Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകപക്ഷീയ നടപടിയരുതെന്ന് ബിഷപ്പിന്റെ പ്രതിനിധി; പരാതി സ്വീകരിക്കാതെ ഡിജിപി

Bishop Franko Mulakkal ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.

തിരുവനന്തപുരം/ കണ്ണൂർ∙ ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പ്രതിനിധി പരാതിയുമായി ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടു. കേസിൽ ഏകപക്ഷീയമായി നടപടിയെടുക്കരുതെന്ന് അദ്ദേഹം ഡിജിപിയോട് ‍ആവശ്യപ്പെട്ടു. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയെങ്കിലും ഡിജിപി സ്വീകരിച്ചില്ല. പരാതി കോട്ടയം എസ്പിക്കാണു നല്‍കേണ്ടതെന്നു ഡിജിപി നിർദേശിച്ചു. അതേസമയം, ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.വി.സുഭാഷ് പറഞ്ഞു.

ജലന്തറിൽ പോകുന്നതു പിന്നീട് തീരുമാനിക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കണ്ണൂരിൽ നാല് തവണ വിവിധ പരിപാടികളിൽ പങ്കെടുത്തു. പക്ഷേ കണ്ണൂരിൽ താമസിച്ചില്ല. ബിഷപ്പ് വന്ന കാലയളവിൽ കണ്ണൂരിലെ മഠങ്ങളിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തും. മിഷണറീസ് ഓഫ് ജീസസിന്റെ മഠങ്ങളിൽ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി. ഇതിനിടെ, കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ നടപടി സാധ്യമല്ലെന്നു വ്യക്തമാക്കുന്ന മദര്‍ ജനറലിന്റെ കത്ത് പുറത്തുവന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ധൃതിപിടിച്ചു വേണ്ടെന്നു നേരത്തേ തീരുമാനമുണ്ടായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജലന്തറില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ബിഷപ്പിന്‍റെ പെരുമാറ്റദൂഷ്യം മൂലം 18 പേര്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ചു പോയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ബിഷപ്പ് രാജ്യം വിടുന്നതു തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്കു കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണു നടപടി. ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

12 തവണ മാനഭംഗപ്പെടുത്തിയെന്ന് രഹസ്യമൊഴി

ജലന്തർ ബിഷപ്പ് 12 തവണ മാനഭംഗപ്പെടുത്തിയെന്നു കന്യാസ്ത്രീ രഹസ്യമൊഴി നൽകിയിരുന്നു. പീഡനം നടന്നതു കുറവിലങ്ങാട് മഠത്തിലെ 20–ാം നമ്പര്‍ മുറിയിലാണെന്നു കന്യാസ്ത്രീ മൊഴി നൽകി. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നായിരുന്നു പൊലീസിനു നൽകിയ മൊഴി. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. നേരത്തെ പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നെന്ന് കന്യാസ്ത്രീ പറഞ്ഞു. ക്രൈംബ്രാഞ്ച് പഞ്ചാബ് പൊലീസിന്റെ സഹായം തേടി.

പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 2014നും 2016നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 12 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക റജിസ്റ്ററില്‍നിന്നു വ്യക്തമായിരുന്നു. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.

ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്‍റെ പരിശോധനയില്‍ വ്യക്തമായി.