Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവു തെറ്റിച്ചു പതാകയുയർത്താൻ ഉദയനിധി; ഡിഎംകെ നേതൃത്വത്തിലേക്കെന്നു സൂചന

Udayanidhi Stalin ഉദയനിധി സ്റ്റാലിൻ

ചെന്നൈ ∙ പാർട്ടി അധ്യക്ഷൻ എം.കരുണാനിധിയുടെ 95-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏഴിടത്തു വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധി പാർട്ടി പതാക ഉയർത്തുമെന്ന അറിയിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഡിഎംകെയുടെ ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കാത്തൊരാൾ പാർട്ടി ചടങ്ങിൽ പതാക ഉയർത്തുന്നത്. ഉദയനിധി പാർട്ടി നേതൃനിരയിലേക്കു വരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നാണു വിലയിരുത്തൽ.

കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ എതിരാളികൾ പാർട്ടിയെ പ്രതിരോധത്തിലാക്കുമ്പോൾ ഉദയനിധികൂടി നേതൃനിരയിലേക്കു വരുന്നതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിനു കടുത്ത അമർഷമുണ്ട്. പാർട്ടി മുഖപത്രം മുരശൊലിയുടെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി. മുരശൊലി തന്നെയാണ് ഉദയനിധി പതാകയുയർത്തുന്ന വിവരം പുറത്തുവിട്ടത്. 

ഉദയനിധി രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ നേരത്തേയുണ്ടായിരുന്നു. കാവേരി വിഷയത്തിൽ പാർട്ടി നടത്തിയ ചില സമരങ്ങളിൽ ഉദയനിധി തല കാണിച്ചിരുന്നു. അധികാരവടംവലിയുടെ ഭാഗമായി പാർട്ടിക്കു പുറത്തായ അഴഗിരി ഉദയനിധിയെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനുള്ള നീക്കത്തെ പരസ്യമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു പാർട്ടി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. 

ഇളവ് ഉദയനിധിക്കു മാത്രം

പാർട്ടി ചടങ്ങുകളിൽ കേഡർ സ്വഭാവം പിന്തുടരുന്നതാണു ഡിഎംകെയുടെ രീതി. രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും പാർട്ടി യൂത്ത് വിങ്ങിന്റെ ഭാരവാഹിത്വം ഏറ്റെടുത്തശേഷമാണ് എം.കെ.സ്റ്റാലിനു പാർട്ടി ചടങ്ങുകളിൽ പതാകയുയർത്തിയത്. കരുണാനിധിയുടെ മറ്റു മക്കളായ എം.കനിമൊഴി, എം.കെ.അഴിഗിരി എന്നിവരും ഇങ്ങനെത്തന്നെ. ഉദയനിധിക്കു മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് ലഭിക്കുന്നത്.