Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശാന്ത് കിഷോർ വീണ്ടും മോദിക്കൊപ്പം?; 2019 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘ഘർ വാപസി’

prashant-kishore പ്രശാന്ത് കിഷോർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ 2014 ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കൾക്കൊപ്പം ബിഹാറിലും ഉത്തർപ്രദേശിലും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാർട്ടികളുമായും ചേർന്നു പ്രവർത്തിച്ചു നടപ്പാക്കിയത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പ്രശാന്ത് ‘ഘർ വാപസി’ നടത്തിയെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന സൂചനകൾ. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാർട്ടി നേതൃത്വവുമായും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു.

യുവജനതയുടെ പിന്തുണ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നൽകിയ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. 2014 ലേതുപോലെ യുവ വോട്ടർമാരെ സ്വാധീനിക്കാൻ മോദി കാര്യമായ പ്രചാരണം നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വീട്ടിലെത്തിയാണ് പ്രശാന്ത് പലപ്പോഴും കണ്ടിരുന്നത്. പലപ്പോഴും ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും അത്താഴവും കഴിച്ചിരുന്നെന്നും ഒരുമിച്ചു പ്രവർത്തിക്കാനല്ലെങ്കിൽ ഇത്തരമൊരു നീക്കം എന്തിനെന്നും പാർട്ടി വൃത്തങ്ങൾ ചോദിക്കുന്നു. ‘എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ, അത് അനുസരിക്കും. ആരും പ്രധാനമന്ത്രിയുടെ നിർദേശത്തെ ധിക്കരിക്കില്ല’ – പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാർട്ടിയിൽ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതാണ് കാരണമെന്നാണ് നിഗമനം. ഐ–പിഎസി എന്ന പേരിലുള്ള പ്രസ്ഥാനവുമായാണ് പ്രശാന്ത് ഇപ്പോൾ ബിജെപിക്കായി തന്ത്രങ്ങളൊരുക്കുന്നത്. നിലവിൽ ഇതിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു തുടങ്ങി. എല്ലാ ട്വീറ്റുകളിലും #NationalAgendaForum എന്ന ഹാഷ്ടാഗ് ഉൾപ്പെടുത്തിയാണ് സമൂഹമാധ്യമത്തിലെ പ്രചാരണം.

related stories