Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണ വിവേചനം പുലർത്തുന്നു: സുപ്രീം കോടതി

LGBT-activist സ്വവർഗബന്ധത്തിന് നിയമസാധുത ആവശ്യപ്പെട്ട് ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽനിന്ന് (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ ഇന്ത്യന്‍ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനമാണു പുലര്‍ത്തുന്നതെന്നു സുപ്രീംകോടതി. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ പരാമര്‍ശം. കടുത്ത മാനസിക പിരിമുറുക്കത്തിന്‍റെ ഫലമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലാണെന്നും കോടതി നിരീക്ഷിച്ചു.

സമൂഹത്തിന്‍റെ മനോഭാവം കാരണം തങ്ങളുടെ യഥാര്‍ഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയാല്‍ പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.

അതേസമയം, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം കുറ്റകരമാക്കുന്നതു ഭരണഘടനാപരമായി ശരിയാണോയെന്നതിൽ കേന്ദ്രസർക്കാർ നിലപാടു വ്യക്തമാക്കിയില്ല. വിഷയം കോടതിയുടെ വിവേകത്തിനു വിടുകയാണെന്നു കേന്ദ്രം സത്യവാങ്മൂലത്തിൽ ബെഞ്ചിനെ അറിയിച്ചു. സ്വവർഗബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377–ാം വകുപ്പ് ഭരണഘടനാപരമോ എന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്.  

related stories