Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേബിൾ അമിതനിരക്കു വേണ്ട; 100 ഇഷ്ട ചാനൽ തിരഞ്ഞെടുക്കാം; മാസവരി 130 രൂപ

x-default

ന്യൂഡൽഹി ∙ ഡിടിഎച്ച്, കേബിൾ ടിവി കമ്പനികളുടെ അമിത നിരക്കിനു കടിഞ്ഞാണിടാനുള്ള നടപടിയുമായി ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്). ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നൽകുന്ന സംവിധാനം ൈവകാതെ നടപ്പാക്കും.  

ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള 100 ചാനലുകൾ തിരഞ്ഞെടുക്കാവുന്നതാണു പുതിയ നിർദേശം. അധിക പണം നൽകി കൂടുതൽ ചാനലുകൾ കാണാം. അധികമായി തിരഞ്ഞെടുക്കുന്ന 25 സൗജന്യ ചാനലുകൾക്ക് 20 രൂപ നൽകണം. പേ ചാനലുകളുടെ പ്രത്യേക പാക്കേജുകളും തയാറാക്കണം. 

ഉപയോക്താവിന് അനുകൂലമായ പുതിയ ചട്ടം 2016ൽ ട്രായ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ഡിടിഎച്ച് കമ്പനികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഉത്തരവു ത‍ടഞ്ഞു. ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി വന്നതോടെയാണ് ഉത്തരവു നടപ്പാക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചത്. 

ഓപ്പറേറ്റർമാർ ഒരുമിച്ചു (ബൊക്കെ) നൽകുന്ന ചാനൽ പാക്കേജുകൾ വാങ്ങേണ്ടതില്ല. 60 ദിവസത്തിനുള്ളിൽ ചാനലുകൾ സൗജന്യമാണോ, അല്ലെങ്കിൽ നിരക്കെത്ര എന്നു വ്യക്തമാക്കാൻ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചുകഴിഞ്ഞാൽ അതനുസരിച്ചു പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും നിശ്ചയിക്കാൻ വിതരണക്കാർക്കു 180 ദിവസവും അനുവദിച്ചു. 

കൂടുതൽ പേ ചാനലുകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം നിരക്കു വേണം.  ഇവ കൂട്ടമായി (ബൊക്കെ) നൽകുന്നുണ്ടെങ്കിൽ മൊത്തം ചാനലുകളുടെ ആകെ തുകയിൽ നിന്നും 15 ശതമാനത്തിലധികം കുറയാൻ പാടില്ല. അടിസ്ഥാന പാക്കേജിനു പുറമെ സൗജന്യ ചാനലുകളുടെ ഒരു പാക്കേജെങ്കിലും നൽകിയിരിക്കണം. ഇതിൽ ഓരോ വിഭാഗത്തിലുമുള്ള അഞ്ച് ചാനലുകളെങ്കിലും വേണം. ഏതെങ്കിലും വിഭാഗത്തിൽ അഞ്ചു ചാനലുകൾ ഇല്ലെങ്കിൽ മറ്റു ചാനലുകൾ ഉൾപ്പെടുത്താം.

പരമാവധി നിരക്ക്

∙ പൊതു വിനോദ ചാനലുകൾക്കു(പേ ചാനൽ) മാസം 12 രൂപ. 

∙സിനിമാ ചാനലുകൾക്കു 10 രൂപ

∙കുട്ടികളുടെ വിനോദ ചാനലുകൾക്ക് ഏഴു രൂപ

∙വാർത്താ ചാനലുകൾക്ക് അഞ്ചു രൂപ

∙കായിക ചാനലുകൾക്ക് 10 രൂപ

∙ആധ്യാത്മിക ചാനലുകൾക്ക് മൂന്നു രൂപ