Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബലൂൺ ട്രംപു’മായി പ്രകടനക്കാർ; ട്രംപിനെതിരെ ബ്രിട്ടനിൽ കനത്ത പ്രതിഷേധം

trump-baloon

ലണ്ടൻ ∙ ബ്രിട്ടനിൽ ഒരു അമേരിക്കൻ പ്രസിഡന്റിനും ഇത്ര മോശമായ സ്വീകരണം ഉണ്ടായിട്ടില്ല. ഇത്ര വിവാദമായ സന്ദർശനം മറ്റൊരു അമേരിക്കൻ പ്രസിഡന്റും നടത്തിയിട്ടുമില്ല. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഡോണൾഡ് ട്രംപ് ഇന്നലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് പ്രതിഷേധക്കാരുടെ നടുവിലേക്കാണ്.

പ്രസിഡന്റ് പോകുന്നിടത്തും തങ്ങുന്നിടത്തുമെല്ലാം പ്രതിഷേധിക്കാനിറങ്ങിയിരിക്കുന്നത് ഒരു ലക്ഷത്തോളം പേരാണ്. ഇവർ ഒരുക്കിയ കൂറ്റൻ ‘കോമാളി ബലൂൺ ട്രംപാണ്’ ഇപ്പോൾ ബ്രിട്ടനിലെങ്ങും ചർച്ചാവിഷയം. മാധ്യമങ്ങൾ ബലൂൺ ട്രംപിനെ ഏറ്റെടുത്തതോടെ ഇത് ലോകമെങ്ങും വാർത്തയായിക്കഴിഞ്ഞു. 20 അടി ഉയരമുള്ള പടുകൂറ്റൻ ബലൂണാണ് കാർട്ടൂൺ കഥാപാത്രത്തിന്റെ മാതൃകയിൽ പ്രതിഷേധക്കാർ തയാറാക്കിയത്. നാപ്പിയണിഞ്ഞു കോമാളിച്ചിരിയോടെ നിൽക്കുന്ന ട്രംപ് ബലൂണിന് 16,000 പൗണ്ടാണ് (ഏകദേശം 15 ലക്ഷം രൂപ) നിർമാണച്ചെലവ്.

ട്രംപിന്റെ കുട്ടിത്തരങ്ങളും കോമാളി പരിവേഷവും അവസരവാദവും എല്ലാം പ്രതിഫലിപ്പിക്കാനാണ് ബേബി ട്രംപിനെ ബലൂണാക്കി പ്രതിഷേധക്കാർ ഇന്ന് വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് മന്ദിരത്തിനു സമീപം ആകാശത്തുയർത്തുന്നത്. പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് ചത്വരത്തിൽ ഉയർത്തുന്ന അമേരിക്കൻ പതാകയ്ക്കൊപ്പം കോമാളി ട്രംപും പാറിക്കളിക്കും.

വർക്കിങ് വിസിറ്റ് എന്ന പേരിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രസിഡന്റിനെ അപമാനിക്കുന്നതിനു തുല്യമാണിതെങ്കിലും സമാധാനപരമായ എല്ലാത്തരം പ്രതിഷേധങ്ങൾക്കും പൂർണസ്വാതന്ത്ര്യമുള്ള ബ്രിട്ടനിൽ സർക്കാർ ഇതിനെ എതിർക്കുന്നില്ല. മറ്റൊരു രാജ്യത്തും ഇത്തരമൊരു പ്രതിഷേധം, അതും പ്രസിഡന്റിന്റെ സന്ദർശനവേളയിൽ പാർലമെന്റിനു മുന്നിൽ ചിന്തിക്കാൻപോലും ആകില്ല.

ട്രംപിനെതിരെ പ്രതിഷേധിക്കുന്നവർക്കൊപ്പം നിൽക്കുന്ന ലണ്ടൻ മേയർ സാദിഖ് ഖാന്റെ നിശ്ശബ്ദപിന്തുണയും ഈ ബലൂൺ ഉയരുന്നതിനു പിന്നിലുണ്ട്. സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ എങ്ങനെ തടയാനും നിരോധിക്കാനുമാകും എന്നായിരുന്നു ബലൂൺ ട്രംപിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മേയറുടെ മറുപടി. എന്നാൽ ട്രംപിനെ അനുകൂലിക്കുന്ന നൈജൽ ഫെറാജും മറ്റും ഈ പ്രതിഷേധത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ, ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്കോട്ട്ലൻഡിലെ ടേൺബറി ഗോൾഫ് ക്ലബ്ബിനു മുന്നിൽ ശനിയാഴ്ച ഈ ബലൂൺ ഉയർത്തുന്നതിന് സ്കോട്ട്ലൻഡ് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്കിന്റെ പശ്ചാത്തലത്തിൽ ലണ്ടനിൽനിന്ന് സ്കോട്ട്ലൻഡിലെ മറ്റെവിടെയങ്കിലും ഇതെത്തിച്ച് ഉയർത്താനാണ് പ്രതിഷേധക്കാരുടെ പദ്ധതി.

ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കുശേഷം മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഉച്ച കഴിഞ്ഞാണ് ട്രംപ് ലണ്ടനിലെത്തിയത്. പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനമാണിത്. രാത്രി പ്രധാനമന്ത്രി തെരേസ മേയ് പ്രസിഡന്റിന് അത്താഴവിരുന്നു നൽകി. ഇന്ന് വിൻസർ കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായും പിന്നീട് പ്രധാനമന്ത്രി തെരേസ മേയുമായും പ്രസിഡന്റ് ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

ലണ്ടനു പുറത്ത് ബക്കിങ്ങാംഷറിലുള്ള പ്രധാനമന്ത്രിയുടെ വസതിയായ ചെക്കേഴ്സിലാകും ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. പ്രതിഷേധക്കാരെ ഭയന്നാണ് ലണ്ടനിലെ കൂടിക്കാഴ്ച ഒഴിവാക്കിയത്. ഇന്നു രാവിലെ ചെക്കേഴ്സിനു മുന്നിലും ഉച്ചയ്ക്ക് രണ്ടിനു ലണ്ടനിലെ ബിബിസി ആസ്ഥാനത്തിനു മുന്നിലും പ്രതിഷേധക്കാർ തടിച്ചുകൂടും. വൈകിട്ട് ട്രഫാൾഗർ സ്ക്വയറിലും പ്രതിഷേധ റാലിക്ക് ആഹ്വാനമുണ്ട്.

പ്രതിപക്ഷനേതാവ് ജെറമി കോർബിനും ലണ്ടൻ മേയർ സാദിഖ് ഖാനും പ്രസിഡന്റ് ട്രംപിന്റെ സന്ദശനത്തോട് പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചതാണ് പ്രതിഷേധക്കാർക്ക് കരുത്താകുന്നത്. പ്രസിഡന്റാകുന്നതിനു മുമ്പും അതിനുശേഷവും നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും പരസ്യമായ ബ്രക്സിറ്റ് അനുകൂല നിലപാടുകളുമാണ് ട്രംപിന് ബ്രിട്ടനിൽ ഏറെ ശത്രുക്കളുണ്ടാകാൻ കാരണം. ഇതു കൂടാതെ ബ്രിട്ടനെ ചൊടിപ്പിക്കുന്ന ഒട്ടേറെ വിവാദ പ്രസ്താവനകളും നടപടികളും കഴിഞ്ഞ രണ്ടുവർഷത്തിനിടെ ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ലണ്ടനിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെയും കത്തിക്കുത്തിനെയും വിമർശിച്ചതും എൻഎച്ച്എസിന്റെ പ്രവർത്തനത്തെ കളിയാക്കിയതും പ്രതിഷേധത്തിനിടയാക്കി.

സന്ദർശനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ബ്രസൽസിലും ട്രംപ് ബ്രിട്ടനെ ചൊടിപ്പിക്കുന്ന ചില പ്രസ്താവനകൾ നടത്തി. തെരേസ മേയെ കാണുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കാണുന്നതിനേക്കാൾ പ്രയാസകരമാണെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. രണ്ടുദിവസം മുമ്പ് തെരേസ മേയെ വിമർശിച്ച് സർക്കാരിൽനിന്നും‌ രാജിവച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണെ പുകഴ്ത്തി സംസാരിക്കാനും ട്രംപ് മടി കാണിച്ചില്ല. സ്കോട്ട്ലൻഡിലും അയർലൻഡിലും സ്വന്തമായി ഗോൾഫ് ക്ലബ്ബുള്ള ട്രംപ് സന്ദർശനത്തിന്റെ അവസാനദിവസം സ്കോട്ട്ലൻഡിലെ ഗോൾഫ് ക്ലബ്ബിലാകും ചെലവഴിക്കുക. ട്രംപിന്റെ ഏറെ അടുപ്പക്കാരും അമ്മ വഴിയുള്ള ചില ബന്ധുക്കളും സ്കോട്ട്ലൻഡിലുണ്ട്.