Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോക്കിൻമുനയിൽ 12 മണിക്കൂർ; ഭോപ്പാലിൽ യുവതിയെ മോചിപ്പിച്ച് പൊലീസ്

youth-hostage-crisis യുവതിയെ ബന്ദിയാക്കിയ രോഹിത് സിങ്. പുറത്തു വിട്ട വിഡിയോ കോളിൽ രോഹിത്(വലത്).

ഭോപ്പാൽ∙ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു. ഭോപ്പാലിൽ, മുപ്പതു വയസുകാരിയായ മോഡലിനെയാണു ഫ്ലാറ്റിൽ തടഞ്ഞുവെച്ചത്. തോക്കിൻ മുനയിൽ നിർത്തിയ യുവതിയെ വധിക്കുമെന്നായിരുന്നു ഭീഷണി. യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നുമായിരുന്നു ആവശ്യം. വളരെ നേരത്തെ അനുനയശ്രമത്തിനൊടുവിലാണു മോചനം സാധ്യമായതെന്നും ഇരുവരെയും പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

ഉത്തർ പ്രദേശിലെ അലിഗഡ് സ്വദേശിയായ രോഹിത് സിങ്ങാണ് ബിഎസ്എൻഎൽ മുൻ ജനറൽ മാനേജരുടെ മകളും എംടെക്കുകാരിയുമായ മോഡലിനെ രാവിലെ ഏഴു മണി മുതൽ യുവതിയുടെ കിടപ്പുമുറിയിൽ ബന്ദിയാക്കിയത്. യുവാവ് വാട്സാപ് വിഡിയോ കോളിലൂടെ കാട്ടിയ ദൃശ്യത്തിൽ കിടക്കയിൽ കിടക്കുന്ന യുവതി പരുക്കേറ്റ നിലയിലായിരുന്നു. കത്രിക ഉപയോഗിച്ചാണ് യുവതിയെ പരുക്കേൽപ്പിച്ചതെന്ന് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ട എസ്ഐ ജി.എസ്.രാജ്പുത് പറഞ്ഞു. യുവതിയെ വിവാഹം കഴിക്കാനായില്ലെങ്കിൽ വധിക്കുമെന്നാണ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയ വിഡിയോ കോളിൽ യുവാവ് പറഞ്ഞത്. യുവാവ് മുദ്രപത്രവും മൊബൈൽ ചാർജറും ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഭോപ്പാൽ നഗരപ്രാന്തത്തിലെ മിസ്റോഡിലെ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ഫ്ലാറ്റിലാണ് യുവതിയെ ബന്ദിയാക്കിയത്. നാടൻ തോക്കു കാട്ടി ഭീഷണി മുഴക്കിയ യുവാവ്, യുവതിയുടെ കുടുംബവും പൊലീസും വിവാഹത്തിന് ഉറപ്പുനൽകിയില്ലെങ്കിൽ യുവതിയെ വധിക്കുമെന്നാണ് ഭീഷണി മുഴക്കിയത്. ഫ്ലാറ്റിലെ ഗ്രില്ലിലൂടെ വൈകിട്ടോടെ മുദ്രപത്രവും യുവാവ് ഉയർത്തിക്കാട്ടി. ഇതിൽ വിവാഹിതരാകാനുള്ള തീരുമാനത്തിനു കീഴിൽ താനും യുവതിയും ഒപ്പിട്ടുണ്ടെന്നായിരുന്നു അവകാശവാദം.

വ്യാഴാഴ്ച രാത്രി 11.30 ന് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ യുവതിയുടെ സഹായത്തിലാണ് താൻ ഫ്ലാറ്റിൽ കയറിയതെന്നാണ് യുവാവ് ടിവി ചാനലുകൾക്കു നൽകിയ വിഡിയോ ചാറ്റിൽ പറഞ്ഞത്. രാവിലെ വിവരമറിഞ്ഞ് മുറിക്കുള്ളിൽ കടന്നെത്താൻ ശ്രമിച്ച ഒരു പൊലീസുകാരനെ യുവാവ് കത്രിക കൊണ്ട് ആക്രമിക്കുകയും ചെയ്തു.

കെട്ടിടത്തിനു സമീപത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരാണ് രക്ഷാദൗത്യത്തിനെത്തിയത്. എസ്പി രാഹുൽ കുമാർ ലോധ പൊലീസ് നടപടികൾ ഏകോപിപ്പിച്ചു. കരുതൽ നടപടിയായി ഒരു സംഘം ഡോക്ടർമാരെയും സ്ഥലത്തെത്തിച്ചിരുന്നു. ചെറിയ രീതിയിൽ മോഡലിങ് ചെയ്യുന്ന രോഹിത് മുംബൈയിലെ മോഡലിങ് വേളയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നാണ് വിവരം. പുറകെനടന്നു ശല്യമേറിയപ്പോൾ ജനുവരിയിൽ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെട്ടു. ഈ പരാതിയിൽ ഏപ്രിലിൽ രോഹിത്തിനെ അറസ്റ്റു ചെയ്ത പൊലീസ് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.