Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയുടെ തിരോധാനം: ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

jesna-missing-case-and-friend

പത്തനംതിട്ട∙ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മിൽ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്നു പൊലീസിനു വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൈബര്‍ സെല്ലിന്റെ പരിശോധനയിലാണു ഫോൺവിളി സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. മുന്‍പു ചോദ്യം ചെയ്തപ്പോള്‍ ആണ്‍സുഹ‍‍ൃത്ത് ചോദ്യങ്ങളോടു നിഷേധാത്മക നിലപാടാണു സ്വീകരിച്ചത്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ കേരളത്തിനകത്തും പുറത്തും പരിശോധന നടത്തുന്നുണ്ട്. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്നയാണെന്ന് ഉറപ്പുപറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കാണാതായ അന്നു രാവിലെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുസമീപത്തുകൂടി ജെസ്നയോടു സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ആറുമിനിറ്റിനു ശേഷം ആണ്‍ സുഹ‍ത്തിനെയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇക്കാര്യംകൂടി കണക്കിലെടുത്താണ് ആണ്‍സുഹൃത്തിനെ വിശദമായി ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.