Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മുസ്‌ലിം’ പാർട്ടിയാണോ കോൺഗ്രസെന്ന് മോദി; മനുഷ്യരുടെ പാർട്ടിയെന്നു മറുപടി

Narendra-Modi അസംഗഢിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന നരേന്ദ്ര മോദി. ചിത്രം: പിടിഐ

ന്യൂഡൽഹി∙ കോൺഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ മാത്രം പാർട്ടിയാണോയെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന രാഷ്ട്രീയം കോൺഗ്രസിന് ഇല്ലെന്നും എല്ലാ വിഭാഗക്കാരുടെയും പാർട്ടിയാണിതെന്നും പ്രതിപക്ഷത്തു നിന്നു മറുപടി. ‘മുസ്‌ലിം പാർട്ടി’ പരാമർശത്തിൽ മോദിയും കോൺഗ്രസ് വക്താവും അഭിപ്രായവുമായി രംഗത്തെത്തിയതോടെ വാക്പോര് കനക്കുന്നു.

ഉത്തർപ്രദേശിൽ രണ്ടു ദിവസത്തെ സന്ദർശനത്തോടനുബന്ധിച്ച് അസംഗഢിൽ നടന്ന റാലിയിലാണ്  കോൺഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്. ‘കോൺഗ്രസ് മുസ്‌ലിംകളുടെ പാർട്ടിയാണെന്ന് പറഞ്ഞതായി ചില പത്രങ്ങളിൽ വായിച്ചു. അതിൽ അതിശയമില്ല. പ്രകൃതിസമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിംകളാണെന്നു പറഞ്ഞത് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിയാണ്.

ഇതു പോലെത്തന്നെ പാർട്ടി തുടരണമെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കിൽ തനിക്കു പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ കോൺഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ മാത്രം പാർട്ടിയാണോയെന്നു വ്യക്തമാക്കണം. അതോ മുസ്‌ലിം വനിതകൾക്കൊപ്പവുമുണ്ടോ?’ മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബിൽ പാർലമെന്റിൽ കോൺഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നു പറഞ്ഞായിരുന്നു മോദിയുടെ ഈ പരാമർശം.

എന്നാൽ കോൺഗ്രസ് മുസ്‌ലിംകളുടേതാണെന്നു പറഞ്ഞ പത്രവാർത്ത കെട്ടിച്ചമച്ചതാണെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണു ബിജെപി ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള ഒരു പാർട്ടിയുണ്ടെങ്കിൽ അത് കോണ്‍ഗ്രസാണെന്നും പാർട്ടി വക്താവ് പ്രമോദ് തിവാരി പറഞ്ഞു. ഈ രീതി ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവർ ഇന്നും പിന്തുടരുന്നതാണ്.

എല്ലാ മതങ്ങളെയും കോൺഗ്രസ് ബഹുമാനിക്കുന്നു. വിഭജിച്ചുള്ള രാഷ്ട്രീയത്തിൽ കോൺഗ്രസിനു വിശ്വാസവുമില്ല– തിവാരി പറഞ്ഞു. മുത്തലാഖിനെപ്പറ്റി യാതൊന്നും അറിയാതെയാണു മോദി സംസാരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണു നല്ലത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ പാർട്ടി എന്ന ഒന്നില്ല. മനുഷ്യരാണ് ഇവിടെ രാഷ്ട്രീയ പാർട്ടികളിലുള്ളത്. അതിനു ബിജെപിക്ക് എന്താണു മനുഷ്യത്വമെന്നറിയാമോ? മനുഷ്യരല്ലാത്തവർക്കൊപ്പമാണ് ബിജെപി ഏറെ സമയവും ചെലവഴിക്കുന്നതെന്നും ഖുർഷിദ് വിമർശിച്ചു.

related stories