Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ നിക്ഷേപത്തിനെത്തുന്നവരെ കളിയാക്കുന്ന കാലം തീരുന്നു: സുധാകരൻ

g-sudhakaran-1 ജി. സുധാകരൻ

കൊച്ചി∙ കേരളത്തിൽ നിക്ഷേപത്തിനായെത്തുന്നവരെ കളിയാക്കുന്നവർ ന്യൂനപക്ഷമായി മാറാൻ പോവുകയാണെന്നു മന്ത്രി ജി.സുധാകരൻ. ‘നിക്ഷേപകരുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ മനോരമ കോൺക്ലേവിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാനും വർഷങ്ങള്‍ക്കകം കേരളം വികസിത സംസ്ഥാനമായി മാറാനൊരുങ്ങുകയാണ്. നിക്ഷേപ സൗഹൃദാന്തരീക്ഷം കേരളത്തിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും മികച്ചതായിരിക്കും. സെപ്റ്റംബറിൽ അത് ആരംഭിക്കും. ഇതെല്ലാം ഇവിടത്തെ നിക്ഷേപസൗകര്യങ്ങള്‍ എളുപ്പമാക്കാനാണെന്നും മന്ത്രി പറഞ്ഞു.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

കേരളത്തിന്റെ ബജറ്റ് അനുസരിച്ചുള്ള പദ്ധതികളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാറ്റത്തിനനുസരിച്ചുള്ള പദ്ധതികൾക്ക് ഈ പണം തികയില്ല. പുറത്തു നിന്നു പണം വായ്പയെടുത്ത് അത് ബാങ്കുകളിലിട്ടാണു പദ്ധതികൾ നടപ്പാക്കുന്നത്. അത്തരം പദ്ധതികൾ വിജയം കാണുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ സാധിക്കുന്നതിനെയാണ് സ്വാതന്ത്ര്യം എന്നു വിശേഷിപ്പിക്കുന്നത്. നിക്ഷേപ പദ്ധതികൾ നടപ്പാക്കാൻ ജനങ്ങളെ കൃത്യമായി വിനിയോഗിക്കാൻ സാധിക്കണമെന്നും ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.

നിക്ഷേപത്തിന്റെ കാര്യത്തിൽ ഏകജാലക സംവിധാനം ഇല്ലെന്ന പ്രശ്നം ഇപ്പോഴുമുണ്ടെന്ന് വി–ഗാർഡ് ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. സംസ്ഥാനത്തു മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ അതിനു വേഗത പോരാ. നോക്കുകൂലി ഇല്ല എന്നു താൻ പറഞ്ഞപ്പോൾ ആരും സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് അതിനെതിരെ നിയമം വരെ കൊണ്ടുവന്നു. നിക്ഷേപകന്റെ അഭിമാനം ഹനിച്ചാൽ അദ്ദേഹം കേരളം വിട്ട് മറ്റൊരിടത്തേക്കു പോകുന്നതു സ്വാഭാവികമാണെന്നും ചിറ്റിലപ്പിള്ളി പറ‍ഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമാണെന്ന് ലുലു ഗ്രൂപ്പ് തലവൻ എം.എ.യൂസഫലി പറഞ്ഞു. ലോകത്ത് എവിടെ പോയാലും കേരളത്തിൽ നിക്ഷേപം നടത്തണമെന്നാണു താൻ ആവശ്യപ്പെടുന്നത്. അതു തന്റെ ചുമതലയായാണു കാണുന്നത്. ചെറുപ്പക്കാലത്തു തൃശൂരിൽനിന്ന് എറണാകുളത്തു വരുമ്പോള്‍ ഒട്ടേറെ വ്യവസായശാലകളുണ്ടായിരുന്നു. അവ പിന്നീട് കാണാതായി. ആ വ്യവസായശാലകള്‍ പിന്നീട് ആധുനീകരിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കു പോയി. പുതിയ തലമുറയ്ക്ക് അങ്ങനെയൊരു അവസ്ഥ കേരളത്തിൽ ഉണ്ടാകരുത്. നിക്ഷേപകരെ കാത്ത് ഇവിടെയുള്ളത് 1936ലെയും 45ലെയുമൊക്കെ നിയമങ്ങളാണ്. അവ മാറ്റാതെ ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും യൂസഫലി പറഞ്ഞു.

related stories