Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി സർക്കാരിന്റെ കാലത്തുള്ളതു പോലൊരു സ്വാതന്ത്ര്യം ആരും ആസ്വദിച്ചിട്ടില്ല: കിരൺ റിജ്ജു

kiren-rijiju-1 കിരൺ റിജ്ജു

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെപ്പോലെ സ്വാതന്ത്ര്യം ഇത്രയേറെ ആസ്വദിക്കാൻ സാധിച്ച മറ്റൊരു കാലമുണ്ടായിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. പലരും പറയുന്നത് കേട്ടിട്ടുണ്ട്, ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം എന്ന്. ജെഎൻയുവിലെ വിദ്യാർഥികൾ ഉൾപ്പെടെ സ്വാതന്ത്ര്യം വേണമെന്നാണു പറയുന്നത്. ഏറ്റവും മികച്ച ജനാധിപത്യ രാജ്യത്തു ജീവിക്കുമ്പോള്‍ നിങ്ങൾക്കിനി എവിടെയാണു സ്വാതന്ത്ര്യം വേണ്ടത്? ജനാധിപത്യ രാജ്യമെന്ന നിലയിൽ എത്രമാത്രം സ്വാതന്ത്ര്യം നാം നൽകണമെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

ആൾക്കൂട്ട വിചാരണകളും അതിനു പിന്നാലെ കൊലപാതകങ്ങളും രാജ്യത്തു പലയിടത്തും സംഭവിച്ചു. അതു സംഭവിക്കാന്‍ പാടില്ലായിരുന്നു. പാർലമെന്റിൽ അതിന്റെ പേരിൽ നടന്ന ചർച്ചയ്ക്കു മറുപടി നൽകേണ്ടി വന്നിരുന്നു. കേന്ദ്ര ഭരണത്തിൻ കീഴിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇനി ഇതൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ നടക്കാതിരിക്കാൻ നിർദേശങ്ങൾ നൽകാനാണു കേന്ദ്രത്തിനു സാധിക്കുക. അത് ചെയ്യുന്നുമുണ്ട്. എന്നാൽ കേന്ദ്രത്തിനെ കുറ്റം പറയാനാണ് എല്ലാവർക്കും താൽപര്യമെന്നും റിജ്ജു പറഞ്ഞു.

അസഹിഷ്ണുതയുള്ള ജനങ്ങളുണ്ട് ഇന്ത്യയിൽ. ബിജെപി അധികാരത്തിലെത്തിയാൽ ഹാലിളകുന്നവരാണ് അവർ. പക്ഷേ എത്ര ആരോപണം ഉയർന്നാലും ബിജെപി അത്രയേറെ ശക്തരാവുകയുള്ളൂ. എന്തെന്നാൽ ഇന്ത്യയിലുള്ളവർക്കറിയാം എന്താണു കേന്ദ്രം ചെയ്യുന്നതെന്ന്. കേന്ദ്ര സർക്കാരിനോ പ്രധാനമന്ത്രിക്കെതിരെയോ ആരോപണമുന്നയിക്കുകയോ കളിയാക്കുകയോ ചെയ്യുന്നവർക്കെതിരെ യാതൊരു അപകീർത്തി നടപടിയും ഈ നാലു വർഷത്തിനിടെ എടുത്തിട്ടില്ല. കളിയാക്കലുകളെ അങ്ങനെത്തന്നെയാണു കണ്ടത്. ദുഷ്ടലാക്കോടെ കേന്ദ്രത്തിനു നേരെ നടന്ന നീക്കങ്ങൾക്കെതിരെ മാത്രമേ പരാതി നൽകിയിട്ടുള്ളൂവെന്നും റിജ്ജു വ്യക്തമാക്കി.

‘സ്വാതന്ത്ര്യം എന്നത് എന്റെ അവകാശമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതല്ല എന്റെ സ്വാതന്ത്ര്യം. അത് എന്റെ രാജ്യത്തിനോ സുഹൃത്തുക്കൾക്കോ സമൂഹത്തിനോ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതുമല്ല. ഓരോരുത്തരും അവരവരുടേതായ അതിരുകൾ വരച്ചു വേണം സ്വാതന്ത്ര്യം നിശ്ചയിക്കാൻ. അതു ഭരണകൂടമല്ല വരയ്ക്കേണ്ടത്. സ്വാതന്ത്ര്യം പലതരത്തിലും രാജ്യത്തു ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റിജ്ജു പറഞ്ഞു.

‘ദേശീയ താൽപര്യമാണ് എനിക്കു വലുത്, അല്ലാതെ എന്റെ സ്വാതന്ത്ര്യമല്ല. ഇന്ത്യയെ തകർക്കുന്നതു പോലും ചിലർക്ക് ‘ഓകെ’യാണ്. ചിലർ പറയുന്നു വ്യക്തിസ്വാതന്ത്ര്യമാണ് എല്ലാമെന്ന്. എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നിട്ടും ഈ സംവിധാനത്തെ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യം എവിടെനിന്നും സൗജന്യമായി ലഭിക്കില്ല. യഥാർഥ സ്വാതന്ത്ര്യത്തിനു നാം സമൂഹത്തിനും ഏറെ നൽകേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ നക്സലുകളെ പിന്തുണയ്ക്കാം, വിഘടനവാദികളെ പിന്തുണയ്ക്കാം. എന്നാൽ അതു രാജ്യത്തെ ബാധിക്കുമ്പോള്‍ ഇടപെടേണ്ടി വരും. നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. സ്വന്തം രാജ്യത്തെ തകർക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല’– റിജിജു പറഞ്ഞു.

ഇന്ത്യയെന്നത് വെറും ഭുമി മാത്രമല്ല, ഇവിടത്തെ ജനങ്ങളും കൂടി. ആ രാജ്യം വളരുകയാണ്. അതുപക്ഷേ മറ്റു രാജ്യങ്ങളെ കീഴടക്കാനല്ല. എന്നാൽ രാജ്യത്തിനെതിരെ എന്തു നീക്കം നടന്നാലും നോക്കി നില്‍ക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

related stories