Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച നേട്ടം; സംരക്ഷിതാധ്യാപകരെ സമയപരിധിക്കു മുൻപ് പുനർവിന്യസിച്ച് വിദ്യാഭ്യാസ വകുപ്പ്

Class room

തിരുവനന്തപുരം∙ മുഴുവൻ സംരക്ഷിതാധ്യാപകരെയും ജൂലൈ 15നു മുൻപു പുനർവിന്യസിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്.  സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2018-19ലെ തസ്തിക നിർണയവും തസ്തിക നഷ്ടമായ സംരക്ഷിതാധ്യാപകരുടെ പുനർവിന്യാസവും സമയ പരിധിയായ ജൂലൈ 15 നു രണ്ടു ദിവസം മുൻപ് പൂർത്തിയാക്കിയാണ് ഈ വർഷവും പൊതുവിദ്യാഭ്യാസ വകുപ്പ് മാതൃക കാട്ടിയത്. കഴിഞ്ഞ വർഷവും ഈ പ്രവർത്തനങ്ങൾ നിർദ്ദിഷ്ട തീയതിക്കു മുൻപ് പൂർത്തിയാക്കാൻ വകുപ്പിനു കഴിഞ്ഞിരുന്നു. 

4059 സംരക്ഷിതാധ്യാപകരായിരുന്നു കഴിഞ്ഞ വർഷത്തെ  അധ്യാപക ബാങ്കിൽ ഉണ്ടായിരുന്നത്. ഇതു കൂടാതെ 350ൽ പരം തസ്തിക നഷ്ടമായ സ്പെഷലിസ്റ്റ് അധ്യാപകരുമുണ്ടായിരുന്നു. സമീപസ്ഥങ്ങളായ രണ്ടു സ്കൂളുകളിൽ ക്ലബ്ബ് ചെയ്ത് നിലനിർത്തിയതിനാൽ ഇവരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. 

ഈ വർഷം സംരക്ഷിതാധ്യാപകരുടെ എണ്ണം 3753 ആയി കുറഞ്ഞു. 9, 10 ക്ലാസ്സുകളിൽ 1:40  അനുപാതത്തിൽ തസ്തിക അനുവദിച്ച് അധ്യാപകരെ നിലനിർത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതനുവദിച്ച് തസ്തിക നിർണയം പരിഷ്കരിക്കുന്നതോടെ സംരക്ഷിതാധ്യാപകരുടെ എണ്ണം 3500 ആയി കുറഞ്ഞേക്കുമെന്നാണു പ്രതീക്ഷ.

 2011-12 മുതൽ 2015-16 വരെയുള്ള അഞ്ചു വർഷം സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നില്ല. ഇതു പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു. തസ്തിക നിർണയം പിന്നീട് ഒരുമിച്ച് 2016 മേയിലാണു നടത്തിയത്. തുടർന്നുള്ള വർഷങ്ങളിലെ തസ്തിക നിർണയവും പുനർവിന്യാസവും കൃത്യമായി നടത്തി. കഴിഞ്ഞ വർഷം എണ്ണൂറോളം സംരക്ഷിതാധ്യാപകരാണ് പുതുതായി അധ്യാപക ബാങ്കിലേക്കു വന്നത്‌.

ഇത്തവണ അധ്യാപക ബാങ്കിലെ പുതുമുഖങ്ങളുടെ എണ്ണം 436 മാത്രമാണെന്നത് എയ്ഡഡ് സ്കൂളുകളും ഉണർവിന്റെ പാതയിലാണെന്നു വ്യക്തമാക്കുകയാണെന്ന് അധികൃതർ പറഞ്ഞു. എയ്ഡഡ് സ്കൂളുകളിൽ സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കുന്നതിന് ഹൈക്കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സർക്കാർ സ്കൂളുകളിലെ ചില ഒഴിവുകളിലാണ് ഇപ്പോൾ സംരക്ഷിതാധ്യാപകർക്ക് താൽക്കാലികമായി പുനർവിന്യാസം നൽകിയിരിക്കുന്നത്. പിഎസ്‌സി ലിസ്റ്റില്ലാത്ത ഒഴിവുകളിലും ഹെഡ് ടീച്ചർ ഒഴിവുകളിലും 

പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കു പദ്ധതി നിർവഹണ ചുമതല നൽകിയിട്ടുള്ള സ്കൂളുകളിൽ അവരുടെ ക്ലാസ് കൈകാര്യം ചെയ്യാനുമാണ് ഇപ്പോൾ പുനർവിന്യാസം നടത്തിയിരിക്കുന്നത്. പിഎസ്‌സി ലിസ്റ്റ് ഇല്ലാത്ത വിഷയങ്ങളിലെ ഒഴിവുകളിൽ താൽക്കാലികമായി പുനർവിന്യസിച്ചിരിക്കുന്ന അധ്യാപകരെ ജില്ലയിൽ പിഎസ്‌സി ലിസ്റ്റ് പ്രസിദ്ധീകരിച്ചാലുടൻ പിൻവലിക്കണമെന്നും പ്രസ്തുത താൽക്കാലിക പുനർവിന്യാസം മൂലം ഒഴിവുകൾ പിഎസ്‌സി ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടാകരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കു കർശന നിർദേശം നൽകിയിട്ടുണ്ട്.

മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നതിനു ശേഷമുള്ള ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തുന്നത്.  നിപ്പ പനിബാധ, മഴ തുടങ്ങിയ കാരണങ്ങളാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ആറാം പ്രവൃത്തി ദിനം ജൂൺ 20 വരെ നീണ്ടു. എന്നിട്ടും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തസ്തിക നിർണയം നിർദിഷ്ട സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ഈ ജില്ലകളിലും കഴിഞ്ഞു. ഇതിനായി പ്രയത്നിച്ച മുഴുവൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും വിദ്യാഭ്യാസ വകുപ്പു മന്ത്രി അഭിനന്ദിച്ചു.