Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ട്; അക്രമങ്ങൾ വച്ചു പൊറുപ്പിക്കില്ല: രാജ്യവർധൻ സിങ് റത്തോഡ്

rajyavardhan-singh-rathore രാജ്യവർധൻ സിങ് റത്തോഡ്

കൊച്ചി∙ ഇന്നത്തെ യുദ്ധം ആയുധങ്ങളാലല്ലെന്ന് കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റത്തോഡ്. നിങ്ങളെ മാനസികമായി സ്വാധീനിക്കുന്ന മറ്റെന്തൊക്കെയോ കണ്ടുള്ള യുദ്ധമാണ്. ജാഗ്രത അത്യാവശ്യം. സൈന്യത്തിന് എല്ലായിടത്തും എത്താനാകില്ല. ഓരോരുത്തരും രാജ്യത്തിനു വേണ്ടി പടയാളികളാകണം. ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെ ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണു നില കൊള്ളുന്നത് – മനോരമ ന്യൂസ് കോൺക്ലേവിൽ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ട്. ഏഴു ദശാബ്ദമായി അയൽരാജ്യങ്ങളുമായി നാം നല്ല ബന്ധം പുലർത്തുന്നു. ജമ്മു കശ്മീരിലുള്ള ഒരു വിഭാഗം ഇപ്പോഴും എന്താണ് അവരുടെ സ്വാതന്ത്ര്യമെന്നു തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ അന്വേഷണത്തിലാണ് അവർ. അവിടെ അവരെ തെറ്റിദ്ധരിപ്പിക്കാനായി ഒട്ടേറെ പേരെത്തുന്നു. അതാണു ഭീകരവാദത്തിലേക്കു നയിക്കുന്നത്. ഇന്ത്യയുടെ ഒഴിവാക്കാനാകാത്ത ഭാഗമാണു ജമ്മു കശ്മീരെന്നതിൽ ആർക്കും സംശയം വേണ്ട. എല്ലാവർക്കും സ്വാതന്ത്ര്യം ലഭിക്കുന്നതാണു നമ്മുടെ രാജ്യത്തിന്റെയും സ്വാതന്ത്ര്യം. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും റാത്തോഡ്.

രാജ്യത്തിന്റെ ഭരണഘടന തകർക്കാനാണു മാവോയിസ്റ്റുകളുടെ ശ്രമം. ഭരണഘടന പ്രദാനം ചെയ്യുന്ന എല്ലാ സംരക്ഷണവും അനുഭവിച്ചു കൊണ്ടാണു ചിലർ ‘ആക്ടിവിസം’ നടത്തുന്നത്. കശ്മീരിൽനിന്നു തട്ടിക്കൊണ്ടു പോയി കൊല്ലപ്പെടുന്ന സൈനികരെപ്പറ്റി ആരും സംസാരിക്കുന്നില്ല. അവർ നമുക്കു സുരക്ഷയൊരുക്കിയതിന്റെ പേരിലാണു കൊല്ലപ്പെട്ടത്. രാജ്യത്തെ അക്രമങ്ങൾ എന്തിന്റെ പേരിലാണെങ്കിലും വച്ചു പൊറുപ്പിക്കില്ലെന്നും റാത്തോ‍ഡ് കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്നവരെയും പുരോഗമനവാദക്കാരെന്നാണു ചിലർ വിളിക്കുന്നതെന്നും ആ പുരോഗമനവാദത്തെ തള്ളിക്കളയുകയാണെന്നും റാത്തോഡ് വ്യക്തമാക്കി. ഇന്നു രാജ്യം കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്തേക്കാൾ കൂടുതല്‍ സ്വാതന്ത്ര്യം ഇന്നുണ്ട്. ഇന്നു നടക്കുന്നതു ചിന്തകളുടെ യുദ്ധമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരുമയുടെ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ ചിലർ സൈന്യത്തിനെതിരെ അപവാദ പ്രചാരണം നടത്തുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും റാത്തോഡ് പറഞ്ഞു.

ഹൈബി ഈഡൻ എംഎല്‍എ ഉൾപ്പെടെ ചോദ്യങ്ങളുമായെത്തി. ‌എംഎംടിവി മാനേജിങ് ഡയറക്ടർ ജേക്കബ് മാത്യു മന്ത്രി റാത്തോഡിന് ഉപഹാരം സമ്മാനിച്ചു.