Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തനിവാരണം ദുരന്തമായി; രണ്ടാം നിലയിൽനിന്ന് പരിശീലകൻ ‌തള്ളിയിട്ട വിദ്യാർഥിനി മരിച്ചു

coimbatore-disaster (ചിത്രം 1) കലൈമകൾ കേ‌ാളജിൽ ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീഴുന്ന ദൃശ്യങ്ങൾ. (ചിത്രം 2) ലോകേശ്വരി. (ചിത്രം 3) അറമുഖം

കോയമ്പത്തൂർ ∙ ദുരന്ത നിവാരണപരിശീലനത്തിനിടെ കോളജ് കെട്ടിടത്തിൽനിന്നു പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർഥിനി സൺഷെയ്ഡിൽ തലയിടിച്ചു മരിച്ചു. നരസിപുരം കലൈമകൾ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി എൻ.ലോകേശ്വരി (19) ആണു മരിച്ചത്. പരിശീലകൻ ആർ.അറുമുഖത്തെ അറസ്റ്റ് ചെയ്തു.

തീപിടിത്തമുൾപ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ കോളജിലെ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റാണു വ്യാഴാഴ്ച വൈകിട്ടു പരിശീലനമൊരുക്കിയത്. ഇരുപതോളം വിദ്യാർഥികൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിൽ നിന്നു താഴെ വിടർത്തിപ്പിടിച്ച വലയിലേക്കു ചാടി. എന്നാൽ മടിച്ചു സൺഷെയ്ഡിൽ ഇരുന്ന ലോകേശ്വരിയെ പല വട്ടം നിർബന്ധിച്ച അറുമുഖം, ഒടുവിൽ തോളിൽ പിടിച്ചുതള്ളിയതായി പൊലീസ് പറഞ്ഞു. ഒന്നാം നിലയിലെ സൺഷെയ്ഡിൽ തലയിടിച്ചുവീണ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

പരിശീലകനെന്ത് യോഗ്യത 

കോയമ്പത്തൂർ∙ ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പരിശീലകന്റെ യോഗ്യത സംബന്ധിച്ചു ചോദ്യമുയരുന്നു. ആർ. അറുമുഖം നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിലെ പരിശീലകനാണെന്നാണു കോളജ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അതോറിറ്റി ഇക്കാര്യം ട്വിറ്ററിൽ നിഷേധിച്ചു. സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെയായിരുന്നു പരിശീലനമെന്നും ആരോപണമുയർന്നിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനും അഗ്നിശമനസേനയ്ക്കും വിവരം നൽകിയില്ല.

related stories