Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധക്കേസ്: നാലു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

abhimanyu-writing-slogans

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി ഇന്ന് അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ ഉടമ നിസാർ കരുവേലിപ്പടി എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ രാവിലെ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കൊലപാതക സംഘത്തിൽ 25 പേരുണ്ടായിരുന്നതായാണ് ഇതുവരെയുള്ള വിവരമെന്നും ഇതിൽ കൂടുതൽ പേർ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയൽവാസികളാണ് ആലപ്പുഴയിൽനിന്നു പിടിയിലായവർ. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിൽ സിഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.

പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടർച്ചയായി ഫോണിൽ വിളിച്ചതായി ബന്ധുക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം. അഭിമന്യുവിന്റെ ഫോൺ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബർ സെൽ നടത്തുന്നുണ്ട്. മഹാരാജാസ് കോളജിലെ മൂന്നാം വർഷം അറബിക് വിദ്യാർഥിയായ മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളി സംഘത്തിലെ പ്രതികൾ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്നു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങൾക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവർക്കെതിരെ തിരച്ചിൽ നോട്ടിസ് കൈമാറിയിരുന്നു.