിലുള്ള പ്രധാനമന്ത്രിയുടെ വസതിയായ ചെക്കേഴ്സിലാകും ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. പ്രതിഷേധക്കാരെ ഭയന്നാണു ലണ്ടനിലെ കൂടിക്കാഴ്ച ഒഴിവാക്കിയത്.

ട്രംപിന്റെ സന്ദർശനത്തെ തുറന്നെതിർക്കുന്ന നിരവധി സംഘടനകൾ സംയുക്തമായി വൻ പ്രതിഷേധപരിപാടികളാണു ലണ്ടനിൽ തയാറാക്കിയിട്ടുള്ളത്. നാളെ വൈകിട്ട് റീജന്റ്സ് പാർക്കിലും യുഎസ് അംബാസിഡറുടെ വസതിക്കു മുന്നിലും പതിനായിരക്കണക്കിനു പ്രതിഷേധക്കാർ അണിനിരക്കുമെന്നാണു റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ ചെക്കേഴ്സിനു മുന്നിലും ഉച്ചയ്ക്കു രണ്ടിനു ലണ്ടനിലെ ബിബിസി ആസ്ഥാനമന്ദിരത്തിനു മുന്നിലും പ്രതിഷേധക്കാർ തടിച്ചുകൂടും. വെള്ളിയാഴ്ച വൈകിട്ട് ട്രഫാൾഗർ സ്ക്വയറിലും പ്രതിഷേധ റാലിക്ക് ആഹ്വാനമുണ്ട്. പല സ്ഥലങ്ങളിലായി ഒരുലക്ഷത്തിലേറെയാളുകൾ ട്രംപിനെ എതിർക്കാൻ തെരുവിലിറങ്ങുമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്.

പ്രതിഷേധക്കാരെ ഭയന്നു ലണ്ടനിൽ ട്രംപിന്റെ പരിപാടികൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. യുഎസ് അംബാസഡറുടെ ഔദ്യോഗിക വസതിയിലാകും പ്രസിഡന്റ് താമസിക്കുക എന്നാണ് ഇതുവരെയുള്ള വാർത്തകൾ. എന്നാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അവസാനനിമിഷം ഈ തീരുമാനം മാറ്റാനും സാധ്യതയുണ്ട്.

പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ലണ്ടൻ മേയർ സാദിഖ് ഖാനും പ്രസിഡന്റ് ട്രംപിന്റെ സന്ദർശനത്തോടു പരസ്യമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു പ്രതിഷേധക്കാർക്കു കരുത്താകും.

പ്രസിഡന്റാകുന്നതിനു മുമ്പും അതിനുശേഷവും നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും പരസ്യമായ ബ്രെക്സിറ്റ് അനുകൂല നിലപാടുകളുമാണു ട്രംപിനു ബ്രിട്ടനിൽ ഏറെ ശത്രുക്കളുണ്ടാകാൻ കാരണം. ട്രംപ് നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾക്കെതിരെ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള നേതാക്കൾ കടുത്ത വിമർശനം തന്നെ നടത്തിയിരുന്നു. ഇതു കൂടാതെ ബ്രിട്ടനെ ചൊടിപ്പിക്കുന്ന ഒട്ടേറെ വിവാദ പ്രസ്താവനകളും നടപടികളും കഴിഞ്ഞ രണ്ടുവർഷത്തിനിടെ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ലണ്ടനിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെയും കത്തിക്കുത്തിനെയും വിമർശിച്ചതും എൻഎച്ച്എസിന്റെ പ്രവർത്തനത്തെ കളിയാക്കിയതും പ്രതിഷേധത്തിനിടയാക്കി.

ബ്രെക്സിറ്റ് ക്യാംപെയ്ൻ കാലത്ത് തീവ്ര വലതുപക്ഷകക്ഷിയായ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടിക്കു പരസ്യ പിന്തുണ നൽകിയതും അവരുടെ നേതാക്കളുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്തതുമെല്ലാം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത നടപടികളായിരുന്നു. പ്രസിഡന്റായശേഷം തെരേസ മേയെ കാണുന്നതിനു മുമ്പേ ട്രംപ് കണ്ടത് യുകെഐപി നേതാവ് നൈജൽ ഫെറാജിനെയാണ്.

