Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീയുടെ കൈത്താങ്ങിൽ വളരുന്നു പുനർജനി, നൈസി, ലക്ഷ്യ, പ്രതീക്ഷ, നക്ഷത്ര...

Kudumbasree-Transgender-2

തിരുവനന്തപുരം∙ സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തി മുന്നേറുന്നു. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചും ഉപജീവന മാര്‍ഗം കണ്ടെത്തി നല്‍കുന്നതിനു സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പിന്തുണയേകിയും കേരളത്തിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രതീക്ഷയുടെ പുതുനാളം നീട്ടുകയാണ് കുടുംബശ്രീ മിഷന്‍.

ഇതുവരെ 21 ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളിലായി 274 പേര്‍ അംഗങ്ങളായിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഈ പ്രത്യേക അയല്‍ക്കൂട്ടത്തില്‍ അംഗമാകാം. സാധാരണയായി ഒരു അയല്‍ക്കൂട്ടത്തില്‍ 10 മുതല്‍ 20 വരെ അംഗങ്ങളുണ്ടാകണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന് അക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പത്തില്‍ താഴെ മാത്രം അംഗങ്ങളേയുള്ളൂവെങ്കിലും കുടുംബശ്രീയുടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കു വിവേചനാധികാരം ഉപയോഗിച്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ അനുമതി നല്‍കാൻ സാധിക്കും.

ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് കോര്‍പ്പസ് ഫണ്ടായി 10,000 രൂപയും കുടുംബശ്രീ നല്‍കും. സംസ്ഥാനമൊട്ടാകെ ഇത്തരത്തിലുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ മൂന്നു വീതം ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നു രണ്ടു വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഓരോ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ വീതവുമുണ്ട്.

12 സൂക്ഷ്മ സംരംഭങ്ങള്‍

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു സ്വന്തമായി ഒരു ഉപജീവന മാർഗം കണ്ടെത്തി നല്‍കുകയും അവരെ അഭിമാനത്തോടെ ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നതിനായി സൂക്ഷ്മ സംരംഭങ്ങള്‍ക്കു രൂപം നൽകാനും കുടുംബശ്രീ മുന്നിലുണ്ട്. നിലവിൽ കുടുംബശ്രീക്കു കീഴെ ഇത്തരത്തിലുള്ള 12 സൂക്ഷ്മ സംരംഭങ്ങളാണുള്ളത്. എറണാകുളത്തും ആലപ്പുഴയിലും ഇത്തരത്തിലുള്ള മൂന്നു വീതം സംരംഭങ്ങളുള്ളപ്പോള്‍ പത്തനംതിട്ടയില്‍ രണ്ടും കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഓരോന്നു വീതം സംരംഭങ്ങളുമുണ്ട്. 

കണ്ണൂരില്‍ നിന്ന് നൈസി ചിപ്സ്

കണ്ണൂരിലെ ആനക്കുളത്ത് നന്മ അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഉപ്പേരി ഉൽപാദന യൂണിറ്റാണ് നൈസി. അഞ്ച് വ്യത്യസ്ത ചിപ്സുകള്‍ യൂണിറ്റില്‍ ഉൽപാദിപ്പിക്കുന്നു. മാസം ശരാശരി 2000 കിലോഗ്രാം ചിപ്സിന്‍റെ വില്‍പ്പന നടക്കുന്നു. സന്ധ്യ, സോണ, സ്നേഹ, മായ, സൗമിനി, അപര്‍ണ, ജാസ്മിന്‍, റീമ സതീശന്‍, സനാന, ലൈസ എന്നിവരാണു നൈസി ചിപ്സ് യൂണിറ്റിലെ അംഗങ്ങള്‍. 

കോഴിക്കോട്ടെ പുനര്‍ജനി

മോനിഷ, അലീന, ഷംന, വര്‍ഷ എന്നീ നാലംഗ സംഘമാണ് പുനർജനി ജ്യൂസ് കോര്‍ണര്‍ നടത്തുന്നത്. കുടുംബശ്രീ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിവിധ മേളകളില്‍ പങ്കെടുത്താണ് ഇവര്‍ ജ്യൂസ് വില്‍പന നടത്തിയിരുന്നത്. ഇപ്പോള്‍ സിവില്‍സ്റ്റേഷന്‍ വളപ്പിനുള്ളില്‍ ഒരു സ്ഥിരം ജ്യൂസ് ഷോപ്പ് തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇവര്‍. മാസം ശരാശരി 80,000 രൂപ വിറ്റുവരവുണ്ട്. ഒരാള്‍ക്ക് മാസം 10,000 രൂപ സ്ഥിരമായി വരുമാനം ലഭിക്കുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി ജ്യൂസ് സ്റ്റാൾ ഇട്ടപ്പോള്‍ ഒരാള്‍ക്ക് 30,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. 

