Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: ശശി തരൂർ ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി

shashi-tharoor-1

കൊൽക്കത്ത∙ വിവാദമായ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിൽ നേരിട്ടു ഹാജരാകണമെന്ന് കോൺഗ്രസ് എംപി ശശി തരൂരിനോട് കൊൽക്കത്ത ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി അഭിഭാഷകനായ സുമീത് ചൗധരി നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി.

അടുത്ത മാസം 14ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന. ഈ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു.

എന്നാൽ, താൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് തരൂരിന്റെ നിലപാട്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത്. – തരൂർ പറഞ്ഞു. പരാമർശത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു.