Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തായ്‌ ദൗത്യം’ ഇന്ത്യയിലെങ്കിൽ വഴിതുറക്കുക പാരാ എസ്എഫ്; മുങ്ങിയെത്തും മാർകോസ്

Thailand Cave Navy Seal തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികൾക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം.

ന്യൂഡൽഹി∙ തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച തായ് നാവിക സേനാ വിഭാഗമായ നേവി സീലിനെ ലോകം അഭിനന്ദനങ്ങൾകൊണ്ടു മൂടുമ്പോൾ ഇന്ത്യക്കാർ ചിന്തിക്കുന്നു; ഇത്തരമൊരു സാഹചര്യം നമ്മുടെ രാജ്യത്തുണ്ടായാൽ ആരു രക്ഷയ്ക്കെത്തും? അതിനുള്ള ഉത്തരമാണ് നാവിക സേനയ്ക്കു കീഴിലുള്ള മറീൻ കമാൻഡോസ് (മാർകോസ്), ദേശീയ ദുരന്ത നിവാരണ സേനയ്ക്കു കീഴിലുള്ള രക്ഷാപ്രവർത്തന സംഘം (എൻഡിആർഎഫ്) എന്നിവ.

വെള്ളത്തിനടിയിൽ അതീവ ദുഷ്കര ദൗത്യങ്ങൾ നടത്താൻ വിദഗ്ധ പരിശീലനം നേടിയ നാവിക കമാൻഡോ സംഘമാണു മാർകോസ്. കരസേനയുടെ കമാൻഡോ വിഭാഗമായ പാരാ സ്പെഷൽ ഫോഴ്സ് (പാരാ– എസ്എഫ്), വ്യോമസേനാ വിഭാഗമായ ഗരുഡ് കമാൻഡോസ് എന്നിവയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

ഗുഹയിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ പ്രാരംഭ ജോലികൾ ചെയ്യുക പാരാ സ്പെഷൽ ഫോഴ്സ് ആയിരിക്കും. അപകടത്തിലകപ്പെട്ടവരുടെ കൃത്യമായ സ്ഥാനം കണ്ടെത്തുകയും അവരിലേക്കുള്ള വഴി നിശ്ചയിക്കുകയുമാണ് ആദ്യ ദൗത്യം. ബ്രിഗേഡ് കമാൻഡറുടെ നേതൃത്വത്തിലുള്ള പാരാ എസ്എഫ് കമാൻഡോകൾക്കായിരിക്കും ഇതിന്റെ ചുമതല. പിന്നാലെയാണു മാർകോസ് രംഗപ്രവേശനം ചെയ്യുക.

ആഴക്കടൽ ഡൈവിങ്ങിൽ അവർക്കുള്ള വൈദഗ്ധ്യം ഇത്തരം സാഹചര്യങ്ങളിൽ ഉപകരിക്കും. മുങ്ങൽ വിദഗ്ധരായ ഡോക്ടർമാരും മാർകോസിലുണ്ട്. വെള്ളത്തിനടിയിൽ കപ്പലുകളിലെ തകരാറുകൾ പരിഹരിക്കുന്നതു മുതൽ ശത്രു സൈന്യത്തിന്റെ കപ്പലുകൾക്കടിയിൽ ബോംബ് ഘടിപ്പിക്കുന്നതിൽ വരെ വിദഗ്ധരായ മുങ്ങൽ വിദഗ്ധരും (ക്ലിയറൻസ് ഡൈവേഴ്സ്) നാവിക സേനയിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അവരുടെ സേവനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും.

ആകാശമാർഗം രക്ഷാപ്രവർത്തനത്തിന് ഗരുഡ്

വനമേഖല പോലുള്ള ദുർഘട ഇടങ്ങളിൽ അപകടത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റേണ്ട സാഹചര്യങ്ങളിൽ വ്യോമസേനയുടെ ഗരുഡ് കമാൻഡോസ് രംഗത്തുവരും. ഹെലിക്കോപ്ടറിലുള്ള രക്ഷാപ്രവർത്തനത്തിൽ പാരാ എസ്എഫ്, മാർകോസ് എന്നിവയ്ക്കും മികവുണ്ടെങ്കിലും അതീവ ദുഷ്കര സാഹചര്യങ്ങളിൽ രംഗത്തിറങ്ങാൻ ഗരുഡ് കമാൻഡോസും സജ്ജം.

വെള്ളത്തിലുള്ള കമാൻഡോ നീക്കങ്ങളിലാണു വൈദഗ്ധ്യമെങ്കിലും മാർകോസ് സംഘം മികവിന്റെ മുദ്ര പതിപ്പിച്ചതു മറ്റൊരു ഓപ്പറേഷനിലാണ്. 2008ൽ മുംബൈയിലെ താജ് ഹോട്ടൽ ആക്രമിച്ച പാക്ക് ഭീകരരെ തുരത്തുന്നതിൽ (ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ) എൻഎസ്ജിക്കൊപ്പം (ദേശീയ സുരക്ഷാ സേന) അവർ നിർണായക പങ്കു വഹിച്ചു. 

∙ 'തായ്‌ലൻഡിലേതു പോലുള്ള അതീവ ദുർഘട രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയുടെ പക്കൽ വിദഗ്ധ സേനാംഗങ്ങളും ഉപകരണങ്ങളുമുണ്ട്. ഏതു സാഹചര്യവും നേരിടാൻ പ്രതിരോധ സേനകൾക്കു കീഴിലുള്ള കമാൻഡോ സംഘങ്ങൾ പൂർണ സജ്ജമാണ്.'

-  ലഫ്. ജനറൽ (റിട്ട) ചാക്കോ തരകൻ (കരസേനാ ആസ്ഥാനം മുൻ ഡയറക്ടർ ജനറൽ)