Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളീജിയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചാണു പരാതി, അതിൽ ഉറച്ചു നിൽക്കുന്നു: ജസ്റ്റിസ് ചെലമേശ്വർ

j-chelameswar-1 ജസ്റ്റിസ് ജെ. ചെലമേശ്വർ

കൊച്ചി∙ സുപ്രീംകോടതി കൊളീജിയത്തിൽ തനിക്കു പരാതികളില്ലെന്നും അതിന്റെ പ്രവർത്തന രീതിയെക്കുറിച്ചാണു പരാതിയെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ. മനോരമ ന്യൂസ് കോൺക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യത്തിന്റെ വില’ എന്ന വിഷയത്തിലായിരുന്നു ചെലമേശ്വറിന്റെ പ്രഭാഷണം. സ്വാതന്ത്ര്യത്തിന്റെ വിലയെന്നതിനെ പൂർണമായി വിശദീകരിക്കാനാകില്ല. എന്നാൽ അതിന്റെ വില നഷ്ടപ്പെട്ടാൽ എന്തു സംഭവിക്കുമെന്നു പറയാം. അതു സമൂഹത്തിനു കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. സ്വാതന്ത്ര്യം നിലനിർത്തിയില്ലെങ്കിൽ കലാപസമാനമായ അന്തരീക്ഷമുണ്ടാകും. ജുഡീഷ്യറിയിലെ അംഗങ്ങൾക്കും ജനാധിപത്യ പ്രതിനിധികള്‍ക്കുമെല്ലാം സ്വാതന്ത്ര്യം ആവശ്യമുണ്ടെന്നും ചെലമേശ്വർ പറഞ്ഞു.

ഇതാദ്യമായിട്ടല്ല ഇത്രയും ശക്തമായ സർക്കാർ. ഇതിലും ഭൂരിപക്ഷത്തോടെ സര്‍ക്കാർ അധികാരത്തിലെത്തിയിട്ടുണ്ട്. അധികാരത്തിലുള്ള സർക്കാർ തങ്ങളുടെ പരമാവധി ശക്തിയോടെ രാജ്യത്തിന്റെ കാര്യങ്ങളിൽ ഇടപെടാറുണ്ട്. അവർക്കെല്ലാം തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് ഉറച്ച വിശ്വാസമുണ്ട്. കൊളീജിയത്തിന്റെ പ്രവർത്തനരീതിയെയാണു താൻ വിമർശിച്ചത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ഭരണകൂടവും ജുഡീഷ്യറിയും ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. അതു സംഭവിച്ചില്ലെങ്കില്‍ അപകടമാണ്. ജുഡീഷ്യറിയും ഭരണകൂടവും രണ്ടു വഴിക്കാണെങ്കില്‍ തീരുമാനമെടുക്കേണ്ടതു ജനങ്ങളാണ്. ജുഡീഷ്യറിയുമായി ചേര്‍ന്നു പോകാത്ത സർക്കാരാണെങ്കിൽ അക്കാര്യത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാണു മറുപടി നൽകേണ്ടതെന്നും ചെലമേശ്വർ വ്യക്തമാക്കി.