Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാക്കൾക്കു പരീക്ഷയുമായി രാഹുൽ ഗാന്ധി; പ്രകടനം വിലയിരുത്തും

Rahul Gandhi

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാക്കളുടെ പ്രകടനം വിലയിരുത്താൻ പുതിയ പദ്ധതിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാ മാസവും പത്താം തീയതിക്കു മുൻപായി, പ്രകടനം വിലയിരുത്താനുള്ള ഫോം പൂരിപ്പിച്ച് ജനറൽ സെക്രട്ടറി അശോക് ഗെലോട്ടിനു നൽകണം. സെക്രട്ടറി തലം മുതലുള്ളവരാണ് ആദ്യ ഘട്ടത്തിൽ ഫോം സമർപ്പിക്കേണണ്ടത്. ഇത് 15–നു മുൻപു രാഹുലിനു സമർപ്പിക്കണം. സ്വന്തം പ്രകടനം വിലയിരുത്തി രാഹുൽ ഗാന്ധിയും ഫോം സമർപ്പിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഓരോ മാസവും പ്രകടനം വിലയിരുത്തി, പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.‌

ചുമതലയുള്ള സംസ്ഥാനങ്ങൾ എത്ര തവണ സന്ദർശിച്ചു, എത്ര പരിപാടികൾ സംഘടിപ്പിച്ചു, പാർട്ടി തലത്തിൽ നടത്തിയ കമ്മിറ്റി യോഗങ്ങളുടെ എണ്ണം, കമ്മിറ്റി രൂപീകരിച്ചില്ലെങ്കിൽ അതിന്റെ കാരണം തുടങ്ങിയ ചോദ്യങ്ങൾക്കാണ് പ്രധാനമായും ഉത്തരം നൽകേണ്ടത്. സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം വർധിപ്പിക്കാൻ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയ ചോദ്യങ്ങളുമുണ്ട്.

2014 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും കോൺഗ്രസ്, പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പാർട്ടിയിൽ അഭിപ്രായ രൂപീകരണത്തിനുള്ള കൂടൂതൽ അവസരങ്ങൾ ഇതുവഴി സാധ്യമാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.