Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃത സംഘം സ്വതന്ത്ര സംഘടന; ശ്രമം ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ: കൺവീനർ

CPM Logo

കോട്ടയം∙ സംസ്‌കൃത സംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും പുരാണ, ഇതിഹാസങ്ങളെക്കുറിച്ച് സമൂഹത്തില്‍ സുതാര്യമായ ചര്‍ച്ചകള്‍ നടക്കുന്നതില്‍ ബേജാറുള്ളവരാണ് അതിനെ രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസന്‍.

മത,വര്‍ഗീയ ശക്തികളെ തുറന്നുകാട്ടുകയും ചെറുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണു സംഘം നടത്തുന്നത്. മാനവികമായ കാഴ്ചപ്പാടിലൂന്നിയുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും വിരുദ്ധാഭിപ്രായമുള്ളവരേയും പങ്കെടുപ്പിക്കാറുണ്ട്. രാമായണ മാസാചരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങളില്‍ സ്വതന്ത്രമായ ഇടപെടലുകള്‍ ഉണ്ടാകുന്നതിനെ ഒരു വിഭാഗം ഭയപ്പെടുന്നതെന്തിനാണെന്നും ശിവദാസന്‍ ചോദിച്ചു.

പുരാണങ്ങളുടെ പേരില്‍ തെറ്റായ പ്രചാരണം നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാനാണ് ഇത്തരം സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതെന്ന് സംസ്‌കൃത സംഘം സംസ്ഥാന കണ്‍വീനര്‍ ടി. തിലകരാജ് വ്യക്തമാക്കി. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ എല്ലാ ജില്ലകളിലും മൂന്നു മണിക്കൂര്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. മതനിരപേക്ഷമായ സദസ്സിനു മുന്നില്‍ ചരിത്രപരമായ കാഴ്ചപ്പാടില്‍ രാമായണം അവതരിപ്പിക്കും. രാമന്റെ യഥാര്‍ഥ ചിത്രം സമൂഹത്തില്‍ അവതരിപ്പിക്കുകയാണ് പ്രഭാഷണപരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

സംസ്‌കൃത പണ്ഡിതന്മാരും, വിരമിച്ച പ്രഫസര്‍മാരും അധ്യാപകരും ഉള്‍പ്പെടുന്നതാണു സംസ്‌കൃത സംഘം. കത്‌വ സംഭവത്തിനു പ്രായശ്ചിത്തമെന്ന പേരില്‍ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി സംസ്‌കൃത സംഘത്തിന്റെ ബാനറില്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.