Kudumbasree-Transgender

എറണാകുളത്തെ ലക്ഷ്യ

കാക്കനാട് കലക്ടറേറ്റ് വളപ്പിലുള്ള ലക്ഷ്യ ഫ്രൂട്ട്സ് ആന്‍ഡ് ജ്യൂസ് കോര്‍ണറിന്‍റെ സാരഥികള്‍ അമൃത, അനാമിക, സബിത എന്നിവരാണ്. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസും ഇതേ വളപ്പില്‍ തന്നെയാണ്. ഒരു പ്രത്യേക കിയോസ്കില്‍ സജ്ജീകരിച്ചിരിക്കുന്ന ജ്യൂസ് ഷോപ്പ് വഴി മാസം 70,000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. എറണാകുളത്ത് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ മറ്റൊരു ജ്യൂസ് ഷോപ്പും ഒരു ആഭരണ നിര്‍മ്മാണ യൂണിറ്റും ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റേതായി പ്രവര്‍ത്തിക്കുന്നു. 

വയനാട്ടില്‍ പ്രതീക്ഷ 

ബ്രഹ്മഗിരി സൊസൈറ്റിയുമായി സഹകരിച്ച് അഞ്ച് പേരടങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ സംഘത്തിന് ഉപജീവന മാർഗമായി ഒരു ഔട്ട്‌ലെറ്റ് തുറന്നു നല്‍കാനുള്ള ആശയമാണ് കുടുംബശ്രീ വയനാട്ടില്‍ പ്രാവര്‍ത്തികമാക്കുന്നത്. ആരംഭിക്കാനിരിക്കുന്ന ഈ ഔട്ട്‌ലെറ്റ് വഴി കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളിലെ ഉൽപന്നങ്ങളും പച്ചക്കറിയും ഉൾപ്പെടെ വില്‍പന നടത്തും. 

പത്തനംതിട്ടയില്‍ നക്ഷത്ര 

പത്തനംതിട്ടയില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്–പന്തളത്തും കൊടുമണ്ണിലും. ഈ രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്കും ഓരോ  സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ വീതമുണ്ട്. കൊടുമണ്ണില്‍ അഞ്ചു പേരടങ്ങിയ സംഘം ആരംഭിച്ചിരിക്കുന്നത് നൃത്തവിദ്യാലയമാണ്. ശ്യാമ പ്രസാദ്, രാഹുല്‍ രാജ്, പ്രസാദ്, സുനില്‍ കുമാര്‍, അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ നൃത്ത വിദ്യാലയത്തില്‍ ഇപ്പോള്‍ നാലു കുട്ടികള്‍ പഠിക്കുന്നു. ആരംഭിച്ചു നാളുകള്‍ മാത്രം പിന്നിട്ട ഈ വിദ്യാലയം ക്രമേണ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

നൃത്ത ആവശ്യത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്ന സൂക്ഷ്മ സംരംഭമാണ് പന്തളത്തുള്ളത്.  മലപ്പുറത്ത് സ്പെക്ട്ര ബുട്ടീക്ക് എന്ന സൂക്ഷ്മ സംരംഭ യൂണിറ്റും ആലപ്പുഴയില്‍ സാംസ്കാരിക ഘോഷയാത്രകളിലും ഉത്സവ ഫ്ളോട്ടുകളിലും മറ്റും പരമ്പരാഗത കലാരൂപങ്ങളുടെ വേഷമണിയുന്ന മൂന്നു സൂക്ഷ്മ സംരംഭ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. ധ്വനി, ഫ്രണ്ട്സ്, ഭരതകല എന്നീ സൂക്ഷ്മ സംരംഭ യൂണിറ്റുകളില്‍ അഞ്ച് വീതം ട്രാന്‍സ്ജെന്‍ഡറുകളാണുള്ളത്. 

ഈ സംരംഭങ്ങളെ വിവിധ മേളകളില്‍ പങ്കെടുക്കാന്‍ നിരന്തരം പ്രോത്സാഹിപ്പിച്ച് ആ യൂണിറ്റുകള്‍ക്ക് മറ്റൊരു പ്രധാന വിപണി തുറന്ന് കൊടുക്കുകയും ചെയ്യുന്നു കുടുംബശ്രീ. ‘സരസ്’ മേളകളിലും ഭക്ഷ്യ മേളകളിലും മറ്റും സ്ഥിര സാന്നിധ്യമാണ് കണ്ണൂരിലെ നൈസി ചിപ്സും കോഴിക്കോടെ പുനര്‍ജനി ജ്യൂസ് യൂണിറ്റും. നൈസി ചിപ്സ് ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന സരസ് മേളകളില്‍ പങ്കെടുത്തു.

നേരത്തേ കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ വഴി ജോലി നല്‍കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കു ജോലി നല്‍കിയ ആദ്യത്തെ മെട്രോയെന്ന നേട്ടവും ഇതോടെ കൊച്ചി മെട്രോയ്ക്ക് കൈവന്നിരുന്നു. ഇപ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 14 പേര്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

related stories