Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് വിഷയം കോടതി തീരുമാനിക്കട്ടെ, അതിനു മുൻപ് വിചാരണ വേണ്ട: സിദ്ദിഖ്

Siddhique

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് നടൻ സിദ്ദീഖ്. അതിനു മുൻപുള്ള വിചാരണകൾ ഒഴിവാക്കണം. അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദീഖ് പറഞ്ഞു. ‘പൊലീസുകാര്‍ക്കോ സാധാരണക്കാർക്കോ? ആർക്കാണു സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങളാണു പൗരനെന്ന പേരിൽ തന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

തന്നെ ഉത്തരം പറയാൻ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനൽ അവതാരകൻ തന്നെ നരാധമൻ എന്നാണു വിളിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്. സംഭവത്തിൽ സഹപ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പൾസർ സുനിയാണ്. പിന്നീട്, ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു

കേസിൽ ചോദ്യം ചെയ്യാനായി നടൻ ദിലീപിനെയും സംവിധായകൻ നാദിർഷായെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും തിരികെ കൊണ്ടുപോകാൻ നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ പൊലീസ് ക്ലബിലേക്ക് എത്തി. അന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സിദ്ദിഖ് നൽകിയ മറുപടി പിന്നീടു വിവാദമായിരുന്നു. ഇക്കാര്യം പരാമർശിച്ചാണ് തന്റെ സ്വാതന്ത്ര്യം നിഷേധിച്ചത് മാധ്യമങ്ങളാണെന്ന് സിദ്ദിഖ് പറഞ്ഞത്.

മാത്രമല്ല, സിനിമാമേഖലയിൽ നിന്നുള്ള കാര്യങ്ങൾ മുഴപ്പിച്ചു കാണിക്കാൻ പൊലീസിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്നു ശ്രമമുണ്ടാകാറുണ്ട്. ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയുളള 485 പേരിൽ മൂന്നു പേരാണു നികുതിവെട്ടിക്കലിൽ ഉൾപ്പെട്ടത്. അതൊരു കുറഞ്ഞ ശതമാനമാണ്. അതിൽത്തന്നെ ഒരാൾ മുഴുവന്‍ പിഴയും അടച്ചു. ബാക്കി എത്രയോ പേർ നികുതി വെട്ടിക്കുന്നു. അതൊന്നും ഇത്രയേറെ ആഘോഷിക്കപ്പെടാറില്ലെന്നും സിദ്ദീഖ് പറഞ്ഞു.

അതേസമയം, കേസ് കോടതിയുടെ പരിഗണനയിലാണ്. അതിന്മേൽ അഭിപ്രായം പറയാനില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

നിയമം എപ്പോഴും പൊലീസിനെ അവിശ്വസിക്കേണ്ട ഘടകമായി കണക്കാക്കുന്നുണ്ടെന്ന അഭിപ്രായമാണ് ജസ്റ്റിസ് കെമാൽ പാഷ പങ്കുവച്ചത്. നിയമം പൊലീസിനെ കാണുന്നത് സംശയദൃഷ്ടിയോടെയാണ്. അവിടെ അവരെ കണ്ണടച്ചു വിശ്വസിക്കാനാകില്ല– വിഷയത്തിൽ ഇടപെട്ട് അദ്ദേഹം കൂട്ടിച്ചേർത്തു.