Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ ലോക്സഭാ എംപിയുൾപ്പെടെ നാലുപേർക്ക് രാജ്യസഭയിലേക്ക് നാമനിർദേശം

Rajya Sabha രാജ്യസഭാ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ മുൻ ലോക്സഭ എംപി രാം ഷക്കൽ ഉൾപ്പെടെ നാലു പേരെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. ആർഎസ്എസ് ആഭിമുഖ്യമുള്ള രാകേഷ് സിന്‍ഹ, ശാസ്ത്രീയ നർത്തകി സൊണാൽ മാൻസിങ്, പ്രശസ്ത ശില്പി രഘുനാഥ് മഹാപത്ര എന്നിവരാണു മറ്റു മൂന്നു പേർ. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശപ്രകാരമാണ് രാഷ്ട്രപതിയുടെ നടപടി.

രാം ഷക്കൽ

ഉത്തർപ്രദേശിൽനിന്നുള്ള കർഷക നേതാവായ റാം ശകൽ, റോബർട്ടസ്ഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിച്ചു മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. യുപിയിലെ ദലിതു വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റാം, തൊഴിലാളികൾക്കിടയിലും കുടിയേറ്റക്കാർക്കിടയിലും പ്രിയങ്കരനാണ്.

രാകേഷ് സിൻഹ

ഡല്‍ഹി സർവകലാശാലയിലെ മോട്ടിലാൽ നെഹ്റു കോളജിലെ പ്രഫസറായ രാകേഷ് സിൻഹ അറിയപ്പെടുന്ന എഴുത്തുകാരനുംകൂടിയാണ്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഇന്ത്യൻ പോളിസി ഫൗണ്ടേഷന്റെ’ സ്ഥാപകനും ഡയറക്ടറുമായ അദ്ദേഹം നിലവിൽ, ഇന്ത്യൻ കൗണ്‍സിൽ ഓഫ് സോഷ്യല്‍ സയൻസ് റിസേർച്ചിൽ അംഗമാണ്.

സൊണാൽ മാൻസിങ്

പ്രമുഖ ശാസ്ത്രീയ നർത്തകിയും സാമൂഹ്യ പ്രവർത്തകയും. 60 വർഷത്തിലധികമായി നൃത്തരംഗത്തു പ്രവർത്തിക്കുന്ന സോനൽ നൃത്താധ്യാപിക, നൃത്തസംവിധായക എന്നീ നിലകളിലും പ്രശസ്തയാണ്. 1977–ൽ ശാസ്ത്രീയ നൃത്തം പരിശീലിപ്പിക്കുന്നതിനായി, ‘ശാസ്ത്രീയ നൃത്ത കേന്ദ്രം’ ‍ഡൽഹിയിൽ സ്ഥാപിച്ചു.

രഘുനാഥ് മഹാപത്ര

രാജ്യാന്തര തലത്തിൽ പ്രശസ്തനായ ശില്പി രഘുനാഥ് മഹാപത്ര പുരാതനമായ ശില്പങ്ങളും സ്മാരകങ്ങളും പരിപാലിക്കുന്നതിന് ഒട്ടേറെ സംഭാവനകൾ നൽകി. പുരി ജഗനാഥ ക്ഷേത്ര നവീകരണത്തിൽ മുഖ്യ പങ്കു വഹിച്ചു, പാർലമെന്റിൽ സ്ഥപിച്ചിരിക്കുന്ന സൂര്യ ഭഗവാന്റെ ആറടി നീളമുള്ള പ്രതിമ, പാരിസ് ബുദ്ധ ക്ഷേത്രത്തിലെ ബുദ്ധ പ്രതിമ തുടങ്ങിയവയാണ് പ്രധാന ശില്പങ്ങൾ.

related stories