Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശ്രമത്തിനിടെ പൊള്ളലേറ്റ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

PT-Kuruvilla പി.ടി. കുരുവിള

താമരശ്ശേരി∙ കോഴിക്കോട് പുതുപ്പാടിയിൽ വധശ്രമത്തിനിടെ പൊള്ളലേറ്റ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പൊയിൽ ടൗണിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനമായ മലബാർ ഫിനാൻസിയേഴ്സിന്റെ ഉടമ കുപ്പായക്കോട് ഒളവങ്ങര പി.ടി. കുരുവിള എന്ന സജിയാണ്(52) മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ സ്ഥാപനത്തിൽ എത്തിയ അജ്ഞാത യുവാവാണ് മുഖത്തു മുളകുപൊടി വിതറി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച‌ിരിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ പിൻഭാഗത്തുകൂടെ രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ ഓഫിസിൽ കുരുവിള മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽനിന്നു ദേഹത്തു പടർന്ന തീയുമായി പുറത്തുവന്ന കുരുവിള താഴേക്കു ചാടി. താഴെ നിലയിലെ കടകളുടെ ഷീറ്റിൽ വീണുരുണ്ട് നിലത്തു വീണതുകണ്ട് ഓടിക്കൂടിയ കച്ചവടക്കാരും നാട്ടുകാരും ചേർന്നു വെള്ളം ഒഴിച്ചു തീ അണച്ചു. താമരശ്ശേരി പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി.

ചുവപ്പു ഷർട്ടു ധരിച്ച ചെറുപ്പക്കാരനാണ് അക്രമിയെന്നു കുരുവിള മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ മതിയായ സ്വർണം ഈടു വയ്ക്കാനില്ലാതെ വായ്പയ്ക്കെത്തിയ ഒരു യുവാവിനെ മടക്കി അയച്ചിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കുരുവിള മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ യുവാവ് തന്നെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്നാണു കുരുവിളയുടെ മൊഴിയെന്നറിയുന്നു.

അതിനിടെ, പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച യുവാവ് പ്രതിയല്ലെന്ന് കുരുവിള പറഞ്ഞതോടെ വിട്ടയച്ചു.