സന്ദർശനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഇന്നലെ ബ്രസൽസിലും ട്രംപ് ബ്രിട്ടനെ ചൊടിപ്പിക്കുന്ന ചില പ്രസ്താവനകൾ നടത്തി. തെരേസ മേയെ കാണുന്നതു റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ കാണുന്നതിനേക്കാൾ പ്രയാസകരമാണെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. രണ്ടുദിവസം മുമ്പു തെരേസ മേയെ വിമർശിച്ചു സർക്കാരിൽനിന്നും രാജിവച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണെ പുകഴ്ത്തി സംസാരിക്കാനും ട്രംപ് മടികാണിച്ചില്ല. ജോൺസൺ തന്റെ അടുത്ത സുഹൃത്താണെന്നും ലണ്ടനിലെത്തായാൽ അദ്ദേഹത്തെ കാണുമെന്നുമായിരുന്നു ട്രംപിന്റെ പരാമർശം.

ട്രംപിന്റെ ഈ വിവാദ പരാമർശങ്ങളോടു വളരെ പക്വമായാണ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചത്. പ്രസിഡന്റുമായി ഏറെ കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്നു മാത്രമായിരുന്നു തെരേസ മേയുടെ പ്രതികരണം.

പ്രസിഡന്റായി സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കകം വാഷിങ്ടണിലെത്തിയ തെരേസ മേ അന്നുതന്നെ ട്രംപിനെ ബ്രിട്ടനിലേക്കു ക്ഷണിച്ചതാണ്. ഇരുനേതാക്കളും പരസ്പരം കരംഗ്രഹിച്ചു നടന്നു പരമ്പരാഗത സഖ്യം തുടരുമെന്നു പരസ്യമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം അത്രകണ്ട് ഊഷ്മളമായി തുടർന്നില്ല. അതുകൊണ്ടുതന്നെ ട്രംപിനു മുൻനിശ്ചയിച്ച ബ്രിട്ടിഷ് സന്ദർശനം പലവട്ടം മാറ്റിവയ്ക്കേണ്ടിയും വന്നു.

ജനുവരിയിൽ പുതിയ അമേരിക്കൻ എംബസിയുടെ ഉദ്ഘാടനത്തിനെത്താൻ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെങ്കിലും അവസാനനിമിഷം ഇത് വർക്കിങ് വിസിറ്റായിപ്പോലും നടത്താൻ സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നു.

മൂന്നുദിവസത്തെ സന്ദർശനത്തിൽ രാജ്ഞിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച കൂടിക്കാഴ്ച നടത്തുന്ന ട്രംപിന് മറ്റ് ഔദ്യോഗിക പരിപാടികൾ ഒന്നുമില്ല. മറ്റു ചില സ്വകാര്യ കൂടിക്കാഴ്ചകൾ ഉണ്ടെങ്കിലും അതെല്ലാം പ്രതിഷേധങ്ങൾ ഭയന്നു ലണ്ടനു പുറത്താണ്.

നാളെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രസിഡന്റ് നേരേ അമേരിക്കൻ അംബാസിഡറുടെ റീജൻസ് പാർക്കിലെ വസതിയിലേക്കാകും ആദ്യം പോകുക.

സ്കോട്ട്ലൻഡിലും അയർലൻഡിലും സ്വന്തമായി ഗോൾഫ് ക്ലബ്ബുള്ള ട്രംപ് സന്ദർശനത്തിന്റെ നല്ലൊരു സമയം സ്കോട്ട്ലൻഡിലെ ഗോൾഫ് ക്ലബ്ബിലാകും ചെലവഴിക്കുക. ട്രംപിന്റെ ഏറെ അടുപ്പക്കാരും അമ്മ വഴിയുള്ള ചില ബന്ധുക്കളും സ്കോട്ട്ലൻഡിലുണ്ട്.