Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം: ആശങ്കകള്‍ പരിശോധിക്കുമെന്നു രാഹുൽ ഗാന്ധി

Rahul-Gandhi രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെക്കുറിച്ചുയരുന്ന ആശങ്കകള്‍ പരിശോധിക്കുമെന്നു മുസ്‍ലിം പ്രതിനിധി സംഘത്തിനു പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമീപനമാവും കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നും ഡല്‍ഹിയിലെ വസതിയില്‍ എത്തിയ 11 അംഗ മുസ്‌ലിം പ്രതിനിധി സംഘത്തെ രാഹുല്‍ അറിയിച്ചു. ന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസിന്റെ നിലപാടു സംബന്ധിച്ചു ശക്തമായ ചോദ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നുവെന്നാണു റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പുകളില്‍ ബിജെപി അനുകൂല നിലപാടു സ്വീകരിക്കുന്ന ഹിന്ദുക്കളെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടു സ്വീകരിക്കുന്നതിനെ മുസ്‌ലിം സമുദായം ഭീഷണിയായാണു കാണുന്നതെന്നും രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിനിധി സംഘം അറിയിച്ചു.

ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനായി കോണ്‍ഗ്രസിനു സവിശേഷ അജന്‍ഡ ഇല്ലെന്നു രാഹുല്‍ വ്യക്തമാക്കി. എല്ലാ വിഭാഗത്തിനും നീതി ഉറപ്പാക്കുന്നതില്‍ കേന്ദ്രീകൃതമായ അജന്‍ഡയാണു പാര്‍ട്ടിയുടേത്. കാതലായ ആശയസംഹിതകളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു വിഭാഗത്തിനെതിരെയും അനീതി അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റുമ്പോള്‍ കോണ്‍ഗ്രസ് ഉള്‍ചേര്‍ക്കലിന്റെ നയമാണു സ്വീകരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഭരിക്കുന്ന പാര്‍ട്ടിക്കും പ്രധാനമന്ത്രി മോദിക്കും ക്രിയാത്മകമായി ഒന്നും മുന്നോട്ടു വയ്ക്കാനില്ലാത്ത സാഹചര്യത്തില്‍, ദലിത്, മുസ്‌ലിം പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കാതലായ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണു ശ്രമമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്താന്‍ ഉദ്ദേശിക്കുന്ന ആശയസംവാദങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

പ്ലാനിങ് കമ്മിഷന്‍ മുന്‍ അംഗം സയിദ ഹമീദ്, ജെഎന്‍യു പ്രഫസര്‍ സോയ ഹസന്‍, അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ പ്രസിഡന്റ് സെഡ്.കെ. ഫൈസാന്‍, വിദ്യാഭ്യാസവിചക്ഷണനായ ഇല്യാസ് മാലിക് തുടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്. മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പാര്‍ട്ടി ന്യൂനപക്ഷ സമിതി അധ്യക്ഷന്‍ നദീം ജാവേദും സന്നിഹിതരായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കുകയും താന്‍ ശിവഭക്തനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൈലാസ് മാനസസരോവര്‍ യാത്ര പോകാന്‍ ആലോചിക്കുന്നതായും രാഹുല്‍ വ്യക്തമാക്കിയിരുന്നു.