Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണത്തിലെത്തിച്ചത് രാജ്യത്തിന്റെ സ്നേഹം; ലക്ഷ്യം ഏഷ്യൻ ഗെയിംസിലെ സ്വർണം: ഹിമ ദാസ്

Hima-Das ലോക അണ്ടർ – 20 അത്‌ലറ്റിക്സിൽ സ്വർണം നേടിയ ഹിമ ദാസിന്റെ ആഹ്ലാദം

ഫിൻലൻഡ്∙ രാജ്യം നല്‍കിയ സ്നേഹമാണ് തന്നെ സ്വര്‍ണനേട്ടത്തിലെത്തിച്ചതെന്ന് ലോക അണ്ടർ – 20 അത്‌ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ ഹിമ ദാസ്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടമാണു തന്റെ ലക്ഷ്യമെന്നും ഹിമ മനോരമ ന്യൂസിനോടു പറഞ്ഞു. ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായി ട്രാക്ക് ഇനത്തിൽ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിത്തന്ന താരമാണു ഹിമ ദാസ്.

രാജ്യം നല്‍കിയ സ്നേഹത്തിനു പ്രത്യേക നന്ദി. റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ച് അറിയാതെയാണു വിജയത്തിലേക്കു കുതിച്ചെത്തിയത്. പ്രത്യേക പരിശീലനം നടത്തിയിരുന്നില്ല. അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കിയ പിന്തുണ മികച്ചതായിരുന്നെന്നും ഹിമ വ്യക്തമാക്കി. സ്വര്‍ണനേട്ടത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ മാധ്യമത്തില്‍ ഹിമയുടെ പ്രതികരണമെത്തുന്നത്.

400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ഹിമ മാറിയത്. അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വർണത്തിലേക്കെത്തിയത്. ആദ്യ റൗണ്ട് ഹീറ്റ്സ് 52.25 സെക്കൻഡിൽ പൂർത്തിയാക്കിയ ഹിമ, സെമിയിൽ 52.10 െസക്കൻഡിൽ ഓടിയെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ, ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ ഹിമ മൽസരിച്ചിരുന്നു. എന്നാൽ, 51.32 സെക്കൻഡിൽ ഓടിയെത്തിയ ഹിമയ്ക്ക് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.