Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരങ്ങിണി കാട്ടുതീ ദുരന്തം: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നു റിപ്പോർട്ട്

Theni Forest Fire

ചെന്നൈ ∙ 23 പേരുടെ മരണത്തിനിടയാക്കിയ കുരങ്ങിണി കാട്ടുതീക്കു വനം വകുപ്പിലെ ചില ജീവനക്കാരുടെ വീഴ്ച കാരണമായതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഏകാംഗ കമ്മിഷന്റെ റിപ്പോർട്ട്. റവന്യു ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അതുല്യ മിശ്ര 125 പേജുള്ള റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിക്കു കൈമാറി.

ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് കേരള - തമിഴ്നാട് അതിർത്തിയിലെ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽപെട്ടു ട്രെക്കിങ് സംഘത്തിലെ 23 പേർ മരിച്ചത്.

തുടർന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെ സർക്കാർ നിയോഗിക്കുകയായിരുന്നു. ട്രെക്കിങ് സംഘത്തിലുള്ളവർക്കോ അതു സംഘടിപ്പിച്ചവർക്കോ അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ പരിശീലനം ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വർധിക്കാൻ പ്രധാന കാരണം ഇതാണ്. സംസ്ഥാന വനം വകുപ്പിലെ ഒട്ടേറെ ഒഴിവുകൾ നികത്താത്തതു ട്രെക്കിങ് ഉൾപ്പെടെ നിയന്ത്രിക്കുന്നതിനു തടസ്സമാകുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.

പരിശീലനമില്ലാതെ ട്രെക്കിങ്ങിന് എത്തിയവരെ തടയുന്നതിലും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിലും വനംവകുപ്പിലെ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ട്. ദുരന്തം സംഭവിച്ചപ്പോൾ ഇതിനോട് എളുപ്പത്തിൽ പ്രതികരിക്കുന്നതിലും വീഴ്ചയുണ്ടായി. കുരങ്ങിണി മലകളിൽ അനുമതിയില്ലാതെ നിർമിച്ച ലോഡ്ജുകളും ദുരന്തത്തിനു കാരണമായി. കാട്ടുതീ സംഭവങ്ങളിൽ അതിവേഗം പ്രതികരിക്കുന്നതിനും തുടർനടപടികൾ കൈക്കൊള്ളുന്നതിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നാണു റിപ്പോർട്ടിലെ പ്രധാന ശുപാർശ.

വനം വകുപ്പ് ജീവനക്കാർ, അഗ്നിശമന വിഭാഗത്തിന്റെ പ്രതിനിധികൾ, വിദഗ്ധർ എന്നിവരുൾപ്പെടുന്നതായിരിക്കണം കമ്മിറ്റി. ഐഎസ്ആർഒയുമായി സഹകരിച്ച്, വനത്തിനുള്ളിൽ തീപിടിച്ചാൽ ഉടൻ പുറത്ത് അറിയിക്കുന്ന മുന്നറിയിപ്പു സംവിധാനം വികസിപ്പിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. കാട്ടുതീ എവിടെനിന്നു പകർന്നു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ, ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എന്തെല്ലാം എന്നിവയായിരുന്നു കമ്മിഷന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്ന വിഷയങ്ങൾ.