Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐക്യം തെളിയിക്കാൻ പ്രതിപക്ഷം; നേരിടാനൊരുങ്ങി കേന്ദ്രസർക്കാർ

PTI12_2_2016_000108B

ന്യൂഡൽഹി∙ ബജറ്റ് സമ്മേളനത്തിലുടനീളം ലോക്സഭയെ ഇളക്കിമറിച്ച അവിശ്വാസ പ്രമേയ അവതരണാനുമതി ആവശ്യത്തിനു മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ തീർപ്പുകൽപിച്ച് സ്പീക്കറുടെ നീക്കം. പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യത്തിനു സ്പീക്കർ സുമിത്ര മഹാജൻ പച്ചക്കൊടി കാണിക്കുകയായിരുന്നു. ഐക്യം തെളിയിക്കാനുള്ള വേദിയായി പ്രതിപക്ഷം ഈ അവസരത്തെ കാണുമ്പോൾ ആത്മവിശ്വാസത്തോടെ നേരിടാനാണു സർക്കാരിന്റെ തീരുമാനം.

അവിശ്വാസം അതിജീവിക്കാനുള്ള അംഗസംഖ്യയുള്ള സ്ഥിതിക്കു പ്രതിപക്ഷത്തെ നേരിടാനുറച്ചാണു ഭരണപക്ഷം ഇന്നലെ സമ്മേളനത്തിനെത്തിയത്. സഭയുടെ വിശ്വാസം നേടാൻ സർക്കാർ പൂർണസജ്ജമാണെന്നു പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ വ്യക്തമാക്കി. പ്രമേയം വിജയിപ്പിക്കാനുള്ള അംഗസംഖ്യയില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തിന് അടിത്തറ പാകാനുള്ള അവസരമാകും പ്രമേയമെന്നു കോൺഗ്രസ് വിലയിരുത്തി. കോൺഗ്രസ്, ടിഡിപി, സിപിഎം, സിപിഐ, തൃണമൂൽ, മുസ്‌ലിം ലീഗ്, ആർഎസ്പി, എൻസിപി എന്നീ പാർട്ടികൾ സംയുക്തമായാണു ചർച്ചയ്ക്കു നോട്ടിസ് നൽകിയത്.

സഭ ആരംഭിച്ചതിനു പിന്നാലെ നടുത്തളത്തിലിറങ്ങിയ ടിഡിപി, ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചു കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ആന്ധ്രാ വിഷയത്തിനൊപ്പം കർഷക ദുരിതം, സാമ്പത്തിക പ്രതിസന്ധി എന്നിവയും ഉന്നയിച്ച കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖർഗെ, പ്രവർത്തക സമിതിയംഗം കെ.സി.വേണുഗോപാൽ, പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), മുഹമ്മദ് സലിം (സിപിഎം), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവരും ശൂന്യവേളയിൽ വിഷയത്തിൽ നോട്ടിസ് നൽകി.

മമതയുടെ നിർദേശമെത്തി; തൃണമൂൽ അയഞ്ഞു

അവിശ്വാസ പ്രമേയ ചർച്ച നാളെ നടക്കുമെന്നു സ്പീക്കർ അറിയിച്ചതിനു പിന്നാലെ തീയതിമാറ്റം ആവശ്യപ്പെട്ടു തൃണമൂൽ എംപി ദിനേഷ് ത്രിവേദി രംഗത്തെത്തി. ശനിയാഴ്ച കൊൽക്കത്തയിൽ പാർട്ടിയുടെ വൻ പ്രകടനം നടക്കുന്നതിനാൽ എംപിമാർ നാളെ അവിടെയായിരിക്കുമെന്നും ചർച്ച തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നുമായിരുന്നു ആവശ്യം. ഏതെങ്കിലും കക്ഷിയുടെ ആവശ്യത്തിനനുസരിച്ചു തീയതി മാറ്റാനാവില്ലെന്നു സ്പീക്കർ അറിയിച്ചതോടെ തൃണമൂൽ എംപിമാർ ഇറങ്ങിപ്പോയി.

തുടർന്നു മമത ബാനർജിയുമായി ത്രിവേദി ഫോണിൽ ബന്ധപ്പെട്ടതോടെയാണു നിലപാടിൽ അയവു വന്നത്. ചർച്ചയിൽ പങ്കെടുക്കണമെന്നു മമത നിർദേശിച്ചതോടെ, നാളെ സഭയിൽ സന്നിഹിതരാകാൻ എംപിമാർക്കു തൃണമൂൽ വിപ്പ് നൽകി.

അനന്ത് കുമാർ (പാർലമെന്ററികാര്യ മന്ത്രി)

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ രാജ്യം പൂർണവിശ്വാസം അർപ്പിച്ചു കഴിഞ്ഞു. ലോക്സഭയിലെ അവിശ്വാസ പ്രമേയത്തെ നേരിടാൻ ഞങ്ങൾ തയാറാണ്.

കെ.സി.വേണുഗോപാൽ (കോൺഗ്രസ് പ്രവർത്തക സമിതിയംഗം)

കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. നാളെ സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്കു രൂപം നൽകാൻ ഇന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും.

related stories