Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധത്തിൽ പങ്കില്ല, അറസ്റ്റിലായവർ പാർട്ടിക്കാരല്ല: എസ്ഡിപിഐ

abhimanyu-sfi-maharajas അഭിമന്യു

കോഴിക്കോട് ∙ മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഡിപിഐക്കു പങ്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ പറഞ്ഞു. അറസ്റ്റിലായവർ എസ്ഡിപിഐ അംഗങ്ങളല്ല, അനുഭാവികളാകാം. പാർട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങുന്നവരെയും അവരുടെ താൽപര്യങ്ങളെയും തുറന്നുകാട്ടാൻ 20 മുതൽ സമ്പർക്ക സദസ്, വാഹനപ്രചാരണ ജാഥ, കുടുംബ സംഗമം എന്നിവ നടത്താൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.

അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ ഉടമ നിസാർ കരുവേലിപ്പടി എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കൊലപാതക സംഘത്തിൽ 25 പേരുണ്ടായിരുന്നതായാണു വിവരമെന്നും കൂടുതൽ പേർ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.

കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയൽവാസികളാണ് ആലപ്പുഴയിൽനിന്നു പിടിയിലായവർ. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിൽ സിഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം. പ്രതികൾ വിദേശത്തേക്കു കടക്കുന്നതു തടയാൻ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങൾക്കും തിരച്ചിൽ നോട്ടിസ് കൈമാറി.