Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണമാസത്തിൽ ‘രാഷ്ട്രീയയുദ്ധം’; രാമായണ പാരായണത്തിന് കോൺഗ്രസും

Ramayana Month Controversy

കോട്ടയം∙ രാമായണം ആര്‍എസ്എസിനും സിപിഎമ്മിനും മാത്രമായി വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ കോണ്‍ഗ്രസും. 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണു കോണ്‍ഗ്രസ് ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോൺഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനാകും. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികളാണു സംഘടിപ്പിക്കുകയെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍ മനോരമ ഓൺലൈനോടു പറഞ്ഞു.

ഉത്തമനായ ഭരണാധികാരി എങ്ങിനെയാകണമെന്നും ഉത്തമമായ രാജ്യം എങ്ങിനെയാകണമെന്നും വ്യക്തമായി പ്രതിപാദിപ്പിക്കപ്പെട്ട ഗ്രന്ഥം എന്ന നിലയില്‍ രാമായണത്തിന്റെ സമകാലിക പ്രധാന്യം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കർക്കടകമാസത്തിൽ രാമായണ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ് സെൻ മനോരമ ഓൺലൈനോടു പറഞ്ഞു. 

സിപിഎം അനുഭാവികളുടെ സംസ്‌കൃത സംഘം എന്ന സംഘടന രാമായണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന് ഇതുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തു. രാമായണത്തെ മുന്‍നിര്‍ത്തി ഫാസിസ്റ്റ് സംഘടനകള്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു തടയിടുകയാണു ലക്ഷ്യമെന്നായിരുന്നു സംസ്‌കൃത സംഘത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് കെപിസിസി വിചാര്‍ വിഭാഗം രാമായണ മാസ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

related stories