Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിന്റെ പാളയത്തിൽ പട; പാർട്ടി പ്രവർത്തനം ഊർജിതമാക്കി കമൽ

Rajinikanth, Kamal Hassan രജനീകാന്തും കമൽഹാസനും.

ചെന്നൈ∙ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുൻപേ സൂപ്പർതാരം രജനീകാന്തിന്റെ പാളയത്തിൽ പടയെന്ന് അഭ്യൂഹം. പാർട്ടി രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു രൂപീകരിച്ച രജനി മക്കൾ മൻട്രത്തിന്റെ സെക്രട്ടറി രാജുമഹാലിംഗത്തെ സംഘടനയിൽ നിന്നു പുറത്താക്കിയെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിലും മറ്റും വൻതോതിൽ പ്രചരിച്ചു. ഇതുതെറ്റാണെന്നും രാജു ഇപ്പോഴും സംഘടനയിൽ തുടരുന്നുണ്ടെന്നും രജനീകാന്തിനെ സന്ദർശിച്ച ശേഷം മൻട്രം അഡ്മിനിസ്ട്രേറ്റർ വി.എം.സുധാകർ വ്യക്തമാക്കി.

രജനി മക്കൾ മൻട്രത്തെ രാഷ്ട്രീയ പാർട്ടിയായി രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് രാജു മഹാലിംഗമാണ്. സിനിമാ നിർമാണ കമ്പനിയായ ലെയ്ക പ്രൊഡക്‌ഷൻസിലെ ജോലി രാജിവച്ചാണു രാജു, രജനിക്കൊപ്പം ചേർന്നത്. അതിനു പിന്നാലെ മ‍ൻട്രത്തിന്റെ സെക്രട്ടറിയായി നിയമിതനാകുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതു രാജുവാണ്.

മൻട്രത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നതിലുള്ള അഭിപ്രായ വ്യത്യാസം കാരണം രാജു മഹാലിംഗത്തെ പുറത്താക്കിയെന്ന വാർത്ത ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. തുടർന്നാണു സുധാകർ വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൻട്രത്തിനു നിലവിൽ 38,000 യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റിൽ കുറഞ്ഞത് 30 അംഗങ്ങൾ. രണ്ടു മാസത്തിനിടെ 25,000 യൂണിറ്റുകൾ കൂടി രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണു മൻട്രം ഭാരവാഹികൾ.

പിന്നോട്ടില്ല, പാർട്ടി രൂപീകരിക്കും

സിനിമാ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ ദിവസം ചെന്നൈയിൽ തിരിച്ചെത്തിയ രജനി പാർട്ടി രൂപീകരണ ശ്രമങ്ങൾ ഊർജിതമാക്കി. പ്രധാന ഉപദേശകൻ തമിഴരുവി മണിയൻ ഇന്നലെ താരത്തെ സന്ദർശിച്ചു. പാർട്ടി രൂപീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും സെപ്റ്റംബറിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മണിയൻ പറഞ്ഞു.

പ്രവർത്തനം ഊർജിതമാക്കി കമൽ

അതേസമയം, സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനുള്ള നീക്കങ്ങളുമായി നടൻ കമൽ ഹാസനും സജീവമാണ്. ആൽവാർപേട്ടിലെ പാർട്ടി ആസ്ഥാനത്തു പതാക ഉയർത്തിയ ശേഷം കമൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളുടെയും വിവിധ മേഖകളിലെയും ജില്ലകളിലെയും പാർട്ടി ചുമതല വഹിക്കുന്ന നേതാക്കളുടെയും പട്ടികയാണു പുറത്തുവിട്ടത്. നിർവാഹക സമിതിയും മേഖലാ കമ്മിറ്റികളും കൂടുതൽ ആളുകളെ ചേർത്തു വിപുലപ്പെടുത്തുമെന്നു കമൽ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച അഡ്ഹോക് കമ്മിറ്റിയിലെന്ന പോലെ കമൽ തന്നെയാണു പ്രസിഡന്റ്.

ജി.ജ്ഞാനസംബന്ധൻ ഏക വൈസ് പ്രസിഡന്റാകും. എ.അരുണാചലം (ജനറൽ സെക്രട്ടറി), കെ.സുരേഷ് (ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ. പാർട്ടിയുടെ റജിസ്ട്രേഷൻ പൂർത്തിയാകുന്നതുവരെയുള്ള സംവിധാനമെന്ന നിലയിലാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നതെന്നു കമൽ പറഞ്ഞു. പുതിയ കമ്മിറ്റികൾ നിലവിൽ വന്നതോടെ, അഡ്ഹോക് കമ്മിറ്റി ഇല്ലാതായി. മധുരയിൽ നടന്ന പാർട്ടി പ്രഖ്യാപന വേളയിൽ പ്രഖ്യാപിച്ച ഉന്നതാധികാര സമിതി നിർവാഹക സമിതിയായി പ്രവർത്തിക്കും. നിർമാതാവ് കമീല നാസർ, നടി ശ്രീപ്രിയ, ഭാരതി കൃഷ്ണകുമാർ, സി.കെ.കുമാരവേൽ, എ.ജി.മൗര്യ, എസ്.മൂർത്തി, ആർ.രംഗരാജൻ, ബി.രാജാ നാരായണൻ, എ.സൗരിരാജൻ, ആർ.തങ്കവേൽ എന്നിവരാണു നിർവാഹക സമിതിയംഗങ്ങൾ.

സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും ചുമതലക്കാരനെ നിശ്ചയിച്ചു. ജില്ലാതല ഭാരവാഹികളെയും പ്രഖ്യാപിച്ചതോടെ പാർട്ടി പ്രവർത്തനം താഴേക്കിടയിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പാർട്ടി നയം ജനങ്ങളിലേക്കെത്തിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കമൽ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങൾ നടത്തും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ലക്ഷ്യമിട്ടാണു പാർട്ടിയുടെ നീക്കങ്ങൾ. കമലിനു മുൻപേ രാഷ്ട്രീയ പ്രവേശനം അറിയിച്ച രജനീകാന്ത് ഇനിയും പാർട്ടി പ്രഖ്യാപിച്ചിട്ടില്ല.